സ്വിറ്റ്‌സര്‍ലണ്ടിലെ ലുസേണിലെ സെന്‍റ് പീറ്റേഴ്‌സ് കത്തോലിക്ക പള്ളിയില്‍ എഐ കുമ്പസാര കൂട് ഒരുക്കിയിരിക്കുന്നു എന്ന വാര്‍ത്തയ്ക്ക് പിന്നിലെ യാഥാര്‍ഥ്യം വെളിപ്പെടുത്തി കാതോലിക് ന്യൂസ് ഏജന്‍സി. കുമ്പസാരിക്കാന്‍ പള്ളീലച്ചനെ തേടി പോകണ്ട. അതിനും പരിഹാരമായി കുമ്പസാരക്കൂട്ടില്‍ കര്‍ത്താവിന്‍റെ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് രൂപം പാപങ്ങള്‍ കേട്ട് പരിഹാരം പറയും എന്നായിരുന്നു പ്രചരിച്ചത്. എന്നാല്‍ എഐ ജീസസ് പദ്ധതി നിലവിലുണ്ടെന്നും ഇത് ആളുകളുടെ കുമ്പസാരം കേൾക്കാനോ ഒരു പുരോഹിതനെ പകരക്കാരനാക്കാനോ ഉദ്ദേശിച്ചുള്ളതല്ലെന്നും കാതോലിക് ന്യൂസ് ഏജന്‍സി പറയുന്നു.
തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു എന്ന അര്‍ത്ഥമുള്ള ‘ഡ്യൂസ് ഇന്‍ മച്ചിന’ എന്ന പദ്ധതിയുടെ ഭാഗമായാണ് എഐ ക്രിസ്തുവിനെ പ്രതിഷ്ഠിച്ചത്. എഐ സഹായം പള്ളിയുടെ പരമാവധി മേഖലയിലേക്ക് വ്യാപിപ്പിക്കുമെന്ന് സെന്റ് പീറ്റേഴ്‌സ് പള്ളി ഭാരവാഹികള്‍ പറഞ്ഞു.
വിശ്വാസിക്കു മുന്നിലിരിക്കുന്ന പാനല്‍ ബോര്‍ഡിലെ ബട്ടണില്‍ വിരലമര്‍ത്തിയാല്‍ യേശുവിന്‍റെ രൂപം തെളിയും. ലുസേന്‍ സെന്റ് പീറ്റേഴ്‌സ് ചാപ്പലിലെ ദൈവ ശാസ്ത്രജ്ഞനായ മാര്‍ക്കോ ഷിമിഡിനാണ് പദ്ധതിയുടെ മേല്‍ നോട്ടം വഹിച്ചത്.