ഡ്രസ് കോഡ് ലംഘിച്ചതിന് മുൻ ലോക ചാംപ്യൻ മാഗ്നസ് കാൾസണെ ലോക റാപ്പിഡ് ആൻഡ് ബ്ലിറ്റ്സ് ചെസ് ചാമ്പ്യൻഷിപ്പിൽ നിന്ന് വിലക്കി ഫിഡെ. ആദ്യം പിഴയിട്ട് ജീന്‍സ് മാറ്റിവരാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കാള്‍സണ്‍ ഇതിന് വിസമ്മതിച്ചതോടെയാണ് നിലവിലെ ചാമ്പ്യനായ കാൾസനെ അയോഗ്യനാക്കിയത്.
വെള്ളിയാഴ്ച ന്യൂയോർക്കിലെ വേദിയിലാണ് കാൾസണ്‍ ജീന്‍സ് ധരിച്ചെത്തിയത്. ടൂർണമെന്‍റ് നിയമപ്രകാരം കളിക്കാര്‍ക്ക് ജീന്‍സ് പാടില്ല. കാള്‍സണ്‍ ജീന്‍സ് ധരിച്ചെത്തിയതിന് 200 യുഎസ് ഡോളർ പിഴയിട്ടു. വസ്ത്രം മാറിവരാന്‍ ചീഫ് ആർബിറ്റർ അലക്സ് ഹോളോവ്സാക്ക് നിർദ്ദേശിച്ചപ്പോള്‍ കാൾസണ്‍ എതിര്‍ത്തു. ഇതോടെ വാൾ സ്ട്രീറ്റിൽ നടന്ന ടൂർണമെന്‍റിന്‍റെ ഒന്‍പതാം റൗണ്ടിൽ താരത്തെ അയോഗ്യനാക്കി.
‘പ്രഫഷണൽ കളിക്കാരും വിദഗ്ധരും അടങ്ങുന്ന ഫിഡെ അത്‌ലറ്റ്‌സ് കമ്മീഷനിലെ അംഗങ്ങളാണ് ഡ്രസ് കോഡ് തയ്യാറാക്കിയത്. വർഷങ്ങളായി ഇത് പ്രാബല്യത്തിലുണ്ട്. എല്ലാ താരങ്ങള്‍ക്കും ഇതറിയാം’. ഓരോ ഇവന്‍റിനും മുന്‍പ് താരങ്ങളുമായി ഇക്കാര്യത്തില്‍ ആശയവിനിമയം നടത്താറുമുണ്ടെന്ന് ഫിഡെ വ്യക്തമാക്കി. തീരുമാനം നിഷ്പക്ഷമാണെന്നും എല്ലാ കളിക്കാർക്കും ബാധകമാണെന്നും ഫെഡറേഷന്‍ പറഞ്ഞു.
അതേസമയം, നടപടിയില്‍ പ്രകോപിതനായ കാൾസൺ ചാമ്പ്യൻഷിപ്പിന്‍റെ ബ്ലിറ്റ്സ് വിഭാഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചു. ഫിഡെയെ മടുത്തുവെന്നും നടപടി വിവേകശൂന്യമാണെന്നും കാള്‍സണ്‍ പ്രതികരിച്ചു. അടുത്തദിവസം ഡ്രസ് കോഡ് അനുസരിച്ച് വരാമെന്ന് പറഞ്ഞെങ്കിലും അവര്‍ അംഗീകരിച്ചില്ലെന്നാണ് കാള്‍സന്‍റെ വാദം. റഷ്യൻ ഗ്രാൻഡ് മാസ്റ്റർ ഇയാൻ നെപോംനിയാച്ചിയും ഡ്രസ് കോഡ് ലംഘനത്തിന് നേരത്തെ ശിക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം നിയമാനുസൃതമുള്ള വസ്ത്രം ധരിച്ചെത്തി മല്‍സരത്തില്‍ പങ്കെടുത്തു.