പ്രായപൂര്‍ത്തിയാകാത്ത നിങ്ങളുടെ മക്കള്‍ ഇന്‍സ്റ്റയില്‍ കൂടുതല്‍ നേരം ചിലവഴിക്കുമ്പോള്‍ നിങ്ങള്‍ ടെന്‍ഷനാകാറുണ്ടോ? ഒരു പരിചയവുമില്ലാത്തവരുമായി അവര്‍ ചാറ്റ് ചെയ്യുന്നുണ്ടോ? സെന്‍സിറ്റീവായ കണ്ടന്‍റുകള്‍ അവരുടെ ഫീഡിലെത്തുന്നുണ്ടോ? ഇതൊന്നുമോര്‍ത്ത് ഇനി ടെന്‍ഷന്‍ വേണ്ട. 18 വയസില്‍ താഴെയുള്ളവരുടെ ഇന്‍സ്റ്റ അക്കൗണ്ടുകള്‍ ഇനി ടീന്‍ അക്കൗണ്ട് സെറ്റിങ്‌സിലേക്ക് മാറും. 

അക്കൗണ്ട് ഉടമയുമായി ആര്‍ക്കൊക്കെ ചാറ്റ് ചെയ്യാനാകും, എന്തൊക്കെ കണ്ടന്‍റുകള്‍ കാണാനാകും എന്നീ വിവരങ്ങള്‍ ആവശ്യപ്പെട്ടില്ലെങ്കില്‍ പോലും രക്ഷിതാക്ക്‍ക്ക് ഇനി ലഭ്യമാകും. പ്രായപൂര്‍ത്തിയാകാത്തവരുടെ ഇന്‍സ്റ്റ അക്കൗണ്ട് 60 ദിവസത്തിനകം ടീന്‍ അക്കൗണ്ടുകളാവുമെന്നാണ് ഇന്‍സ്റ്റ മേധാവി ആദം മൊസേരി വ്യക്തമാക്കുന്നത്. 16 വയസില്‍ താഴെയുള്ളവര്‍ക്ക് അക്കൗണ്ട് സെറ്റിങ്‌സ് മാറ്റണമെങ്കില്‍ രക്ഷിതാക്കളുടെ അനുമതി വേണ്ടിവരും. 

13നും 17നുമിടയില്‍ പ്രായമുള്ളവര്‍ക്ക്, അക്കൗണ്ട് പ്രൈവറ്റ് ആക്കിയേ മതിയാകൂ. അപരിചിതര്‍ക്ക് ഈ പ്രൊഫൈലുകള്‍ കാണുന്നതും അവരുമായി ചാറ്റുന്നതും ഇനി ബുദ്ധിമുട്ടേറിയ കാര്യമാകും. ഫോളോ ചെയ്യുന്ന ആളുകളില്‍ നിന്നുള്ള മെസേജുകള്‍ മാത്രമേ ഇവര്‍ക്കിനി ലഭിക്കൂ. അല്ലാത്ത മേസെജുകള്‍ ഇനി അവിടെയെത്തില്ല. 

പ്രായപൂര്‍ത്തിയാകാത്തവരുടെ അക്കൗണ്ടുകള്‍ അപ്‌ഡേഷന്‍ എത്തുന്നതോടെ ടീന്‍ അക്കൗണ്ടായി മാറും. ഈ അപ്‌ഡേറ്റ് ആദ്യം നടപ്പിലാക്കുക അമേരിക്കയിലാണ്. 60 ദിവസങ്ങള്‍ക്കുള്ളില്‍ യുകെ, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ ഈ അപ്‌ഡേറ്റ് എത്തും. പിന്നീട് മറ്റ് രാജ്യങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും.

ENGLISH SUMMARY:

Instagram rolling out ‘teen account’ settings, parental supervision updates