ഇന്റര്‍വ്യൂ പരിശീലനത്തിനുള്ള സൗജന്യ മൊബൈൽ ആപ്ലിക്കേഷനുമായി കൊച്ചി ആസ്ഥാനമായ സ്റ്റാർട്ടപ്പ്. നാൽപ്പതിലേറെ വ്യവസായ മേഖലകളിലെ 180 തസ്തികകളിലേക്കുള്ള അഭിമുഖങ്ങൾക്കാണ് എ.ഐ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന അപ്പ് പരിശീലനം നൽകുക.
കാര്യങ്ങളെല്ലാം അറിയാമെങ്കിലും ചിലര്‍ക്ക് പക്ഷെ, ഇൻറര്‍വ്യൂ ബോർഡിന് മുന്നിലെത്തിയാൽ എല്ലാം കൈവിട്ട് പോകും. സെൽഫ് ഇൻട്രൊഡക്ഷൻ മുതലേ കുളമാകും. പലരുടെയും ഈ പ്രശ്‌നത്തിനുള്ള ഒറ്റമൂലിയുമായാണ് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പായ എഡ്യൂനെറ്റ് എത്തിയിരിക്കുന്നത്.
എ.ഐ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന വൈവ എന്ന് പേരിട്ടിരിക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ ആണ് സംഗതി. ആൾ നിസ്സാരക്കാരനല്ല. യഥാർഥ ഇൻ്റർവ്യൂ ബോർഡിൽ ഉള്ളവർ ചോദിക്കുന്നത് പോലെ കാര്യങ്ങൾ വെട്ടി തുറന്നു ചോദിക്കും. മറുപടി തെറ്റാണെങ്കിൽ തിരുത്തി തരും. ഒന്നും രണ്ടുമല്ല നാൽപ്പതിലേറെ വിവിധ വ്യവസായ മേഖലകളിലെ 180ലധികം തസ്തികകൾക്കുള്ള അഭിമുഖങ്ങൾക്ക് തയ്യാറാകാനുള്ള പരിശീലനമാണ് വൈവ നൽകുന്നത്.
വെറും പത്തുപേരടങ്ങുന്ന സംഘമാണ് ആപ്ലിക്കേഷന്‍റെ പിന്നണിയിൽ പ്രവർത്തിക്കുന്നത്. ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവിടങ്ങളിൽ നിന്നും സൗജന്യമായി വൈവ ഡൗൺലോഡ് ചെയ്യാം. സംഗതി ഉഷാറാണെന്നാണ് ഉപയോഗിച്ചു നോക്കിയവരുടെ പ്രതികരണം.