എസ് 24ല്‍ അവതരിപ്പിച്ച എഐ സാങ്കേതിക വിദ്യ വിപുലീകരിക്കാനൊരുങ്ങി സാംസങ്. ഗാലക്‌സി എഐ ലൈവ് ട്രാൻസ്ലേറ്റ് ഫീച്ചർ വാട്സാപ്പിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സാംസങ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

തല്‍സമയ തര്‍ജമ (ലൈവ് ട്രാന്‍സ്‌ലേഷന്‍) തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകളിലും സപ്പോര്‍ട്ട് ചെയ്യുമെന്ന് അടുത്തിടെ സാംസങ് വ്യക്തമാക്കിയിരുന്നു. അത്തരത്തില്‍ മറ്റൊരു ആപ്പ് വികസിപ്പിച്ച് അതിന്‍റെ സഹായത്തോടെയാകും സാംസങ് എഐ ഫീച്ചര്‍ വാട്സാപ്പില്‍ ലഭ്യമാകുക. ലൈവ് ട്രാന്‍സിലേഷന്‍ ഫീച്ചര്‍ വാട്സാപ് കോളില്‍ കൊണ്ടുവരുന്നതുവഴി ഏത് ഭാഷയെയും ട്രാന്‍സ്‌ലേറ്റ് ചെയ്ത് മറ്റ് വ്യക്തിക്ക് മനസിലാകുന്ന തരത്തില്‍ കോള്‍ സാധ്യമാകും. അതുകൊണ്ടു തന്നെ ഭാഷാ തടസമില്ലാതെ കോളുകള്‍ ചെയ്യാന്‍‌ എഐ ട്രാന്‍സിലേഷന്‍ സഹായിക്കും.

ഇത് യാഥാർത്ഥ്യമായാൽ,ഭാവിയിലും സാംസങ്ങിന്റെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഫീച്ചറുകളുടെ സ്യൂട്ടായ Galaxy AI വാട്ട്‌സ്ആപ്പിൽ ശ്രദ്ധേയമായ പങ്ക് വഹിക്കും. സാംസങ് എസ് 24സീരീസ് ഫോണിലാണ് കമ്പനി എഐ ഫീച്ചറുകള്‍ ആദ്യമായി ഉപയോഗിക്കുന്നത്.

ഈ വര്‍ഷം ജനുവരിയില്‍ ആരംഭിച്ച എഐ ഫീച്ചറുകള്‍ 2025 വരെ സൗജന്യമായി ഉപയോഗിക്കാമെന്ന് ബ്രാൻഡ് വ്യക്തമാക്കി. ‌‌‌ഫോണ്‍ കോളുകള്‍ തല്‍സമയം ട്രാന്‍സ്‌ലേറ്റ് ചെയ്യുന്നതുകൊണ്ട് സ്വകാര്യതയെ ബാധിക്കുമോ എന്ന ടെന്‍ഷന്‍ വേണ്ട. ഡിവൈസുകളില്‍ തന്നെ ഈ ഡേറ്റ പ്രൊസസ് ചെയ്യുന്നതാണെന്നും സെര്‍വര്‍ വഴി അയക്കില്ലെന്നും കമ്പനി പറയുന്നു.

OneUI 6.1.1 അപ്‌ഡേറ്റ് വഴി ഈ ഫീച്ചർ വാട്സാപ്പിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു, തിരഞ്ഞെടുത്ത ഗാലക്‌സി സ്‌മാർട്ട്‌ഫോണുകളിൽ മാത്രം ഇത് പ്രവർത്തിക്കും. ജൂലൈ 10 ന് പാരീസിൽ നടക്കുന്ന ഗാലക്‌സി അൺപാക്ക്ഡ് ഇവൻ്റിൽ സാംസങ് പ്രഖ്യാപനം നടത്തിയേക്കും.

ENGLISH SUMMARY:

Samsung could expand Galaxy AI-powered Live Translate feature to WhatsApp