safe-drive-in-rain

TOPICS COVERED

ഴക്കാലമാണ്, വാഹനമോടിക്കുന്നവര്‍ ഏറ്റവും ശ്രദ്ധിക്കേണ്ട സമയം. ചെറിയ പാളിച്ചപോലും വലിയ ദുരന്തങ്ങൾക്ക് കാരണമായേക്കാം. തുറന്നുകിടക്കുന്ന ഓടകളും, വെള്ളം നിറഞ്ഞ കുഴികളും, ഒടിഞ്ഞു വീഴാറായ മരച്ചില്ലകളും, പൊട്ടിയ ഇലക്ട്രിക് ലൈനുകളുമടക്കം പല തരം അപകടങ്ങള്‍ പതിയിരിക്കുന്നുണ്ട്.

മഴക്കാലത്ത് എങ്ങനെ സുരക്ഷിതമായി വാഹനമോടിക്കാം? എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം?

1. വേഗം കുറച്ച് വാഹനം ഓടിക്കുക എന്നതാണ് ഒന്നാമത്തെ കാര്യം. വാഹനങ്ങളില്‍ നിന്ന് പുറന്തള്ളുന്ന എണ്ണത്തുള്ളികള്‍‍ മഴക്കാലത്ത് വെള്ളവുമായി കലര്‍ന്ന് റോഡില്‍ വഴുക്കലുണ്ടാക്കും. ഈ സമയങ്ങളില്‍ പെട്ടെന്ന് ബ്രേക്കിടേണ്ടിവരുന്നതും വണ്ടി വെട്ടിത്തിരിക്കുന്നതുമെല്ലാം അപകടം വരുത്തിവയ്ക്കും. മാത്രമല്ല വേഗത്തില്‍ പോകുമ്പോള്‍ റോഡിലെ കുഴികള്‍ ശ്രദ്ധയില്‍പ്പെടാതെ വരികയും ചെയ്യും. മഴയുള്ളപ്പോഴും റോഡ് നനഞ്ഞുകിടക്കുമ്പോഴും മിതമായ വേഗത്തില്‍ മാത്രം വണ്ടിയോടിക്കുക.  

rain-safe-driving

2. ചെറിയ മഴ പെയ്താല്‍പ്പോലും പലയിടത്തും റോഡില്‍ വെള്ളക്കെട്ടുണ്ടാകാറുണ്ട്. പലയിടത്തും കുഴികള്‍ രൂപപ്പെട്ട് അതില്‍ വെള്ളം നിറഞ്ഞുകിടക്കുന്നതും കാണാം. ഇത്തരം വെള്ളക്കെട്ടുകളിലൂടെ ഒരു കാരണവശാലും വേഗത്തില്‍ വാഹനമോടിക്കരുത്. അങ്ങനെ ചെയ്താല്‍ അക്വാപ്ലെയിനിങ് അഥവാ ജലപാളി പ്രവര്‍ത്തനം എന്ന പ്രതിഭാസത്തിന് കാരണമായേക്കാം. വെള്ളം കവിഞ്ഞൊഴുകുന്ന പാലങ്ങളിലൂടെയോ റോഡുകളിലൂടെയോ കഴിയുന്നതും ഡ്രൈവ് ചെയ്യരുത്. അഥവാ ചെയ്യേണ്ടിവന്നാല്‍ ഫസ്റ്റ് ഗിയറില്‍ മാത്രം വണ്ടി ഓടിക്കുക. വെള്ളക്കെട്ടില്‍ വണ്ടി നിന്നുപോയാല്‍ വീണ്ടും സ്റ്റാര്‍ട്ട് ചെയ്യരുത്. ചെയ്താല്‍ എന്‍ജിനില്‍ വെള്ളം കയറി വാഹനം നശിക്കും.

3. വെള്ളത്തിലൂടെ വണ്ടിയോടിക്കേണ്ടിവന്നാല്‍ ഏസി ഓഫ് ചെയ്യുക.

4. മഴപെയ്യുന്ന സമയത്ത് മറ്റുവാഹനങ്ങളിൽ നിന്ന് പതിവിലും അകലം പാലിക്കണം. അല്ലെങ്കില്‍ മുന്നിൽ പോകുന്ന വാഹനങ്ങളിൽ നിന്ന് തെറിക്കുന്ന ചെളിവെള്ളം വീൻഷീൽഡിൽ അടിച്ച് മുന്നിലേക്കുള്ള കാഴ്ച മറയാന്‍ സാധ്യതയുണ്ട്. ഈർപ്പമുള്ള പ്രതലത്തില്‍ ബ്രേക്കിംഗ് ക്ഷമത കുറയുമെന്നതിനാൽ മുന്നിലെ വാഹനം പെട്ടെന്ന് നിര്‍ത്തിയാല്‍ നമ്മുടെ വാഹനം വിചാരിക്കുന്നിടത്ത് നില്‍ക്കണമെന്നില്ല. മഴക്കാലത്ത് മുന്നിലെ വാഹനത്തിന്റെ ബ്രേക് ലൈറ്റ് പ്രവർത്തിക്കണമെന്നുമില്ല.

driving-at-the-rain

5. ഹെഡ്‌ലൈറ്റ്, ബ്രേക്ക് ലൈറ്റ്, ഇൻഡിക്കേറ്റര്‍, വൈപ്പര്‍, ഹാൻഡ് ബ്രേക്ക് തുടങ്ങിയവ ശരിയായി പ്രവർത്തിക്കുന്നുണ്ടോയെന്ന് ദിവസവും യാത്ര തുടങ്ങുന്നതിനു മുമ്പ് പരിശോധിക്കണം. മഴക്കാലത്ത് സഡൻ ബ്രേക്കിംഗ് പരമാവധി ഒഴിവാക്കണം. വാഹനം തെന്നിമാറിയുള്ള ( Skidding) അപകടങ്ങള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും. ബ്രേക്ക് പതുക്കെ അമര്‍ത്തുക. ബ്രേക്ക് ഉപയോഗം ഒഴിവാക്കാനുതകും വിധം ആക്‌സിലറേറ്ററിൽ നിന്ന് കാലെടുത്ത് വേഗം നിയന്ത്രിക്കുന്നതാണ് സുരക്ഷിതമായ ഡ്രൈവിങ്ങിന് ഉത്തമം. മഴക്കാലത്ത് ട്രാഫിക് ബ്ലോക്കുകള്‍ സ്വാഭാവികമാണ്. അതുകൊണ്ട് അല്‍പം അധികം സമയം കണക്കാക്കി യാത്ര പ്ലാന്‍ ചെയ്യുക.

സഡൻ ബ്രേക്കിംഗ് പരമാവധി ഒഴിവാക്കണം

6. ബ്രേക്കിനകത്ത് വെള്ളം കയറിയാൽ കുറച്ചുദൂരം പതിയെ ബ്രേക്ക് ചവിട്ടിക്കൊണ്ട് ഫസ്റ്റ് ഗിയറിൽ ഓടിക്കുക. തുടര്‍ന്ന് ബ്രേക്ക് ചെറുതായി ചവിട്ടി പിടിച്ച് കുറച്ച് ദൂരം ഓടിച്ച ശേഷം ഒന്നുരണ്ട് തവണ ഇടവിട്ട് ബ്രേക്ക് ചവിട്ടി കാര്യക്ഷമത ഉറപ്പ് വരുത്തണം. മഴക്കാലം ആകുന്നതിനു മുന്‍പ് തന്നെ ടയർ അടക്കമുള്ള ഭാഗങ്ങളുടെയും ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ ഘടകങ്ങളുടെയും ക്ഷമത ഉറപ്പ് വരുത്തണം. തേഞ്ഞ ടയര്‍ ഉപയോഗിച്ചാല്‍ ഗ്രിപ്പ് കുറയുമെന്നത് മറക്കാതിരിക്കുക. അലൈൻമെന്റും വീല്‍ ബാലൻസിങ്ങും കൃത്യമാക്കുകയും ടയറിലെ വായുമർദം കൃത്യമായഅളവില്‍ നിലനിർത്തുകയും വേണം.

7. പുതിയ സ്ഥലങ്ങളിലൂടെ യാത്ര പോകുമ്പോള്‍ മിക്കവരും ഗൂഗിള്‍ മാപ്പ് ഉപയോഗിക്കാറുണ്ട്. മഴക്കാലത്ത് ഗൂഗിളിനെ മാത്രം ആശ്രയിച്ച് വാഹനം ഓടിക്കുന്നത് ഒഴിവാക്കുക. കാരണം മഴമൂലം രൂപപ്പെട്ടിട്ടുള്ള കുഴികളും ഇടറോഡുകളുടെ ശരിക്കുള്ള അവസ്ഥയും ഗൂഗിള്‍ അറിഞ്ഞുകൊള്ളണമെന്നില്ല.

8. അതിശക്തമായ മഴയില്‍ വാഹനം ഓടിക്കാതിരിക്കുന്നതാണ് ഉത്തമം. റോഡരികില്‍ അല്‍പനേരം നിര്‍ത്തിയിടുക. മഴ കുറഞ്ഞശേഷം മാത്രം വണ്ടിയെടുക്കുക. അതിശക്തമായ മഴയില്‍ വാഹനം ഓടിക്കേണ്ടിവന്നാല്‍ ഹെഡ്‍ലൈറ്റുകള്‍ ലോ ബീമില്‍ ഓണാക്കിയിടാം. ശക്തമായ മഴയില്‍ റോഡ് നന്നായി കാണാനും എതിരെ വരുന്ന വാഹനത്തിലെ ഡ്രൈവര്‍ക്ക് നിങ്ങളുടെ വാഹനം ശ്രദ്ധയില്‍പ്പെടുത്താനും ഹെഡ്‌ലൈറ്റ് സഹായിക്കും. വാഹനത്തില്‍ ഫോഗ് ലൈറ്റ് ഉണ്ടെങ്കില്‍ അത് ഉപയോഗിക്കുന്നതാണ് നല്ലത്.

വാഹനത്തിൽ വെള്ളം കയറിയാൽ സ്റ്റാർട്ടാക്കാൻ ശ്രമിക്കരുത്

9. വാഹനം പാര്‍ക്ക് ചെയ്യുമ്പോഴും ശ്രദ്ധ വേണം. ശക്തമായ മഴയത്ത്,  മരങ്ങളുടെ കീഴിലോ ഇലക്ട്രിക് ലൈനുകളുടെ താഴെയോ മലഞ്ചെരുവിലോ വാഹനം പാര്‍ക്ക് ചെയ്യരുത്. റോഡരികിൽ ഹസാർഡസ് വാണിംഗ് ലാംപ് ഓൺ ചെയ്ത് വേണം പാർക്ക് ചെയ്യാന്‍. പാർക്ക് ചെയ്തിരിക്കുന്ന വാഹനത്തിൽ വെള്ളം കയറിയാൽ സ്റ്റാർട്ടാക്കാൻ ശ്രമിക്കരുത്. സർവ്വീസ് സെന്ററിൽ അറിയിക്കുക.

യാത്രകള്‍ സുരക്ഷിതമാകട്ടെ, സമാധാനപൂര്‍ണവും.

ENGLISH SUMMARY:

How to drive safely in rainy season?