കഴിഞ്ഞ ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് അനുകൂലമായി പല മത്സരങ്ങളിലും ഗതി തിരിച്ചത് ബോളര്‍ സന്ദീപ് ശര്‍മയായിരുന്നു. വേണ്ട സമയങ്ങളില്‍ സന്ദീപിനെ കൊണ്ടുവന്ന സഞ്ജു നടത്തിയ ബോളിങ് ചെയ്ഞ്ചുകള്‍ക്കും വലിയ കയ്യടി ലഭിച്ചിരുന്നു. 2023 ഐപിഎല്‍ താര ലേലത്തില്‍ അണ്‍സോള്‍ഡ് ആയ താരം തൊട്ടടുത്ത സീസണില്‍ നക്കിള്‍ ബോളുകളുമായി ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധയൊന്നാകെ പിടിച്ചെടുത്തു. അങ്ങനെയൊരു മാറ്റത്തിന് കാരണമായതിന് പിന്നില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ആണെന്ന് പറയുകയാണ് സന്ദീപ് ശര്‍മ.
'എനിക്ക് സഞ്ജുവിന്റെ ഒരു ഫോണ്‍ കോള്‍ വന്നു. ഒരുപാട് പോസിറ്റീവ് കാര്യങ്ങള്‍ സഞ്ജു എന്നോട് പറഞ്ഞു. താര ലേലത്തില്‍ എന്നെ സ്വന്തമാക്കാന്‍ ഫ്രാഞ്ചൈസികള്‍ തയ്യാറാവാതിരുന്നത് തന്നെയും നിരാശപ്പെടുത്തിയതായി സഞ്ജു പറഞ്ഞു. എന്നില്‍ വിശ്വാസം ഉണ്ടെന്നും ആ സീസണ്‍ ഐപിഎല്‍ കളിക്കാനാവും എന്നും സഞ്ജു എന്നോട് പറഞ്ഞു. രാജസ്ഥാന്‍ റോയല്‍സിലും പല താരങ്ങള്‍ക്കും പരുക്കിന്റെ പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞു. ഈ സീസണ്‍ ഐപിഎല്‍ ഞാന്‍ കളിക്കുമെന്നും മികവ് കാണിക്കുമെന്നും സഞ്ജു പറഞ്ഞു', സന്ദീപ് ശര്‍മ പറയുന്നു.
ആ സമയം എന്നോട് പോസിറ്റീവായി സംസാരിച്ച ഒരേയൊരാള്‍ സഞ്ജുവാണ്. അതെന്നെ ഒരുപാട് സഹായിച്ചു. എന്നെ രാജസ്ഥാന്‍ ക്യാംപിലേക്ക് സഞ്ജു വിളിച്ചു. പ്രസിദ്ധിന് പരുക്കേറ്റതോടെ സ്ക്വാഡിലും ഇടം ലഭിച്ചു. അന്ന് മുതല്‍ എല്ലാ മത്സരവും എന്റെ അവസാന മത്സരം എന്ന് ചിന്തിച്ച് ആസ്വദിച്ചാണ് കളിച്ചത്, സന്ദീപ് പറഞ്ഞു.
2013 മുതല്‍ 2018 വരെ പഞ്ചാബ് കിങ്സിന്റെ താരമായിരുന്നു സഞ്ജു. ഈ ആറ് സീസണില്‍ 56 കളിയില്‍ നിന്ന് സന്ദീപ് 71 വിക്കറ്റ് വീഴ്ത്തി. പിന്നാലെ സണ്‍റൈസേഴ്സ് ഹൈദരാബാദിലേക്ക് എത്തിയ സന്ദീപ് 48 മത്സരങ്ങളില്‍ നിന്ന് വീഴ്ത്തിയത് 43 വിക്കറ്റ്. രാജസ്ഥാനിലേക്ക് എത്തിയ 2023, 2024 സീസണുകളില്‍ 22 കളിയില്‍ നിന്ന് 23 വിക്കറ്റാണ് സന്ദീപ് പിഴുതത്.