TOPICS COVERED

 ഗൂഗിളിനെക്കുറിച്ച് കേള്‍ക്കാത്തവരും ഗൂഗിളിന്‍റെ സേവനങ്ങള്‍ ഉപയോഗിക്കാത്തവരും ചുരുക്കമാണ്. അതുകൊണ്ട് തന്നെ ലോകത്ത് കോടിക്കണക്കിന് ആളുകളാണ് ഗൂഗിളിന്‍റെ ഉപഭോക്താക്കളായിട്ടുള്ളത്. ഗൂഗിളിന്‍റെ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പല തട്ടിപ്പുകളും നടന്നുവരാറുണ്ട്. ഉപഭോക്താക്കളെ ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ബോധവാന്മാരാക്കാനും രക്ഷനേടാനും അഞ്ച് മാര്‍ഗ നിര്‍ദേശങ്ങളുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍

ഡീപ്ഫേക്ക്

ഡീപ്ഫേക്കാണ് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കുന്ന ആദ്യ തട്ടിപ്പ്. സോഷ്യല്‍മീഡിയയില്‍ കാണുന്ന വീഡിയോകളും വോയ്സ്നോട്ടുകളും സസൂഷ്മം നിരീക്ഷിച്ച് മാത്രം വിശ്വാസത്തിലെടുക്കാനാണ് ഗൂഗിള്‍ നിര്‍ദേശിക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് എ.ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രശസ്തരായ പലരുടെയും വീഡിയോ തെറ്റിദ്ധരിപ്പിക്കാനായി കൃത്രിമമായി നിര്‍മ്മിക്കപ്പെട്ടത് ഗൂഗിളിന്‍റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. പ്രതിരോധമാര്‍ഗമെന്നോണം വീഡിയോയിലെ ആളുകളുടെ മുഖത്ത് വരുന്ന ഭാവങ്ങളും ചലനങ്ങളും സസൂഷ്മം നിരീക്ഷിക്കാനാണ് ഗൂഗിള്‍ പറയുന്നത്.എ.ഐക്ക് തെറ്റുപറ്റാമെന്നും മുഖഭാവങ്ങള്‍ ഒരിക്കലും യഥാര്‍ഥ മനുഷ്യന്‍റേതുപോലെയാകില്ലെന്നും ഗൂഗിള്‍ അടിവരയിട്ട് പറയുന്നു.

ക്രിപ്റ്റോ തട്ടിപ്പുകള്‍

ക്രിപ്റ്റോ നിക്ഷേപ പദ്ധതികളെന്ന പേരില്‍ പ്രചരിക്കുന്ന തട്ടിപ്പുകളെപ്പറ്റിയാണ് രണ്ടാമതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കുന്നത്. കുറഞ്ഞ നിക്ഷേപത്തിലൂടെ കൂടുതല്‍ വരുമാനമെന്ന രീതിയില്‍ പ്രചരിക്കുന്ന പദ്ധതികള്‍ തട്ടിപ്പാവാനുള്ള സാധ്യത കൂടുതലാണെന്നാണ് ഗൂഗിളിന്‍റെ വാദം. കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ ലാഭം ഒരു പദ്ധതിയില്‍ നിന്നും ലഭിക്കില്ലെന്ന് പറയുന്ന ഗൂഗിള്‍ ഇത്തരം മെസേജുകളെ ഒരിക്കലും വിശ്വസിക്കാനേ പാടില്ലെന്ന് മുന്നറിയിപ്പ് തരുന്നു.

ക്ലോണ്‍ ആപ്പുകള്‍

ഏറ്റവും കൂടുതലാളുകള്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ള ആപ്പുകള്‍ക്ക് ക്ലോണുകള്‍ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. ഇങ്ങനെ കാണപ്പെടുന്ന ആപ്പുകളും വെബ്സൈറ്റുകളും സൂക്ഷിച്ച് മാത്രം കൈകാര്യം ചെയ്യണമെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് തരുന്നുണ്ട്.യഥാര്‍ഥ ആപ്പുകളെക്കാള്‍ കൂടുതല്‍ ഫീച്ചറുകള്‍ ഉള്ളവയായിരിക്കും ക്ലോണ്‍ ആപ്പുകള്‍. ഡൗണ്‍ലോഡ് ചെയ്താല്‍ മുട്ടന്‍ പണി കിട്ടുകയും ചെയ്യും. സുരക്ഷിതമായ സ്ഥലത്തുനിന്ന് മാത്രം ഡൗണ്‍ലോഡ് ചെയ്യുകയെന്നതാണ് വ്യാജന്മാരുടെ കെണിയില്‍പ്പെടാതിരിക്കാനുള്ള വലിയ പ്രതിരോധമാര്‍ഗം. വ്യാജ സൈറ്റുകളാണോ എന്ന് തിരിച്ചറിയാൻ ലിങ്കിന്‍റെ സ്‌പെല്ലിങ്, ഫോണ്ട് എന്നിവ വ്യത്യസ്തമാണോ എന്ന് നോക്കുക, ലോഗോ നിരീക്ഷിക്കുക. വ്യജന്മാരുടെ വെബ്സൈറ്റുകളില്‍ ഇമോജികളുടെ ഉപയോഗം കൂടുതലായി കണ്ടുവരുന്നുണ്ട്. ഇത് പരിശോധിച്ചും ഇവരെ തിരിച്ചറിയാവുന്നതാണ്.

വ്യാജ വെബ്സൈറ്റുകള്‍

വെബ്സൈറ്റുകളുടെ ലോഡിങ് പേജുകളെ ശ്രദ്ധിക്കുന്നതാണ് മറ്റൊരു രീതി. സൈറ്റുകളിലേക്ക് കയറാൻ ശ്രമിക്കുമ്പോള്‍ സമൂഹമാധ്യമങ്ങളിലേക്ക് പ്രവേശിക്കാനായുള്ള ലോഗിൻ പേജുകൾ വന്നേക്കാം. ഇവയിലൂടെ സമൂഹമാധ്യമത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചാൽ സമൂഹമാധ്യമം ഹാക്ക് ചെയ്യപ്പെട്ടേക്കാം. ഇതുപോലെ ബാങ്കുകളുടെ വിവരങ്ങൾ പങ്കുവെക്കാനുള്ള ലോഡിംങ് സ്‌ക്രീനുകളും കണ്ടുവരുന്നുണ്ട്. ഇതിന് പ്രതിവിധിയായി ഒരു വെബ്‌സൈറ്റിൽ കയറി വരുന്ന ലോഡിങ് സ്‌ക്രീന് യുആർഎൽ മാറ്റുന്നുണ്ടോ എന്ന് ശ്രദ്ധിക്കാനും ഗൂഗിള്‍ പറയുന്നു.

ഓണ്‍ലൈന്‍ ഫ്രോഡിങ്

പുതുതായി എന്തെങ്കിലും പരിപാടികളോ ചടങ്ങുകളോ സംഘടിപ്പിക്കപ്പെടുമ്പോള്‍ പ്രമോഷനും ടിക്കറ്റെടുക്കാനുമായി വെബ്സൈറ്റുകളുണ്ടാക്കുന്നത് ഇക്കാലത്ത് പതാവാണ്. ഇത് മനസിലാക്കി പല വ്യാജ സൈറ്റുകളും ഇങ്ങനെ നിര്‍മിക്കപ്പെടുന്നുണ്ടെന്നാണ് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കുന്നത്.ടിക്കറ്റെടുക്കാനെന്ന് വ്യാജേനെയാണ് വെബ്സൈറ്റുകള്‍ കൂടുതലായി ഉണ്ടാക്കപ്പെടുന്നത്. അറിയപ്പെടുന്ന സന്നദ്ധ സംഘടനകളുടെ പരിപാടികൾക്കായി സംഭാവന സ്വീകരിക്കുന്ന വേളയിലും തട്ടിപ്പ് നടക്കാറുണ്ട്. ഓണ്‍ലൈനില്‍ നിന്നും എന്ത് വാങ്ങുമ്പോഴും അതിന്‍റെ വിശ്വസ്യത പരിശോധിക്കണം. തന്നിരിക്കുന്ന വിവരങ്ങൾ വ്യക്തവും സുതാര്യവുമെന്നാണോയെന്ന് വീണ്ടും തിരഞ്ഞ് ഉറപ്പുവരുത്തുക എന്നതാണ് അവസാന നടപടി.

google warns users of 5 most recent online scams: