അര്‍ജന്‍റീന ഫുട്ബോള്‍ ഇതിഹാസം മെസിയുടെ കളികാണാനിരിക്കുന്ന കേരളത്തിലെ സ്പോര്‍ട്സ് ഹോസ്റ്റലുകളില്‍ കായികതാരങ്ങള്‍ക്ക് മെസ്സിന് തുകയില്ല. പതിനൊന്നുമാസമായി മെസ് കുടിശികയാണെന്ന് യുവതാരങ്ങള്‍. തങ്ങളെ പട്ടിണിക്കിടരുതെന്ന് ആവശ്യപ്പെട്ട് സ്പോര്‍ട്സ് ഹോസ്റ്റലുകളിലെ കായിക താരങ്ങള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരത്തിനെത്തി.
ആഹാരത്തിനുള്ള തുക അനുവദിച്ചുകിട്ടാനുള്ള മുറവിളിയാണ് കായികതാരങ്ങളുടേത്. സെക്രട്ടേറിയറ്റിന് മുന്നില്‍ അവര്‍ പ്രശ്നങ്ങള്‍ പറഞ്ഞു. ഭക്ഷണത്തുക കുടിശികയായിട്ടും പട്ടിണിയാകാതിരിക്കുന്നത് മാനേജ്മെന്‍റുകളുടെ കരുണയാല്‍. ജൂണ്‍-ജൂലൈ മാസത്തെ കുടിശിക അനുവദിച്ചെന്ന് സ്പോര്‍ട്സ് കൗണ്‍സില്‍. മെസി വരട്ടെ നല്ലതുതന്നെ. അതിന് പണം സമാഹരിക്കാന്‍ കാണിക്കുന്ന ഉല്‍സാഹത്തിന്‍റെ ഒരുതരി മെസ്സിനുവേണ്ടിക്കൂടി കാണിച്ചെങ്കിലെന്ന് ആശിക്കുകയാണ് ഇവര്‍.