ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയുടെ ശേഷിക്കുന്ന രണ്ട് ടെസ്റ്റുകളില്‍ അശ്വിന് പകരക്കാരനായി മുംബൈ താരം തനുഷ് കൊട്യാന്‍. ഗാബ ടെസ്റ്റിന് പിന്നാലെ ആര്‍. അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചതോടെയാണ് 26കാരനായ ഓഫ് സ്പിന്നര്‍ക്ക് ടീമിലേക്ക് വഴി തുറന്നത്. അശ്വിന്‍റെ അഭാവത്തില്‍ രവീന്ദ്ര ജഡേജയും വാഷിങ്ടണ്‍ സുന്ദറും മാത്രമാണ് സ്പിന്നര്‍മാരായി ടീമിലുണ്ടായിരുന്നത്. ഇതോടെ തനുഷിനോട് ടീമിനൊപ്പം ചേരാന്‍ ബിസിസിഐ ആവശ്യപ്പെട്ടു.
ഇതുവരെ നടന്ന മൂന്ന് ടെസ്റ്റുകളിലും മൂന്ന് സ്പിന്നര്‍മാരെയും ഇന്ത്യ മാറി മാറിയാണ് പരീക്ഷിച്ചത്. പെര്‍ത്തില്‍ വാഷിങ്ടണ്‍ സുന്ദറും അഡ്ലെയ്ഡില് അശ്വിനും ഗാബയില്‍ രവീന്ദ്ര ജഡേജയുമായിരുന്നു ഇറങ്ങിയത്. പെര്‍ത്തിലും ഗാബയിലും പുറത്തിരുത്തിയതില്‍ അസംതൃപ്തനായ അശ്വിന്‍ ഗാബയിലെ സമനിലയ്ക്ക് പിന്നാലെ രോഹിതിനൊപ്പമെത്തി വിരമിക്കല്‍ പ്രഖ്യാപിച്ചു. പരമ്പര പൂര്‍ത്തിയാക്കാതെ വിരമിക്കല്‍ പ്രഖ്യാപിച്ചതില്‍ കടുത്ത വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. പ്ലേയിങ് ഇലവനില്‍ ഇല്ലാതെ ടീമിനൊപ്പം തുടരുന്നതില്‍ അര്‍ഥമില്ലെന്നായിരുന്നു അശ്വിന്‍റെ നിലപാട്.
വിജയ് ഹസാരെ ട്രോഫിക്കുള്ള മുംബൈ ടീമില്‍ തനുഷ് ഇടം പിടിച്ചിരുന്നു. അഹമ്മദാബാദിലായിരുന്ന തനുഷ് ഇന്ത്യന്‍ ടീമിലേക്ക് വിളി വന്നതിനെ തുടര്‍ന്ന് മുംബൈയിലേക്ക് മടങ്ങി. ചൊവ്വാഴ്ച താരം മെല്‍ബണിലേക്ക് തിരിക്കും. കഴിഞ്ഞ സീസണില്‍ രഞ്ജി കിരീടം നേടിയ മുംബൈ ടീമിലും തനുഷുണ്ടായിരുന്നു. നിര്‍ണായക വിക്കറ്റുകള്‍ പിഴുതും വാലറ്റത്ത് മികച്ച ബാറ്റിങ് പുറത്തെടുത്തുമാണ് തനുഷ് ടീമില്‍ ഇടം ഉറപ്പിച്ചത്. ഓസീസിനെതിരായ അനൗദ്യോഗിക ടെസ്റ്റിനുള്ള ഇന്ത്യ എ ടീമിലും തനുഷ് അടുത്തയിടെ ഇടം പിടിച്ചിരുന്നു. ഒരു വിക്കറ്റും 44 റണ്‍സുമായിരുന്നു തനുഷ് നേടിയത്.
33 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളാണ് ഓഫ് സ്പിന്നറായ തനുഷ് കളിച്ചിട്ടുള്ളത്. 41.21 ശരാശരിയില്‍ രണ്ട് സെഞ്ചറികളും 13 അര്‍ധ സെഞ്ചറികളുമുള്‍പ്പടെ 1525 റണ്‍സും നേടി. 101 വിക്കറ്റുകളും സ്വന്തമാക്കി. രഞ്ജിയില്‍ പ്ലേയര്‍ ഓഫ് ദ് ടൂര്‍ണമെന്‍റായും തിരഞ്ഞെടുക്കപ്പെട്ടു. 2023–24 സീസണില്‍ 29 വിക്കറ്റും 502 റണ്‍സുമാണ് തനുഷ് രഞ്ജിയില്‍ നേടിയത്. ഇറാനി കപ്പില്‍ റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കെതിരെ ഉജ്വല സെഞ്ചറിയും താരം നേടിയിരുന്നു. ഈ മികവിലാണ് 27 വര്‍ഷത്തിനിപ്പുറം മുംബൈ റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കെതിരെ ജയിച്ചത്. ദുലീപ് ട്രോഫിയില്‍ മൂന്ന് മല്‍സരങ്ങളില്‍ നിന്നായി 10 വിക്കറ്റും നേടി.