ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹലും പങ്കാളി ധനശ്രീ വർമ്മയും വേര്‍പിരിയുന്നുവെന്ന് റിപ്പോര്‍ട്ട്. ഇരുവരും നാല് വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കാൻ തീരുമാനമെടുത്തതായാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇരുവരും തമ്മില്‍ അകന്നു എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്ന് ലഭ്യമായ സൂചനകള്‍.
'വിവാഹമോചനം ഒഴിവാക്കാൻ സാധ്യതയില്ല. ഇത് എപ്പോൾ ഔദ്യോഗികമായി പ്രഖ്യാപിക്കും എന്ന കാര്യം മാത്രമാണ് ഇനി അവശേഷിക്കുന്നത്. വിവാഹമോചനത്തിനുള്ള കാരണം ഇനിയും വ്യക്തമല്ല. എന്തായാലും രണ്ടുപേരും വേർപിരിഞ്ഞ് താമസിക്കാൻ ഉറച്ചിരുന്നു,' എന്ന് ഇരുവരുമായി ചേർന്ന ഒരു വൃത്തത്തെ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ചഹലും ധനശ്രീയും ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തു കഴിഞ്ഞു. ഒന്നിച്ചുണ്ടായിരുന്നപ്പോൾ എടുത്ത ചിത്രങ്ങളും രണ്ടുപേരും സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കി. ഇരുവരും വിഷയത്തില്‍ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. ചഹലിന്‍റേയും ധനശ്രീയും ബന്ധത്തില്‍ വിള്ളലെന്ന വാര്‍ത്ത ഇതാദ്യമായല്ല പുറത്തുവരുന്നത്. രണ്ടു വർഷങ്ങൾക്ക് മുൻപ് തന്റെ പേരില്‍നിന്നും ചഹലിന്റെ പേര് ധനശ്രീ ഒഴിവാക്കിയിരുന്നു.
2020 ഡിസംബറിനായിരുന്നു നർത്തകിയും കൊറിയോഗ്രാഫറുമായ ധനശ്രീയെ ചഹല്‍ വിവാഹം ചെയ്തത്. ലോക്ക്ഡൊണ്‍ കാലത്തെ അടുപ്പം വിവാഹത്തിലേക്ക് എത്തുകയായിരുന്നു. ജലക് ദിഖലാജാ എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്ത ധനശ്രീക്ക് യുസ്‌വേന്ദ്ര ചഹൽ നൽകിയ പിന്തുണ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.