13 വര്‍ഷത്തിനു ശേഷം റേസിങ് ട്രാക്കിലെ തിരിച്ചുവരവ് ഗംഭീരമാക്കി തമിഴ് സൂപ്പര്‍താരം അജിത് കുമാര്‍. 24 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന 24 എച്ച് ദുബായ് 2025 എന്ന കാറോട്ട മത്സരത്തില്‍ അജിത് കുമാർ റേസിംഗ് ഡ്രൈവറായ ബൈ ബാസ് കോറ്റന് മൂന്നാം സ്ഥാനം. അജിത്തിന്‍റെ മാനേജർ സുരേഷ് ചന്ദ്ര സമൂഹമാധ്യമമായ എക്‌സിലാണ് ഈ വിവരം പുറത്തുവിട്ടത്. ജിടി 4 വിഭാഗത്തിൽ സ്പിരിറ്റ് ഓഫ് ദി റേസ് അംഗീകാരവും അജിത്തിന് ലഭിച്ചു.
അജിത്തിന്റെ മല്‍സരം നേരില്‍ കാണാനായി ഭാര്യയും നടിയുമായ ശാലിനിയും മകള്‍ അനൗഷ്‌കയും ദുബായിലെത്തിയിരുന്നു. ഒപ്പം അജിത്തിന്റെ അടുത്ത സുഹൃത്തും നടനുമായ മാധവനും അജിത്തിന്‍റെ ചിത്രം ഗുഡ് ബാഡ് അഗ്ലിയുടെ സംവിധായകന്‍ ആദിക് രവിചന്ദ്രനും മല്‍സരം കാണാന്‍ എത്തിയിരുന്നു. അജിത്തിന്റെ വിജയത്തിന് പിന്നാലെ അഭിനന്ദനം അറിയിച്ച് മാധവന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചു. 'നിങ്ങളെ കുറിച്ചോര്‍ത്ത് എനിക്ക് അഭിമാനമാണ്. എന്തൊരു മനുഷ്യനാണ് നിങ്ങള്‍. ഒരേയൊരു അജിത് കുമാര്‍' എന്നാണ് മാധവന്‍ കുറിച്ചത്.
അജിത്തിന്‍റെ വിഡിയോ പങ്കുവച്ച് ആദിക് രവിചന്ദ്രനും അഭിനന്ദനവുമായി രംഗത്തെത്തി. റേസിന് ശേഷം പുരസ്കാരം വാങ്ങുന്ന വീഡിയോ പോസ്റ്റ് ചെയ്ത് അജിത്തിന്‍റെ നേട്ടം രാജ്യത്തിന് അഭിമാനം എന്നാണ് ആദിക് കുറിച്ചത്.
നേരത്തേ റേസിങ് പരിശീലനത്തിനിടെ അജിത്തിന്റെ കാര്‍ അപകടത്തില്‍പെട്ടിരുന്നു. ക്ലിപ്പിൽ അതിവേഗം പാഞ്ഞ കാർ റേസ് ട്രാക്കിന്‍റെ സൈഡ് സേഫ്റ്റി ഗാർഡിലേക്ക് ഇടിച്ച് കറങ്ങുകയായിരുന്നു. എന്നാൽ സംഭവത്തിൽ നിന്ന് പരിക്കേൽക്കാതെ അജിത്ത് രക്ഷപ്പെട്ടിരുന്നു. അപകടത്തിന് ശേഷം അജിത്ത് കുമാറിന്‍റെയും ടീമിന്‍റെയും ശക്തമായ തിരിച്ചുവരവുകൂടിയായി ട്രാക്കില്‍ നേടിയ വിജയം.