crowd-strike

പോയവാരം കമ്പ്യൂട്ടറുകളുടെ കൂട്ടമരണം കണ്ട് പകച്ചുപോയ ലോകം ഇനി നേരിടേണ്ടി വരുന്നത് എന്തായിരിക്കും? അത് ഹാക്കർമാരുടെ വിരൽത്തുമ്പിൽ നിന്നുള്ള ആഗോള സൈബർ ആക്രമണമാകാൻ സാദ്ധ്യതയേറെയാണ്. മാസങ്ങൾക്കകം ഇത്തരമൊന്ന് ഉണ്ടാകുമെന്ന ആശങ്കയാണ് ആധികാരിക ഗവേഷണങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ആകാശത്തു പറക്കുന്ന വിമാനങ്ങൾക്ക് നിലത്തിറങ്ങാൻ സിഗ്നൽ കിട്ടാതെ വരിക, മെട്രോ റെയിലുകൾ നിശ്ചലമാവുക, ബാങ്കുകളുടെയടക്കം സേർവറുകൾക്ക് ഭ്രാന്തു പിടിക്കുക, ഓഹരി വിപണി ഇരുട്ടിൽ തപ്പുക, ഫാക്ടറികൾ സ്തംഭിക്കുക... ഭയപ്പെടുന്ന Global അറ്റാക്കിന് ഇംപാക്ട് വലുതായിരിക്കും. നിമിഷ നേരം കൊണ്ട് ലോകക്രമം അട്ടിമറിക്കപ്പെട്ടേക്കും. സാമ്പത്തികരംഗം കൂപ്പുകുത്തും. കരകയറാൻ കഷ്ടപ്പെടും. ഇതാണ് മുന്നറിയിപ്പ്.

 

വാസ്തവത്തിൽ ഇതെല്ലാം മുന്നിൽക്കണ്ട് വിൻഡോസിൽ സുരക്ഷയൊരുക്കാനുള്ള കരാർ ഏജൻസിയുടെ ശ്രമമാണ് കഴിഞ്ഞയാഴ്ച ഡിജിറ്റൽ സ്ക്രീനുകൾ അടിച്ചു പോകാൻ ഇടയാക്കിയതെന്ന് നിഗമനമുണ്ട്. ആ മണിക്കൂറുകൾ തന്നെ വരുത്തി വച്ച നഷ്ടം കണക്കാക്കി വരുന്നതേയുള്ളു. 'ക്രൗഡ് സ്ട്രൈക്ക്' എന്ന അപ്ഡേഷൻ പിഴവിൽ ലോകത്തിന്റെ പലയിടങ്ങളിലും നിരവധി കമ്പ്യൂട്ടറുകള്‍ പൊടുന്നനെ പണിമുടക്കിയപ്പോള്‍ അമ്പരന്ന് പോയ ലോകം ഏറ്റവും മോശമായത് തന്നെ പ്രതീക്ഷിച്ചിരിക്കണം എന്നാണ് വിദേശമാധ്യമങ്ങള്‍ സൂചിപ്പിക്കുന്നത്.വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റം തകരാറിലായി സൈബര്‍ സ്തംഭനം സംഭവിച്ചതോടെ ലോകത്തിന്റെ അടിമുടി മേഖലകളും താറുമാറായി. 

അമേരിക്കന്‍ സൈബര്‍ സുരക്ഷാ കമ്പനിയായ ക്രൗഡ് സ്ട്രൈക്കിന്റെ സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റാണ് വില്ലനായത്. അപ്ഡേഷന്‍ കഴിഞ്ഞ് റീസ്റ്റാര്‍ട് ചെയ്ത കമ്പ്യൂട്ടറുകളെല്ലാം നിശ്ചലമായി. ഇന്ത്യ,ബ്രിട്ടന്‍, ജര്‍മ്മനി,ജപ്പാന്, അമേരിക്ക,ഓസ്ട്രേലിയ, ന്യൂസിലന്റ് , സ്പെയിന്‍ തുടങ്ങി നിരവധി രാജ്യങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ അങ്കലാപ്പിലായി. ബ്ലൂസ്ക്രീന്‍ ഓഫ് ഡെത്ത് എന്ന പ്രത്യേക തരം രോഗമാണ് കമ്പ്യൂട്ടറുകളെ അനക്കാതാക്കിയത്. സ്ക്രീനന്‍ പെട്ടെന്ന് നീല നിറത്തിലാകും , പിന്നാലെ ഷട്ട് ഡൗണ്‍ ആവും വീണ്ടും റീസ്റ്റാര്‍ട്ടാവും, ഇങ്ങനെയാണ് എറര്‍സംഭവിക്കുക.ഹാക്കിങ് ഉള്‍പ്പെടെ തടയുന്ന ഇഡിആര്‍ (എന്‍ഡ് പോയിന്് ഡിറ്റക്ഷന്‍ ആന്റ് റസ്പോണ്‍സ്) സോഫ്റ്റ്‌വെയര്‍ ആയ ഫാല്‍ക്കണിലുണ്ടായ വൈറസ് സാന്നിധ്യമാണ് കാരണമാണെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ലോകത്ത് കമ്പ്യൂട്ടറുകളുടെ 80ലേറെ ശതമാനവും വിന്‍ഡോസ് സിസ്റ്റമാണ്. 

അതേസമയം  ഈ അപ്ഡേഷന്‍ തകരാറിനു പിന്നാലെ ഇതിലും വലുതെന്തോ വരുമെന്ന സൂചനകളാണ് നിലവില്‍ വരുന്നത്. ഇനി തകരാര്‍ അല്ല ആഗോള സൈബര്‍ അറ്റാക്ക് തന്നെയാണ് പ്രതീക്ഷിക്കേണ്ടത്. സൈബര്‍ ആക്രമണങ്ങള്‍ പല തരത്തിലുണ്ട്, ലോകത്തെ  സ്ഥാപനങ്ങൾ ആഴ്ചയില്‍ ശരാശരി 1636 ആക്രമണങ്ങള്‍ നേരിടുന്നുവെന്നാണ് കണക്കുകള‍്‍ സൂചിപ്പിക്കുന്നത് . 86 ശതമാനം ബിസിനസ്സുകാരും  93 ശതമാനം സൈബർ സംഘവും ആഗോള സൈബർ ആക്രമണം ആസന്നമാണെന്ന് വിശ്വസിക്കുന്നുവെന്ന്  അടുത്തിടെ പുറത്തിറക്കിയ ലോകസാമ്പത്തിക ഫോറത്തിന്റെ ഗ്ലോബൽ സൈബർ സെക്യൂരിറ്റി ഔട്ട്‌ലുക്ക് 2023 റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. 

ഇന്ത്യയിലെ സ്ഥാപനങ്ങളാവട്ടെ ആഴ്ചയിൽ 3,201 ആക്രമണങ്ങൾ നേരിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍, ആക്രമണങ്ങളുടെ എണ്ണത്തിൽ ഇന്ത്യയും തായ്‌വാനും ഒപ്പത്തിനൊപ്പമാണ്.ആഫ്രിക്കന്‍ ജനതയാണ്  സൈബര്‍ക്രൈമുകള്‍ ഏറ്റവും കൂടുതല്‍ ഏറ്റുവാങ്ങേണ്ടിവന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.   സൈബര്‍ ലോകത്തെ ക്രിമിനലുകളുടെ എണ്ണം കൂടുന്നുവെന്ന് വ്യക്തം. വിദ്യാഭ്യാസമേഖലയാണ് സൈബര്‍ ക്രിമിനലുകള‍ക്ക് നുഴഞ്ഞുകയറാന്‍ ഏറ്റവും പ്രിയം .ഒപ്പം ഗവേഷണരംഗവും സൈബര്‍ അഴിഞ്ഞാട്ടത്തിനു വിത്തുംവളവും കിട്ടുന്ന മേഖലയാണ്. ഈ മേഖലയില്‍ 53ശതമാനം വര്‍ധനയാണ് കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം സംഭവിച്ചത്.  സൈനിക, സര്‍ക്കാര്‍ മേഖലയാണ് ഹാക്കര്‍മാര്‍ രണ്ടാമതായി ലക്ഷ്യംവക്കുന്നത്. ആരോഗ്യരംഗമാണ് സൈബര്‍കുറ്റവാളികളുടെ മൂന്നാമത്തെ ലിസ്റ്റില്‍വരുന്നത്.  ആരോഗ്യ ഇൻഷുറൻസ് വിവരങ്ങൾ, മെഡിക്കൽ റെക്കോർഡ് നമ്പറുകൾ, സോഷ്യൽ സെക്യൂരിറ്റി നമ്പറുകൾ ഇതിലൊന്നും നുഴഞ്ഞുകയറാന്‍ അത്ര വലിയ പരിശ്രമം ആവശ്യമില്ലെന്നതാണ് സത്യം. 

ലാറ്റിനമേരിക്കയിലും ഏഷ്യാ പസഫിക് മേഖലയിലും സമാനമായ സ്ഥിതിയാണ്. വിനാശകരമായ ഒരു സൈബര്‍ ലോകത്തേക്കുള്ള തുടക്കമായും ഈ ബ്ലൂസ്ക്രീന്‍ ഓഫ് ഡെത്തിനെ കാണാമെന്നാണ് സൈബര്‍ വിദഗ്ധരുടെ വിലയിരുത്തല്‍.  സൈബര്‍ ഭീഷണികളെക്കുറിച്ചും സൈബര്‍ ഭീകരതയെക്കുറിച്ചുമുള്ള ചര്‍ച്ചകളും വിശകലനങ്ങളും വരുംകാലത്ത് ഇത് ഏത് തരത്തില്‍ ബിസിനസുകളെയും സ്ഥാപനങ്ങളേയും ബാധിക്കുമെന്നതും ഉള്‍പ്പെടെയുള്ള ചര്‍ച്ചകള്‍  ഈ സാഹചര്യത്തില്‍ സജീവമാകുകയാണ്. 

സൈബര്‍സുരക്ഷാ നിയമങ്ങളും മാര്ഗങ്ങളും കര്‍ശനമാക്കേണ്ടുന്ന കാലം അതിക്രമിച്ചുകഴിഞ്ഞു. ആഭ്യന്തര നയങ്ങളും പ്രക്രിയകളും ശക്തിപ്പെടുത്തുന്നതിനും മൂന്നാം കക്ഷികളുമായി സംസാരിച്ച് സൈബർ സുരക്ഷാ നിയന്ത്രണങ്ങളുടെ ഫലപ്രാപ്തി വർദ്ധിപ്പിക്കുന്നതിനും ശ്രമങ്ങൾ നടത്തിയേ തീരു . കഴിഞ്ഞ വർഷം  ലോകത്തിന്റെ ഗതിക്കനുസരിച്ചുള്ള മാറ്റം  സൈബർ തന്ത്രത്തെയും തന്ത്രപരമായ സൈബർ സുരക്ഷാ പ്രവർത്തനങ്ങളെയും കാര്യമായി സ്വാധീനിച്ചിട്ടുണ്ടെന്ന് WEF പറയുന്നു. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടന്ന വാർഷിക വേൾഡ് ഇക്കണോമിക് ഫോറത്തിലാണ് ഈ കണ്ടെത്തലുകൾ പുറത്തുവിട്ടത്. നിർമ്മിത ബുദ്ധിയുടെ ഇക്കാലത്ത് അതിബുദ്ധി വച്ചു കളിക്കുന്നവരാണ് സൈബർ ക്രിമിനലുകൾ. അവരിൽ നിന്ന് ലോകത്തെ രക്ഷിക്കാൻ, ഇൻ്റർനെറ്റിൽ നന്മതിരയുന്ന അവതാരപ്പിറവികൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

ENGLISH SUMMARY:

How the world’s tech crashed all at once; know more about Blue screen of death