ഗൂഗിൾ മാപ്പ് നോക്കി ആലപ്പുഴയിലേക്ക് വിനോദയാത്ര പോയ ഹൈദരാബാദ് സ്വദേശികളുടെ കാർ തോട്ടിൽ വീണ വാര്‍ത്ത പുറത്ത് വന്നിട്ട് മണിക്കൂറുകള്‍ മാത്രമേയാകുന്നുള്ളൂ. എന്നാല്‍ ഇത്തരത്തില്‍ ഒരു വാര്‍ത്ത ആദ്യമായിട്ടല്ല പുറത്തുവരുന്നത്. ലോകത്തിലെ ഏറ്റവും ജനപ്രിയമായ നാവിഗേഷൻ ആപ്പുകളിൽ ഒന്നാണെങ്കിലും മുന്‍പും ഗൂഗിള്‍ മാപ് വഴി തെറ്റിച്ചവരുടെ കഥകള്‍ പുറത്തുവന്നിട്ടുണ്ട്. അത്തരം അവസ്ഥകളിലാണ് ഗൂഗിള്‍ മാപിന് പകരക്കാരെ നമ്മള്‍ തിരയാറുള്ളത്. മിക്ക ആൻഡ്രോയിഡ് ഉപകരണങ്ങളിലും മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്താണ് ഗൂഗിള്‍ മാപ് വരാറുള്ളതെങ്കിലും ഗൂഗിള്‍ മാപിന് പകരക്കാരെ തിരയുന്നവര്‍ക്കായി അഞ്ച് ഓപ്ഷനുകള്‍ ഇതാ.
വേസ് (Waze)
കാർ, ബൈക്ക് ഉപയോക്താക്കൾക്ക് മാത്രമായി നിർമ്മിച്ച ഒരു കമ്മ്യൂണിറ്റി-ഡ്രൈവ് നാവിഗേഷൻ ആപ്പാണ് വേസ്. പൊലീസ് അലർട്ടുകൾ, അപകട മുന്നറിയിപ്പുകൾ, ഗതാഗതക്കുരുക്ക് സംബന്ധിച്ച വിവരങ്ങള്‍ ഉപയോക്താക്കള്‍ക്ക് വേസിലൂടെ പങ്കുവെക്കാനാകും. ഗൂഗിള്‍ മാപ്‌സിൽ നിന്ന് വ്യത്യസ്തമായി ട്രാഫിക് സാഹചര്യങ്ങള്‍ അനുസരിച്ച് സ്വയം വേസ് റൂട്ട് മാറ്റും. ഏറ്റവും സുഗമവും എളുപ്പവുമായ വഴികള്‍ നിര്‍ദേശിക്കുകയും ചെയ്യും. മിനിമലിസ്റ്റിക് ഇൻ്റർഫേസാണ് വേസിന്‍റെ മറ്റൊരു പ്രത്യേകത.
സിജിക് (Sygic)
തല്‍സമയം ട്രാഫിക് അപ്‌ഡേറ്റുകൾ നല്‍കുന്ന നാവിഗേഷന്‍ ആപ്പാണ് സിജിക്. അപകടങ്ങളെ കുറിച്ചും റോഡിലെ ഗതാഗതക്കുരുക്ക് അറ്റകുറ്റപ്പണി തുടങ്ങിയവയെ കുറിച്ചും സിജിക് അപഡേറ്റുകള്‍ നല്‍കുന്നു. ദൂരം കുറഞ്ഞ അല്ലെങ്കിൽ വേഗമേറിയ വഴി തിരഞ്ഞെടുക്കാന്‍ ഇത് സഹായിക്കുന്നു. ഡൈനാമിക് ലെയ്ൻ ഗൈഡൻസ് പോലുള്ള ഫീച്ചറുകളും സിജിക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഗൂഗിൾ മാപ്‌സിൽ നിന്ന് വ്യത്യസ്തമായി ഓഫ്‌ലൈന്‍ നാവിഗേഷന് ഉപയോക്താക്കൾ പ്രത്യേകമായി മാപ്പ് ഡൗണ്‍ലോഡ് ചെയ്യേണ്ട കാര്യമില്ല. എല്ലാ രാജ്യങ്ങളുടെയും ഓഫ്‌ലൈൻ 3D മാപ്പുകൾ സിജിക് നല്‍കുന്നുണ്ട്. ഒപ്പം ഓഗ്മെൻ്റഡ് റിയാലിറ്റി ഫീച്ചറുകളുപയോഗിച്ച് റിയൽ വ്യൂ നാവിഗേഷൻ ഫീച്ചറും സിജിക് നല്‍കുന്നു.
മാപ്പിൾസ് മാപ്മൈഇന്ത്യ (Mappls MapmyIndia)
ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ നാവിഗേഷൻ ആപ്പുകളിൽ ഒന്നാണ് മാപ്പിൾസ്. വോയ്‌സ്-ഗൈഡഡ് നാവിഗേഷൻ, തല്‍സമയ ഗതാഗത മുന്നറിയിപ്പുകള്‍ തുടങ്ങി റോഡിലെ സ്പീഡ് ബ്രേക്കറുകള്‍, വെള്ളക്കെട്ട്, കുഴികള്‍ തെരുവ് വിളക്കുകൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ വരെ മാപ്പിള്‍സ് നല്‍കുന്നു. ഉപയോക്താക്കൾക്ക് തങ്ങളുടെ ലൊക്കേഷൻ കോഡ് മാപ്പിള്‍സ് ഐഡിയിലൂടെ പങ്കിടാനും സാധിക്കും.
ഓസംആന്‍ഡ് (OsmAnd)
ഓപ്പൺസ്ട്രീറ്റ്മാപ്പ് നൽകുന്ന ഓഫ്‌ലൈൻ വേൾഡ് മാപ്പ് ആപ്ലിക്കേഷനാണ് ഓസംആന്‍ഡ്. സ്വകാര്യതയ്ക്ക് മുന്‍തൂക്കം നല്‍കുന്ന ആപ്ലിക്കേഷനാണിത്. ഇന്റർഫേസ് മിനിമലാണെങ്കിലും ഉപയോഗിച്ച് തുടങ്ങുമ്പോള്‍ ആദ്യം അൽപ്പം ആശയക്കുഴപ്പങ്ങളുണ്ടാകാം. വോയ്‌സ് ഗൈഡഡ് റൂട്ട് അസിസ്റ്റൻസ് (ശബ്ദനിർദേശങ്ങള്‍) ഉള്‍പ്പെടെ ഓസംആന്‍ഡ് വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും ചില ഫീച്ചറുകള്‍ പ്രീമിയമാണ്.
ഹിയര്‍വിഗോ (HereWeGo)
ഐഫോണിലും ആന്‍ഡ്രോയിഡിലും ലഭ്യമായ ഗൂഗിൾ മാപ്‌സിൻ്റെ അതേ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന ആപ്ലിക്കേഷനാണ് ഹിയർവിഗോ. ഓഫ്‌ലൈന്‍ നാവിഗേഷനായി രാജ്യങ്ങളുടെ മുഴുവന്‍ മാപും ഹിയർവിഗോയില്‍ ഡൗണ്‍ലോഡ് ചെയ്യാനാകും. പരസ്യങ്ങളില്ലാത്ത മിനിമലിസ്റ്റിക് ഇൻ്റർഫേസാണ് മറ്റൊരു പ്രത്യേകത.