ഹിന്ദി രാഷ്ട്രഭാഷയല്ലെന്ന് മുന്‍ ക്രിക്കറ്റ് താരം ആര്‍. അശ്വിന്‍. ചെന്നൈയിലെ സ്വകാര്യ കോളജിലെ ചടങ്ങിലാണ് താരം ഇക്കാര്യം പറഞ്ഞത്. പ്രസ്താവന വിവാദമായതോടെ ഡിഎംകെ അശ്വിനെ പിന്തുണച്ച് രംഗത്തെത്തി. ബിജെപിയാണ് അശ്വിനെതിരെ വലിയ വിമര്‍ശനം ഉയര്‍ത്തുന്നത്. ബിരുദദാനച്ചടങ്ങിനുശേഷം വിദ്യാര്‍ഥികളുമായി സംവദിക്കുന്നതിനിടെയാണ്, കുട്ടികള്‍ക്ക് ഏത് ഭാഷയാണ് ആശയവിനിമയത്തിന് സൗകര്യമെന്ന് അശ്വിന്‍ ചോദിച്ചത്. ഇംഗ്ലീഷും തമിഴും ഹിന്ദിയും കേട്ടാല്‍ മനസിലാകുന്നവര്‍ കൈ ഉയര്‍ത്താന്‍ താരം ആവശ്യപ്പെട്ടു. ഇംഗ്ലീഷിനും തമിഴിനും കുട്ടികള്‍ ഉച്ചത്തില്‍ പ്രതികരിക്കുന്നുണ്ട്. ഹിന്ദിയുടെ കാര്യം ചോദിക്കുമ്പോള്‍ മൗനമായിരുന്നു മറുപടി. ഇതോടെയാണ് 'ഹിന്ദി രാഷ്ട്രഭാഷയല്ല, ഔദ്യോഗിക ഭാഷയാണെ'ന്ന് താരം വിശദീകരിച്ചത്. വലിയ സന്തോഷത്തോടെയാണ് തമിഴിലുള്ള ഈ മറുപടി കുട്ടികള്‍ സ്വീകരിച്ചത്.
അശ്വിനില്‍ നിന്ന് ഇങ്ങനെ പ്രതീക്ഷിച്ചില്ലെന്നായിരുന്നു സമൂഹമാധ്യമങ്ങളില്‍ വിമര്‍ശകരുടെ നിലപാട്. എത്ര ഭാഷകള്‍ പഠിച്ചാലും നല്ലതാണ്. ഏത് ഭാഷയാണെങ്കിലും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പരിഭാഷപ്പെടുത്താം. ഇങ്ങനെ വിവാദങ്ങളുണ്ടാക്കരുതെന്നും ആരാധകരിലൊരാള്‍ കുറിച്ചു. അശ്വിന്‍റെ പ്രസ്താവന രാഷ്ട്രീയപ്രവേശത്തിനുള്ള നീക്കമാണെന്ന് വാദിക്കുന്നവരുമുണ്ട്. വാര്‍ത്തകളില്‍ നിറയാനുള്ള ഗിമ്മിക്കാണെന്ന് പറയുന്നവരുമുണ്ട്.
താന്‍ ഒരിക്കലും ക്യാപ്റ്റനാകാന്‍ ആഗ്രഹിച്ചിട്ടില്ലെന്ന് അശ്വിന്‍ കുട്ടികളോട് തുറന്നുപറഞ്ഞു. 'എന്നാല്‍ എന്നെക്കൊണ്ട് ഒരു കാര്യം ചെയ്യാന്‍ പറ്റില്ലെന്ന് പറയുമ്പോള്‍ ആ ധാരണ തിരുത്തിക്കാണിച്ചിട്ടുണ്ട്. മറിച്ചാകുമ്പോള്‍ താല്‍പര്യം നഷ്ടപ്പെടും.' – അശ്വിന്‍ വെളിപ്പെടുത്തി. ബോര്‍ഡര്‍–ഗവാസ്കര്‍ പരമ്പരയ്ക്കിടെ മൂന്നാം ടെസ്റ്റിലാണ് അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. എല്ലാ ഫോര്‍മാറ്റിലും ഏറ്റവുമധികം വിക്കറ്റ് (537) നേടിയ രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡോടെയാണ് അശ്വിന്‍ കരിയര്‍ അവസാനിപ്പിച്ചത്. അനില്‍ കുംബ്ലെയാണ് വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമന്‍.