ന്യൂസീലന്‍ഡിന് എതിരെ ടെസ്റ്റ് പരമ്പര നഷ്ടപ്പെട്ടതിന് പിന്നാലെ രൂക്ഷ വിമര്‍ശനങ്ങളാണ് ഇന്ത്യന്‍ ടീമിന് നേരെ വരുന്നത്. പൂണെ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ സെഞ്ചറി നേടിയ സര്‍ഫറാസ് ഖാനെ രണ്ടാം ഇന്നിങ്സില്‍ ഏഴാമതായി ബാറ്റിങ്ങിന് ഇറക്കിയ നീക്കമാണ് വിമര്‍ശകര്‍ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.
സര്‍ഫറാസ് ഖാന് മുന്‍പേ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെ ഇന്ത്യ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇത്തരം നീക്കങ്ങള്‍ സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു എന്ന് ഇന്ത്യന്‍ മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു. 'വിചിത്രമായ നീക്കമായിരുന്നു അത്. ഇത്തരം തീരുമാനങ്ങളെടുക്കുമ്പോള്‍ രോഹിത് ശര്‍മ ശ്രദ്ധിക്കണം. ട്വന്റി20 ക്രിക്കറ്റിലേത് പോലെയുള്ള തീരുമാനങ്ങള്‍ പറ്റില്ല', സഞ്ജയ് മഞ്ജരേക്കര്‍ പറയുന്നു.
പുണെ ടെസ്റ്റില്‍ ടോസ് നേടിയ ന്യൂസീലന്‍ഡ് ഡെവോണ്‍ കോണ്‍വേയുടേയും രചിന്‍ രവീന്ദ്രയുടേയും അര്‍ധ ശതകത്തിന്റെ ബലത്തിലാണ് ഒന്നാം ഇന്നിങ്സില്‍ പിടിച്ചുനിന്നത്. കോണ്‍വേ 141 പന്തില്‍ നിന്ന് 76 റണ്‍സും രചിന്‍ 105 പന്തില്‍ നിന്ന് 65 റണ്‍സും നേടി. 197-3 എന്ന ശക്തമായ നിലയിലായിരുന്നു ന്യൂസീലന്‍ഡ് എങ്കിലും കോണ്‍വേയുടെ വിക്കറ്റ് വീണതിന് പിന്നാലെ വാഷിങ്ടണ്‍ സുന്ദര്‍ 7 വിക്കറ്റ് പിഴുത് സന്ദര്‍ശകരെ തകര്‍ത്തിട്ടു.
ന്യൂസിലന്‍ഡിന്റെ സ്കോര്‍ മറികടന്ന് ഒന്നാം ഇന്നിങ്സ് ലീഡ് കണ്ടെത്താനുള്ള അവസരം ഇന്ത്യക്ക് മുന്‍പിലുണ്ടായിരുന്നു എങ്കിലും ഇന്ത്യന്‍ ബാറ്റിങ് നിര പൊരുതാന്‍ നില്‍ക്കാതെ മടങ്ങി. രോഹിത് പൂജ്യത്തിന് മടങ്ങിയപ്പോള്‍ 72 പന്തില്‍ നിന്ന് 30 റണ്‍സുമായി ഗില്‍ മടങ്ങി. യശസ്വി 30 പന്തില്‍ നിന്ന് 60 റണ്‍സ് എടുത്തു. ഗ്ലെന്‍ ഫിലിപ്സ് ഏഴ് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ 156 റണ്‍സിന് ഇന്ത്യന്‍ ഇന്നിങ്സ് അവസാനിച്ചു.
103 റണ്‍സ് ലീഡോടെ രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ ന്യൂസീലന്‍ഡിന് ക്യാപ്റ്റന്‍ ടോം ലാതമിന്റെ 86 റണ്‍സ് ഇന്നിങ്സ് തുണയായി. ഫിലിപ്സ് 48 റണ്‍സ് നേടി. ടോം ബ്ലന്‍ഡെല്‍ 41 റണ്‍സും. ഇതോടെ ഇന്ത്യക്ക് ജയിക്കാന്‍ 359 റണ്‍സ് വേണമെന്നായി. ചെയ്സ് ചെയ്ത ഇന്ത്യക്കായി യശസ്വി ജയ്സ്വാളും ഗില്ലും ചേര്‍ന്ന് 62 റണ്‍സ് കൂട്ടുകെട്ട് ഉയര്‍ത്തി പ്രതീക്ഷ നല്‍കി. എന്നാല്‍ 77 റണ്‍സ് എടുത്ത ജയ്സ്വാളിന് മാത്രമേ ഇന്ത്യന്‍ നിരയില്‍ സ്കോര്‍ ഉയര്‍ത്താന്‍ സാധിച്ചുള്ളു.