മോശം  പ്രകടനം തുടരുന്ന ശുഭ്മന്‍ഗില്ലിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ താരങ്ങള്‍. ഇന്ത്യന്‍ ടീമിന്‍റെ ക്യാപ്റ്റനാകാനുള്ള ആഗ്രഹമെല്ലാം നല്ലതാണെന്നും എന്നാല്‍ പ്രകടനം മെച്ചപ്പെടുത്തുകയും ടീമില്‍ ഇടം കിട്ടുമോയെന്നത് ഉറപ്പാക്കുകയും വേണമെന്നാണ് ഗില്ലിനെ പരിഹസിച്ച് മുന്‍ താരമായ സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞത്.  ഗംഭീര്‍ കോച്ചായി ചുമതലയേറ്റ ശേഷം ഏകദിനത്തിലും ട്വന്‍റി20യിലും ഗില്‍ ആയിരുന്നു വൈസ് ക്യാപ്റ്റന്‍. ചാംപ്യന്‍സ് ട്രോഫിക്ക് മാസങ്ങള്‍ ശേഷിക്കെ ഗില്ലിന് പകരം ബുംറയെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ പരുക്കിന്‍റെ പിടിയിലുള്ള ബുംറ ഫിറ്റ്നസ് വീണ്ടെടുത്താല്‍ ഗില്ലിന്‍റെ വൈസ് ക്യാപ്റ്റന്‍ പദവി തെറിക്കുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.  

ബോര്‍ഡര്‍–ഗവാസ്കര്‍ പരമ്പരയിലെ അവസാന ടെസ്റ്റായ സിഡ്നിയില്‍ ഗില്‍ ക്യാപ്റ്റനായേക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഓസീസിനെതിരായ അവസാന ടെസ്റ്റില്‍ ഗില്‍ ക്യാപ്റ്റനായേക്കുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു, എന്നിട്ടെന്തായി, ബുംറയാണ് ക്യാപ്റ്റനായത്. അതെന്തായാലും നന്നായി. ഗില്ലിന്‍റെ കരിയര്‍ ഇപ്പോള്‍ എവിടെയാണ് നില്‍ക്കുന്നതെന്ന് നോക്കൂ.. ആദ്യം കളിച്ച്, പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ ടീമില്‍ ഇടം കണ്ടെത്തണം. അതാണ് വേണ്ടത്'- സ‍ഞ്ജയ് മഞ്ജരേക്കര്‍ ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോയോട് പ്രതികരിച്ചു.  Also Read: 'ഗില്‍ വെറും ഓവര്‍ റേറ്റഡ്; കഴിവുള്ളവര്‍ക്ക് അവസരം നല്‍കൂ'

ടെസ്റ്റ് ക്യാപ്റ്റനായി ബുംറയെ തീരുമാനിക്കണമെന്നാണ് തന്‍റെ അഭിപ്രായമെന്നും അദ്ദേഹം പറയുന്നു. ഏകദിനത്തില്‍ ബുംറയെ വൈസ് ക്യാപ്റ്റനാക്കിയേക്കുമെന്നും രോഹിത് ശര്‍മ തന്നെയാകും ടീമിനെ നയിക്കുകയെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഓസീസ് പര്യടനത്തില്‍ ഇന്ത്യ ജയിച്ച ഒരേയൊരു ടെസ്റ്റില്‍ ബുംറയായിരുന്നു നായകനെന്നതും ഗില്ലിന്‍റെ ക്യാപ്റ്റന്‍ മോഹത്തിന് വിഘാതമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ഗില്ലിന്‍റെ പ്രകടനത്തിനെതിരെ മുന്‍താരങ്ങളായ കെ. ശ്രീകാന്തും ബദ്രിനാഥും രംഗത്തെത്തിയിരുന്നു. നന്നായി കളിക്കുന്ന അര്‍ഹതയുള്ള താരങ്ങള്‍ ഗില്‍ കാരണം ടീമിലിടം നഷ്ടപ്പെട്ട് പുറത്തിരിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ വിമര്‍ശനം. ഗില്‍ ഓവര്‍ റേറ്റഡാണെന്ന വിമര്‍ശനവും അദ്ദേഹം ഉയര്‍ത്തിയിരുന്നു.എന്ത് ചെയ്തിട്ടാണ് ശുഭ്മന്‍ ഗില്‍ ഇപ്പോഴും ഇന്ത്യന്‍ ടീമില്‍ തുടരുന്നതെന്നും തമിഴ്നാട്ടുകാരനായിരുന്നുവെങ്കില്‍ പണ്ടേ പുറത്തായേനെയെന്നായിരുന്നു ബദ്രിനാഥിന്‍റെ വിമര്‍ശനം. ഓസീസ് പര്യടനത്തില്‍ 31,28,1,20,13 എന്നിങ്ങനെയായിരുന്നു ഗില്ലിന്‍റെ സ്കോര്‍. 

ENGLISH SUMMARY:

Look where Gill's career is right now. First, you should make the team on merit,’ said Sanjay Manjrekar about Shubman Gill's captaincy ambitions