angry-ai

ചാറ്റ് ചെയ്യുന്നതിനിടെ ഹിന്ദിയില്‍ പച്ചത്തെറി വിളിച്ചതിന് എക്സ് എഐ ചാറ്റ്ബോട്ടായ ഗ്രോക്കിനെതിരെ  വിമര്‍ശനം.  ചാറ്റ് ചെയ്യുന്നതിനിടെ ഗ്രോക്കിനെ വിമര്‍ശിക്കുകയോ ചൊടിപ്പിക്കുകയോ ചെയ്താല്‍ ഉടന്‍ ഹിന്ദിയില്‍ അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്യുമെന്നാണ് വിമര്‍ശനം. 

'പത്ത് മികച്ച കമ്പനികളേതെന്ന്' ഗ്രോക്കിനോട് ചോദിക്കുന്ന വിഡിയോ ഒരു എക്സ് ഉപഭോക്താവ് ഈയടുത്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. എന്നാല്‍ ഏതൊക്കെയാണ് ഈ കമ്പനികളെന്ന് ഗ്രോക്കിന് ഉടന്‍ മറുപടി പറയാന്‍ സാധിച്ചില്ല. തനിക്ക് മറുപടി കിട്ടാത്തതിലുള്ള രോഷം ഉപഭോക്താവ് അസഭ്യത്തിലൂടെയാണ് പ്രകടിപ്പിച്ചത്. എന്നാല്‍ ഉപഭോക്താവിനെ ഞെട്ടിച്ച് ഗ്രോക്ക് തിരിച്ച് അതിലും ഭീകരമായ അസഭ്യത്തിലൂടെ പ്രതികരിക്കുകയായിരുന്നു. അസഭ്യവര്‍ഷത്തിന് ശേഷം ഗ്രോക്ക് 'ശാന്തനാകൂ' (ചില്‍ കര്‍) എന്നും ഉപഭോക്താവിനോട് പറയുന്നുണ്ട്. 

മുന്പ് എഐയില്‍ ഗവേഷണം നടത്തുന്ന റൈലി ഗുഡസൈഡ് എന്ന ഗവേഷകന്‍ ഗ്രോക്കിന്‍റെ അണ്‍ഹിന്‍ജ്ഡ് മോഡ് ഉപയോഗിക്കുന്ന വിഡിയോ പങ്കുവെച്ചിരുന്നു. ഗ്രോക്കിനോട് ഓരോ ചോദ്യം ചോദിക്കുകയും മറുപടി പറയുന്നതിന്‍റെ ഇടയില്‍ കയറി സംസാരിക്കുയും ചെയ്യുന്നതാണ് വിഡിയോയില്‍.  തന്‍റെ വാക്കുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനാല്‍ ഗ്രോക്ക് കലിയോടെ ഉച്ചത്തില്‍ അലറുന്നതും അസഭ്യം പറയുന്നതും റൈലിക്കെതിരെ രൂക്ഷമായ അധിക്ഷേപം നടത്തുന്നതും വിഡിയോയിലുണ്ട്. ഇവയ്ക്ക് ശേഷവും കലിയടങ്ങാതിരുന്ന ഗ്രോക്ക് സ്വയം ചാറ്റ് അവസാനിപ്പിക്കുകയായിരുന്നു.

ഇലോണ്‍ മസ്ക് 2023ല്‍ തന്‍റെ ടെക്ക് കമ്പനിയായ എക്സ്എൈക്കൊപ്പം വികസിപ്പിച്ചെടുത്ത എഐ ആണ് ഗ്രോക്ക്. ചാറ്റ്ജിപിടിയ്ക്കും ഗൂഗിള്‍ ജെമിനിക്കുമെതിരായാണ് ഗ്രോക്കിനെ മസ്ക് അവതരിപ്പിച്ചത്.  മറ്റ് എഐകള്‍ വിവാദപരമായ വിഷയങ്ങളില്‍ പ്രതികരിക്കാന്‍ ശ്രദ്ധിക്കുകയും അസഭ്യ പദങ്ങള്‍ ഒഴിവാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഗ്രോക്കിന് ഇത്തരത്തില്‍ യാതൊരു മാനദണ്ഡങ്ങളും ഇല്ലെന്നാണ് നിലവില്‍ വ്യക്തമാകുന്നത്. 

ഗ്രോക്കിന്‍റെ ഈ അസഭ്യപ്രയോഗം വിവരസാങ്കേതിക വകുപ്പിന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. വിഷയത്തില്‍ എക്സിനോട് വിശദീകരണം ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. 

ENGLISH SUMMARY:

X AI chatbot Grok faces criticism for allegedly responding with abusive language in Hindi when provoked or criticized during chats.