മലയാളിയുണ്ടെങ്കില്‍ ലോകകിരീടവുമുണ്ടെന്ന പതിവ് തെറ്റിക്കാതെ സഞ്ജു സാംസണ്‍. ഒരു മല്‍സരത്തില്‍ പോലും കളത്തിലിറങ്ങാനായില്ലെങ്കിലും ലോകകിരീടം തലയ്ക്ക് മുകളിലുയര്‍ത്തുന്ന മൂന്നാം മലയാളി താരമായി സഞ്ജു സാംസണ്‍.
ഫൈനല്‍ പോരാട്ടത്തിന് മുമ്പ് രോഹിത് ശര്‍മയും സഞ്ജു സാംസണും സംസാരിക്കുന്ന ദൃശ്യങ്ങള്‍ ടെലിവിഷന്‍ സ്ക്രീനില്‍ നിറഞ്ഞതോടെ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി സഞ്ജുവിന്റെ പേര്. അവസാന മല്‍സത്തില്‍ സഞ്ജുവിന് പ്ലെയിങ് ഇലവനില്‍ ഇടംലഭിക്കുമോയെന്ന ആകാംക്ഷ. എന്ന് ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത രോഹിത് ശര്‍മ ടീമില്‍ മാറ്റമൊന്നുമില്ലെന്ന് പ്രഖ്യാപിച്ചതോടെ മലയാളത്തിന് നിരാശ.
ലോകകപ്പിലെ എട്ടാം മല്‍സരത്തിലും സഞ്ജുവിന് ഇടം ഡ്രസിങ് റൂമില്‍ തന്നെ. ബംഗ്ലദേശിനെതിരായ സന്നാഹമല്‍സരത്തിലല്ലാതെ ലോകകപ്പിനായി അമേരിക്കയിലെത്തിയ ശേഷം കളത്തിലിറങ്ങാന്‍ സഞ്ജുവിന് കഴിഞ്ഞില്ല. എങ്കിലും കിരീടനേട്ടത്തിലെ ഭാഗ്യസാന്നിധ്യമാകാനായി ഈ വിഴിഞ്ഞം കാരന്. 1983ല്‍ കപിലിന്റെ ചെകുത്താന്‍മാര്‍ കിരീടമുയര്‍ത്തിയപ്പോള്‍ ടീമിലെ മലയാളിയായിരുന്ന സുനില്‍ വല്‍സനും ഒരു മല്‍സരത്തില്‍ പോലും കളത്തിലിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ശ്രീശാന്ത് മാത്രമാണ് കളത്തിലിറങ്ങി കപ്പുയര്‍ത്തിയ ഏക മലയാളി താരം.