ആന്‍ഫീല്‍ഡില്‍ നിന്ന് പ്രിയപ്പെട്ട പരിശീലകന്‍ വിടപറയുന്നതിന്റെ വീര്‍പ്പുമുട്ടലിലാണ് ലിവര്‍പൂള്‍ ആരാധകര്‍. ലിവര്‍പൂളിനൊപ്പമുള്ള അവസാന മല്‍സരത്തിനൊരുങ്ങി ക്ലോപ്പ് നില്‍ക്കുമ്പോള്‍ പരിഹാസവുമായി മാധ്യമപ്രവര്‍ത്തകന്‍ പിയേഴ്സ് മോര്‍ഗന്‍. എട്ട് വര്‍ഷത്തിനിടെ ഒരു പ്രീമിയര്‍ ലീഗ് കിരീടം നേടിയത് കൊണ്ട് പ്രീമിയര്‍ ലീഗ് ഗ്രേറ്റ് ആവില്ലെന്നാണ് പിയേഴ്സ് മോര്‍ഗന്റെ വാക്കുകള്‍. 

30 വര്‍ഷത്തെ ലിവര്‍പൂളിന്റെ കിരീടത്തിനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ചാണ് 2019-20 സീസണില്‍ ക്ലോപ്പ് ലിവര്‍പൂളിനെ പ്രീമിയര്‍ ലീഗ് കിരീടം ചൂടിച്ചത്. 14 വര്‍ഷത്തിന് ശേഷം ചാംപ്യന്‍സ് ലീഗ് കിരീടം എന്ന സ്വപ്നത്തിലേക്കും ലിവര്‍പൂളിനെ ക്ലോപ്പ് എത്തിച്ചു. എന്നാല്‍ പ്രീമിയര്‍ ലീഗിലെ മഹാനായ പരിശീലകരുടെ കൂട്ടത്തിലേക്ക് ക്ലോപ്പിന്റെ പേര് എഴുതിച്ചേര്‍ക്കാനാവില്ലെന്നാണ് മോര്‍ഗന്റെ വാക്കുകള്‍. 

ലിവര്‍പൂള്‍ വിട്ടാല്‍ പ്രീമിയര്‍ ലീഗിലേക്ക് തിരികെ വരില്ലെന്ന് ക്ലോപ്പ് വ്യക്തമാക്കി കഴിഞ്ഞു. ഇംഗ്ലണ്ടിലെ എന്റെ സമയം അവസാനിച്ചിരിക്കുന്നു. കാരണം ഞാന്‍ ഇവിടെ മറ്റൊരു ടീമിനെ പരിശീലിപ്പിക്കാനായി എത്തില്ല. പ്രീമിയര്‍ ലീഗില്‍ എന്റെ സമയം അവസാനിച്ചിരിക്കുന്നു. വീണ്ടും പരിശീലകനായാലും ഇവിടേക്ക് എത്തില്ല, ക്ലോപ്പ് പറയുന്നു. 

488 മത്സരങ്ങളിലാണ് ക്ലോപ്പ് ലിവര്‍പൂളിനൊപ്പമുണ്ടായത്. 303 ജയങ്ങള്‍ തൊട്ടപ്പോള്‍ 100 കളികള്‍ തോറ്റു. 85 മത്സരങ്ങള്‍ സമനിലയിലായി. 60.8 ആണ് വിജയ ശതമാനം. 2022 ഓഗസ്റ്റില്‍ ബേണ്‍മൗത്തിനെതിരെ എതിരില്ലാത്ത 9 ഗോളിന് ജയിച്ചതായിരുന്നു ഗോള്‍ മാര്‍ജിനിലെ ലിവര്‍പൂളിന്റെ ഉയര്‍ന്ന വിജയം. കൂറ്റന്‍ തോല്‍വിയിലേക്ക് വീണത് 2020 ഒക്ടോബറില്‍ ആസ്റ്റണ്‍ വില്ലക്കെതിരെ. 7-2നായിരുന്നു വീണത്. ക്ലോപ്പിന് കീഴില്‍ ലിവര്‍പൂളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്കോര്‍ ചെയ്ത് താരം മുഹമ്മദ് സലയാണ്. 

ENGLISH SUMMARY:

Piers Morgan takes sly dig at Klopp