HD-Cancer

എല്ലാവർഷവും ആഗോളതലത്തിൽ ഒരുകോടിയോളം ആളുകൾക്കാണ് ഏറെ വൈകി കാൻസർ സ്ഥിരീകരിക്കുന്നത്. അർബുദ  ചികിത്സയിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് തുടക്കത്തിൽ തന്നെ  കണ്ടെത്തുക എന്നുള്ളത്. പക്ഷേ ശരീരത്തിൽ 6 അവയവങ്ങൾക്ക് മാത്രമേ നിലവിൽ കാൻസർ സാധ്യത പരിശോധിക്കാനാകു. ബാക്കി 50 ശതമാനത്തോളം കാൻസറുകളും ഏറെ വൈകി രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുമ്പോൾ മാത്രമേ തിരിച്ചറിയു. അവിടെയാണ് ആർട്ടിഫിഷൽ ഇന്റലിജൻസിന്‍റെ പ്രസക്തി. ശരീരം മുഴുവൻ സ്കാൻ ചെയ്ത് കാൻസർ സാധ്യത വര്‍ഷങ്ങള്‍ക്ക് മുന്നേ പ്രവചിക്കുന്ന പുത്തൻ എ.ഐ സാങ്കേതിക വിദ്യയാണ് അർബുദ ചികിത്സ മേഖലയിലെ പുത്തൻ അധ്യായം. 

 

ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍സ് നമ്മുടെ ജീവിതത്തിൽ ദിനംപ്രതി ഉണ്ടാക്കുന്ന മാറ്റങ്ങൾ വലുതാണ്. ഇതുവരെ അജ്ഞമായിരുന്ന പ്രോട്ടീൻ ഘടന കൃത്യമായി നിർണയിച്ചതിന് ഡേവിഡ് ബേക്കർ, ഡെമീസ് ഹസബീസ്, ജോൺ ജമ്പർ എന്നിവർക്ക് 2024ലെ രസതന്ത്രത്തിനുള്ള നോബൽ പ്രൈസ് ലഭിച്ചിരുന്നു. വരും കാലത്ത് രോഗ ചികിത്സയില്‍ വിപ്ലവകരമായ മാറ്റം ഉണ്ടാക്കാൻ പോകുന്ന ഈ കണ്ടത്തലിൽ പ്രധാന പങ്കു വഹിച്ചത് എ.ഐയാണ്. സമാനമായ രീതിയിൽ കാൻസർ മേഖലയിലും ആർട്ടിഫിഷൽ ഇന്റലിജൻസ് വമ്പൻ വിപ്ലവമാണ് സൃഷ്ടിക്കുന്നത്.  കാൻസർ രൂപപ്പെടുന്നതിന് വർഷങ്ങൾക്കു മുന്നേ, അതിനുള്ള സാധ്യത തിരിച്ചറിയുന്ന സാങ്കേതികവിദ്യ നിലവിൽ പരീക്ഷണഘട്ടത്തിലാണ്. ഒപ്പം ചരിത്രത്തിൽ ആദ്യമായി കാൻസറിനായി ശരീരം മുഴുവൻ  പരിശോധിക്കുന്ന എ.ഐ അധിഷ്ഠിത  സ്കാനിങ് രീതിയും ആരംഭിച്ചു കഴിഞ്ഞു. അമേരിക്ക ആസ്ഥാനമായ എസ്ര എന്ന സ്റ്റാർട്ടപ്പാണ് ഇതിന് പിന്നിൽ.

Also Read; ഇലോണ്‍ മസ്കിന് പണി കൊടുത്ത ബ്ലൂസ്കൈ; എക്സിനെ തകര്‍ത്തറിയുമോ ത്രെഡ്സ് ?

റൊമാനിയൻ വംശജനായ എമി ഗ്യാല്‍ എന്ന ആളാണ് എസ്രയ്ക്ക് പിന്നിൽ. കാൻസർ ബാധിച്ച് അമ്മ മരിച്ചത് മുതൽ രോഗത്തെ ഭയപ്പെട്ടിരുന്ന ആളാണ് എമി. അമേരിക്കയിലേക്ക് താമസം മാറ്റിയതിന് പിന്നാലെ ഉണ്ടായ ശാരീരിക മാറ്റങ്ങളില്‍ നിന്നു ഉടലെടുത്ത അസ്വസ്ഥതയാണ് എസ്രയിലേക്ക് നയിച്ചത്. നിലവിൽ അമേരിക്കയിലെ വിവിധ സ്കാനിങ് കമ്പനികളുമായി സഹകരിച്ച് കുറഞ്ഞ നിരക്കിൽ കാൻസർ പരിശോധന നടത്തുകയാണ് ഇവർ. 

സ്തനം, ത്വക്ക്  ഗര്‍ഭപാത്രം ,ശ്വാസകോശം, മലാശയം, പ്രോസ്ട്രേറ്റ്  എന്നിവയ്ക്കുണ്ടാകുന്ന കാന്‍സര്‍ മാത്രമണ് പ്രാരംഭ ഘട്ടത്തില്‍ പരിശോധനയിലൂടെ കണ്ടെത്താനാകൂ.  പാൻക്രിയാസ്, കരള്‍, ആമാശയം, വ‍ൃക്ക, തലച്ചോര്‍ എന്നിവയെ ബാധിക്കുന്ന കാൻസറുകള്‍ രോഗലക്ഷണങ്ങൾ കാണിക്കുമ്പോൾ മാത്രമാണ് അറിയുക. പക്ഷേ അപ്പോഴേക്കും അതിജീവന സാധ്യത 20 ശതമാനത്തിലും താഴെയായിരിക്കും. അതായത് നേരത്തെ ഈ കാൻസര്‍ തിരിച്ചറിയാൻ ആവുകയാണെങ്കിൽ ആഗോളതലത്തിൽ കാൻസർ മരണ നിരക്ക് ഗണ്യമായി കുറയും. 

നിലവിലുള്ള എംആർഐ സ്കാനിനെ അടിസ്ഥാനമാക്കിയാണ് പുതിയ എസ്ര പരിശോധനയും നടക്കുന്നത്.  ശരീര ജലത്തിലെ പ്രോട്ടോൺസിന്‍റെ മാഗ്നറ്റിക് റസൊനൻസ്  ഉപയോഗിച്ചാണ് എംആർഐ പരിശോധന. പക്ഷേ ചുറ്റുമുള്ള തരംഗങ്ങള്‍ സ്കാനിങ്ങിനെ ബാധിക്കും. അതിനാൽ വ്യക്തമായ സ്കാനിങ് ലഭിക്കാൻ എംആർഐ തുടർച്ചയായി നിരവധി തവണ ചെയ്യണം. ഇതിമൂലം എംആർഐ പരിശോധന വളരെ ചെലവേറിയതാകുന്നു. ഇവിടെയാണ് എ.ഐയുടെ ഇടപെടൽ. ഒരു സ്കാനിൽ നിന്ന് തന്നെ ആർട്ടിഫിഷൽ ഇന്റലിജൻസ് മറ്റ് തരംഗങ്ങള്‍  ഇല്ലാതാക്കി വ്യക്തമായ ദൃശ്യങ്ങൾ നൽകുന്നു. ഇതിലൂടെ പരിശോധന സമയവും, ചെലവും പകുതിയായി കുറയും. ഒപ്പം ശരീരം മുഴുവൻ പരിശോധിക്കാനുമാകും.  കാൻസറിനപ്പുറം മറ്റ് ശാരീരിക പ്രശ്നങ്ങളും ഇതിലൂടെ തിരിച്ചറിയാനാകും. 

Also Read ;എ ഐ പരസ്യമുണ്ടാക്കി എയറിലായി കൊക്കോകോള

വർഷങ്ങൾക്കു മുൻപേ കാൻസർ  സാധ്യത തിരിച്ചറിയാനാകുന്ന സാങ്കേതികവിദ്യയും പരീക്ഷണത്തിലാണ്. അമേരിക്കയിലെ മസാച്ചുസെറ്റ്സ് ഇൻസ്റ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ആർട്ടിഫിഷൽ ഇന്‍റ‌‌ലിജൻസ് ലബോറട്ടറിയാണ് പുതിയ സാങ്കേതികവിദ്യ വികസിപ്പിക്കുന്നത്. അടുത്തിടെ നടന്ന ഒരു പരിശോധനയിലൂടെ  ഒരു സ്ത്രീക്ക് സ്തനാര്‍ബുദ സാധ്യത നാലുവര്‍ഷം മുമ്പേ എഐ കണ്ടെത്തി. മസാച്ചുസെറ്റ്സ് ജനറൽ ആശപത്രിയിലെ 90,000ത്തോളം മാമോഗ്രാം വിവരങ്ങൾ ശേഖരിച്ചാണ് പുതിയ സാങ്കേതികവിദ്യ തയ്യാറാക്കിയിരിക്കുന്നത്.  മാമോഗ്രാം വിവരങ്ങളില്‍ നിന്ന് മനുഷ്യനേത്രങ്ങൾക്ക് കാണാൻ ആകാത്ത വിവരങ്ങളാണ് എ.ഐ തിരിച്ചറിയുന്നത്.

കാന്‍സര്‍ സാധ്യത വര്‍ഷങ്ങള്‍ക്ക് മുന്നേ കണ്ടെത്തുന്നതിനാല്‍ ചികിത്സ ഫലപ്രഥമായി നടത്താനാകും.  പുതിയ സാങ്കേതിക വിദ്യകള്‍ വരുന്നതോടെ കാൻസറിനെ സാധാരണ ഒരു പനിയുടെ ലാഘവത്തോടെ സമീപിക്കുന്ന കാലം വിദൂരത്തല്ല.

ENGLISH SUMMARY:

AI can help doctors analyze medical images like mammograms and CT scans more quickly and accurately. AI can also help identify areas of interest in biopsy images, and predict the long-term risk of breast cancer.