നിര്‍മിത ബുദ്ധി മനുഷ്യജീവിതത്തിന്‍റെ എല്ലാ മേഖലയിലും കടന്നുവരികയാണ്. ശാസ്ത്ര സാങ്കേതിക മേഖലയില്‍ മാത്രമല്ല സര്‍ഗാത്മക മേഖലയിലും അവരുണ്ട്. പാട്ടുണ്ടാക്കാന്‍ വരെ എഐ എത്തിയിട്ടുണ്ട്, അതിനെതിരെ കഴിഞ്ഞ ദിവസം പോപ് ഗായകരടക്കം രംഗത്തെത്തിയിരുന്നു.മോഡലിങ് മേഖലയിലും എഐ സാന്നിധ്യമെത്തി.
ഇന്ത്യയില്‍ തരംഗമായ ഒരു വിര്‍ച്ച്വല്‍ സൂപ്പര്‍ സ്റ്റാറാണ് നൈന. ഇന്ത്യയിലെ ആദ്യ എഐ ഇന്‍ഫ്ലുവന്‍സര്‍. ഇന്‍സ്റ്റഗ്രാമില്‍ മൂന്ന് ലക്ഷത്തിന് മേല്‍ ഫോളോവേഴ്സ്. നൈന അവതാര്‍ എന്ന വിര്‍ച്ച്വല്‍ സെലിബ്രിറ്റി ആദ്യമായി പ്രത്യക്ഷപ്പെടുന്നത് 2022ലാണ്. അവതാര്‍ മെറ്റ ലാബ്സ് (Avtr Meta Labs) എന്ന കമ്പിനിയാണ് നൈനയുടെ നിര്‍മാതാക്കള്‍. വിര്‍ച്ച്വല്‍ റിയാലിറ്റിയായ നൈനയുടെ സ്റ്റാര്‍ഡം വളര്‍ന്നത് പെട്ടെന്നായിരുന്നു. ഇക്കൊല്ലത്തെ എഐ ഇന്‍ഫ്ലുവന്‍സര്‍ അവാര്‍ഡും രാജ്യാന്തര തലത്തില്‍ നൈന സ്വന്തമാക്കി.
ഫിറ്റ്നെസ്, ഫാഷന്‍, യാത്ര, ട്രെന്‍ഡിങ് ഡാന്‍സ് അങ്ങനെ പലതും നൈനയുടെ സമൂഹമാധ്യമ പേജില്‍ നിറഞ്ഞു. ഏറ്റവും ഒടുവില്‍ സെലിബ്രിറ്റി അഭിമുഖങ്ങളും സിനിമ പ്രൊമോഷന്‍സും വരെയെത്തി നൈനയുടെ യാത്ര. ശോഭിത ദുലിപാല, മനോജ് ബാജ്പേയി തുടങ്ങിയ താരങ്ങളുമായി നടത്തിയ അഭിമുഖങ്ങള്‍ വലിയ ചര്‍ച്ചയായി. ഒപ്പം ഇക്കൊല്ലമാരംഭിച്ച നൈനയുടെ പോഡ്കാസ്റ്റും ആളുകള്‍ ഏറ്റെടുത്തു.
പ്രമുഖ ഫാഷന്‍, കോസ്മെറ്റിക്സ് ബ്രാന്‍ഡുകളുടെ ഒപ്പം ചേര്‍ന്ന് പ്രൊമോഷന്‍ കൂടി തുടങ്ങിയപ്പോഴേക്കും കഥയാകെ മാറി. സെലിബ്രിറ്റി ഇന്‍ഫ്ലുവെന്‍സേഴ്സിനെക്കാള്‍ തിരക്കുള്ള എഐ ഇന്‍ഫ്ലുവെന്‍സറായി നൈന. കാര്യങ്ങള്‍ ഇത്രയുമൊക്കെ എത്തിയെങ്കിലും പലര്‍ക്കും കൗതുകമുണര്‍ത്തിയ നൈനയുടെ യഥാര്‍ഥ ഐഡന്‍റിറ്റി നിര്‍മാതാക്കള്‍ ഇനിയും പുറത്തുവിട്ടിട്ടില്ല. ഝാന്‍സിയില്‍ നിന്നുള്ള 22കാരിയെന്ന് മാത്രമാണ് നൈനയുടെ ഫോളോവേഴ്സിന് അവരെപ്പറ്റി ആകെയുള്ള അറിവ്.