മുപ്പത്തിയെട്ടാമത് ദേശീയ ഗെയിംസിന് ഇന്ന് ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ തുടക്കമാകും. രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. അന്തരീക്ഷ താപനില നന്നേകുറവാണെങ്കിലും ആവേശത്തിന് ഒട്ടും കുറവില്ല ഡെറാഡൂണില്‍. രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഉദ്ഘാടനച്ചടങ്ങുകള്‍.
ഇരുപതിലേറെ സ്റ്റേഡിയങ്ങളിലായി 32 മല്‍സര ഇനങ്ങളും 4 പ്രദര്‍ശന ഇനങ്ങളും അരങ്ങേറും. കായികതാരങ്ങളും പരിശീലകരും അടക്കം പതിനായിരത്തോളം പേര് ഗെയിംസ് വില്ലേജിലെത്തും. ട്രയാത്തലണ്‍ മല്‍സരങ്ങള്‍ 26 ന് തന്നെ തുടങ്ങി. ഇന്ന് ബാസ്ക്കറ്റ് ബോളും ഖൊ ഖൊയുമാണുള്ളത്.
ആദ്യദിനം മല്‍സരത്തിനിറങ്ങുന്ന കേരള വനിതാ ബാസ്കറ്റ് ബോള്‍ ടീം കഴിഞ്ഞദിവസം ഡെറാഡൂണിലെത്തി. തണുത്തുറഞ്ഞ കാലവസ്ഥയോട് പൊരുത്തപ്പെടാന്‍ പലരും പ്രയാസപ്പെടുന്നുണ്ട്. പരാതികളില്ലാതെ ഗെയിംസ് നടത്താനാണ് സംസ്ഥാന സര്‍ക്കാരിന്റെയും സംഘാടകരായ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെയും ശ്രമം.
മുഖ്യമന്ത്രി പുഷ്കര്‍സിങ് ധാമി ഇന്നലെ അവലോകനയോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തി. ഐ.ഒ.എ അധ്യക്ഷ പി.ടി.ഉഷയും ഡെറാഡൂണിലുണ്ട്.