ആരാധകര്‍ ''തല'' എന്ന് വിശേഷിപ്പിക്കുന്ന സാക്ഷാല്‍ എം.എസ്.ധോണി ഇപ്പോളും ഐപിഎല്ലില്‍ ട്രെന്‍ഡിങ് താരമാണ്. തല റണ്‍ അടിച്ചാലും ഇല്ലെങ്കിലും മിന്നല്‍ സ്റ്റംപിങ് അടക്കമുള്ള ''സ്വാഗ്'' വേര്‍ഷന്‍ റീല്‍സും മാസുമായി ആരാധകര്‍ ആഘോഷിക്കും. ഇതിനെല്ലാം ഇടയിലാണ് ഇപ്പോള്‍ ധോണി ആപ്പിന്‍റെ വരവ്. കഴിഞ്ഞദിവസം ഈ ആപ്പിലൂടെ താരത്തിന്‍റെ ഇതുവരെ കേട്ടിട്ടില്ലാത്ത ജീവിതത്തിലെ ചില മുഹൂര്‍ത്തങ്ങള്‍ പുറത്തുവന്നു.
ധോണി തന്നെ ജീവിതകഥ പറയുന്ന പോഡ്‌കാസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആണ്. വെള്ളിയാഴ്ച രാത്രിയാണ് ആദ്യ പോഡ്കാസ്റ്റ് പുറത്തുവന്നത്. ക്രിക്കറ്റിന് അപ്പുറമുള്ള തന്‍റെ ജീവിതത്തിന്‍റെ ഏടുകള്‍, സംരംഭക ജീവിതം, പരാജയങ്ങള്‍, പ്രതിസന്ധികള്‍, ഇപ്പോഴും തന്നെ നയിക്കുന്ന ക്രിക്കറ്റ് അഭിനിവേശം അങ്ങനെ എല്ലാം തല തുറന്നുപറയുകയാണ്. റാഞ്ചിയിലെ ചെറിയ ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന കഥയും റെയില്‍വേയിലെ തന്‍റെ ജോലിക്കാലവും പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ പദവിയിലേക്കുള്ള ദീര്‍ഘമായ യാത്രയും ഇതില്‍ വിവരിക്കുന്നു.
മലയാളി സംരംഭകനും അഭിഭാഷകനുമായ സുഭാഷ് മാനുവലിന്‍റെ നേതൃത്വത്തിലുള്ള സിംഗിള്‍ ഐഡിയാണ് ധോണി ഫാന്‍സിനായി ഈ ആപ്പ് പുറത്തിറക്കിയത്. ധോണിയുടെ എക്സ്ക്ലുസിവ് ചിത്രങ്ങളും വിഡിയോകളും ഈ പ്ലാറ്റ്ഫോമില്‍ ലഭിക്കും. മലയാളി താരം സഞ്ജു സാംസണ്‍ പങ്കെടുത്ത ചടങ്ങിലാണ് മുംബൈയില്‍ വച്ച് നേരത്തെ ഈ ആപ്പിന്‍റെ പ്രകാശന ചടങ്ങ് നടന്നത്.