ഇന്ത്യന്‍ കൗമാരതാരം ഡി.ഗുകേഷും ചൈനയുടെ ഡിങ് ലിറനും നേര്‍ക്കുനേരെത്തുന്ന ലോക ചെസ് ചാംപ്യന്‍ഷിപ്പിന് ഇന്ന് തുടക്കം. ആദ്യ മല്‍സരത്തില്‍ ഗുകേഷ് വെള്ളക്കരുക്കളുമായും ഡിങ് ലിറന്‍ കറുത്തകരുക്കളുമായും മല്‍സരിക്കും. സിംഗപ്പുരില്‍ ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് മല്‍സരം തുടങ്ങും.
'ഒരു കൊടുങ്കാറ്റ് ഉള്ളിൽ കൊണ്ടു നടക്കുന്ന ശാന്തൻ' എന്നാണ് ചൈനീസ് താരം ഡിങ് ലിറനുള്ള വിശേഷണം. ചതുരംഗക്കളിയിലെ ചൈനീസ് കൊടുങ്കാറ്റിനെ കീഴടക്കാന്‍ ഒരുങ്ങിനില്‍ക്കുന്നത് 18 വയസ് മാത്രം പ്രായമുള്ള തമിഴ്നാട്ടുകാരന്‍ ദൊമ്മരാജു ഗുകേഷ് എന്ന ഡി.ഗുകേഷ്. ലോക ചാംപ്യന്‍റെ എതിരാളിയെ കണ്ടെത്താനുള്ള കാൻഡിഡേറ്റ്സ് ടൂർണമെന്‍റ് വിജയിച്ചാണ് ഗുകേഷ് ഫൈനലിനു യോഗ്യത നേടിയത്. ചാംപ്യനായാൽ ഈ നേട്ടം കൈവരിക്കുന്ന ചരിത്രത്തിലെ പ്രായം കുറഞ്ഞ താരമാകും ഗുകേഷ്.
വിജയത്തിന് ഒരു പോയിന്‍റും സമനിലയ്ക്ക് അര പോയിന്‍റുമാണ് ലഭിക്കുക. ആദ്യം 7.5 പോയിന്‍റ് നേടുന്നയാൾ ജേതാവാകും. 14 ഗെയിമുകൾക്കു ശേഷവും പോയിന്‍റിൽ തുല്യനില തുടർന്നാൽ ടൈബ്രേക്ക് മത്സരങ്ങൾ നടക്കും. നിലവിലെ ഫോം അനുസരിച്ച് 14 ക്ലാസിക്കൽ ഗെയിമുകളിൽ കളി തീർന്നാൽ മുൻതൂക്കം ഗുകേഷിനു തന്നെയാകും. എന്നാൽ, ഗുകേഷിനെ പിടിച്ചുകെട്ടി കളി ടൈബ്രേക്കിലേക്കു നീട്ടിയാൽ ഡിങ്ങിനു സാധ്യതയേറും.