ധോണി ചെന്നൈയ്ക്കായി ഗ്രൗണ്ടിലിറങ്ങിയാല്‍ ആരാധകര്‍ ആര്‍ത്തുവിളിക്കും. ദൈവം നേരിട്ടിറങ്ങി വരുന്ന പ്രതീതിയാണ് ആരാധകരില്‍. ധോണിയില്ലാത്തൊരു ടീം ഒരു സിഎസ്കെ ആരാധകന്‍റെ മനസില്‍ പോലും ഉണ്ടാവില്ലെന്നതാണ് വാസ്തവം. ആരാധകര്‍ക്ക് സിഎസ്കെ എന്നാല്‍ ധോണിയാണ്. വെറും ധോണിയല്ല, അവരുടെ തല ധോണി. ആകെ ഐപിഎല്ലില്‍ മാത്രമാണ് ധോണി കളിക്കാനിറങ്ങുന്നതെന്നതിനാല്‍ ഗാലറി നിറഞ്ഞുകവിയും. എന്നാല്‍ ഈ ധോണിപ്രേമം ടീമിനത്ര നല്ലതല്ലെന്നും പലപ്പോഴും കടുത്ത മനപ്രയാസം സൃഷ്ടിച്ചിട്ടുണ്ടെന്നും മുന്‍ ചെന്നൈ താരമായ അംബാട്ടി റായുഡു വെളിപ്പെടുത്തുന്നു.
Ambati Rayudu File ( PTI Photo Ashok Bhaumik), MS Dhoni (facebook.com/TheChennaiSuperKings)
'പുതുമുഖ താരങ്ങള്‍ക്കാണ് ആരാധകരുടെ ധോണിപ്രേമം വിനയാകുന്നത്. ആരാധകര്‍ ധോണിക്ക് നല്‍കുന്ന , ടീമിന് നല്‍കുന്ന പിന്തുണ മറ്റാര്‍ക്കും സ്വപ്നം കാണാന്‍ കഴിയാത്തതാണ്. പക്ഷേ അത് ധോണിയെ മാത്രം കേന്ദ്രീകരിച്ചുള്ളതാണെന്നും ധോണി കഴിഞ്ഞേ ടീം വരുന്നുള്ളൂ'വെന്നും റായുഡു തുറന്നടിക്കുന്നു. ഇഎസ്പിഎന്‍ ക്രിക് ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റായുഡു മനസ് തുറന്നത്. മറ്റുള്ളവര്‍ എത്ര നന്നായി കളിച്ചാലും അവരെല്ലാം പുറത്താകണമെന്നും ധോണി എത്രയും വേഗം ബാറ്റ് ചെയ്യാന്‍ വരണമെന്നുമാണ് ആരാധകര്‍ ആഗ്രഹിക്കുന്നതെന്നും അത് ക്രീസിലിറങ്ങുമ്പോള്‍ ബാറ്റര്‍മാര്‍ക്ക് കൃത്യമായി അനുഭവിച്ചറിയാന്‍ കഴിയുമെന്നും റായുഡു വെളിപ്പെടുത്തി. മറ്റൊരു ടീമിന്‍റെ ആരാധകരും സ്വന്തം ബാറ്റര്‍മാര്‍ അതിവേഗം പുറത്താകാന്‍ ആഗ്രഹിക്കില്ലെന്നും പുറത്താകുമ്പോള്‍ സന്തോഷം കൊണ്ട് ആര്‍ത്തുവിളിക്കില്ലെന്നും റായുഡു കൂട്ടിച്ചേര്‍ത്തു. തനിക്ക് മാത്രമല്ല മറ്റ് പല ബാറ്റര്‍മാര്‍ക്കും ഇതേ അഭിപ്രായം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. മുംബൈക്കെതിരായ കഴിഞ്ഞ കളിയിലും ഈ ധോണിപ്രേമം മറ്റ് ബാറ്റര്‍മാരെ ബാധിച്ചത് പ്രകടമായിരുന്നുവെന്നും അദ്ദേഹം വിശദീകരിക്കുന്നു.
ധോണിയോടുള്ള ഇഷ്ടം കാരണം മറ്റുള്ളര്‍ ബുദ്ധിമുട്ടുന്നത് ഒഴിവാക്കാന്‍ ധോണി തന്നെ വിചാരിക്കണമെന്നും 'ഇതെല്ലാം നമ്മുടെ കളിക്കാരാണെന്നും എന്നെ പോലെ തന്നെ ബാറ്റ് ചെയ്യുന്നവരും ചെയ്യേണ്ടവരുമാണെന്നും അവര്‍ക്കായും ആര്‍പ്പുവിളി ഉയരേണ്ടതുണ്ടെന്നും പറഞ്ഞാല്‍ സ്ഥിതിക്ക് വ്യത്യാസം വരുമെന്നും റായുഡു പ്രതീക്ഷ പങ്കുവച്ചു.
ടീമംഗങ്ങള്‍ക്ക് പുറമെ ഫ്രാഞ്ചൈസിക്കും ആരാധകരുടെ ഈ നടപടി സത്യത്തില്‍ തലവേദനയാണ്. പക്ഷേ അവധിയല്ലാത്ത ദിവസങ്ങളില്‍ പോലും ചെന്നൈയുടെ കളി നടക്കുമ്പോള്‍ സ്റ്റേഡിയം നിറഞ്ഞു കവിയുന്നതിന് ഒറ്റക്കാരണമേയുള്ളൂ. അത് തല ധോണിയാണെന്നും അത് ഫ്രാഞ്ചൈസിക്കും ബോധ്യമുള്ളതിനാല്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും റായുഡു പറയുന്നു. ധോണിയെപ്പോലെ ഒരു ക്രൗഡ് പുള്ളറെ കണ്ടെത്താനോ വളര്‍ത്തിക്കൊണ്ട് വരാനോ കഴിയുമെന്നതില്‍ ഒരുറപ്പുമില്ലെന്നും ആരാധകര്‍ ടീമിന്‍റേതായി മാറാന്‍ അദ്ഭുതങ്ങള്‍ സംഭവിക്കണമെന്നും റായുഡു കൂട്ടിച്ചേര്‍ത്തു.