രണ്ട് മൂന്ന് ദിവസമായി സോഷ്യൽ മീഡിയയിൽ ഓഫറുകളുടെ മേളമാണ് . ഇരുപതും മുപ്പതും അൻപതും ശതമാനം വിലക്കുറവിൽ സാധനങ്ങൾ വിൽക്കാൻ മത്സരിക്കുകയാണ് റിലയൻസ്, ഫ്ലിപ്പ്കാർട്ട്, ആമസോൺ തുടങ്ങിയ വമ്പന്മാരും പേരുപോലുമറിയാത്ത ഇത്തിരികുഞ്ഞൻ ഓൺലൈൻ പ്ലാറ്റുഫോമുകളും. ബ്ലാക്ക് ഫ്രൈഡേ സെയിലിന്റെ ഭാഗമായാണ് ഇവരൊക്കെയും ഓഫർ ചൂണ്ടയുമായി ആളുകളെ പിടിക്കാനിറങ്ങിയിരിക്കുന്നത്.
നവംബർ മാസത്തിലെ അവസാന വെള്ളിയാഴ്ചയാണ് ബ്ലാക്ക് ഫ്രൈഡേ ആയി ആഘോഷിക്കുന്നത്. ക്രിസ്മസ് ഷോപ്പിംഗ് സീസൺ തുടക്കം കുറിക്കുന്ന ദിവസം കൂടിയാണ് ബ്ലാക്ക് ഫ്രൈഡേ . ഉത്സവകാല കച്ചവടത്തിന് മുൻപായി നിലവിലെ സ്റ്റോക്കുകൾ വിറ്റഴിക്കുന്ന ദിവസമെന്നതാണ് ഈ ദിവസത്തിന്റെ പ്രത്യേകത.
എല്ലാ സെയിലിലെയും പോലെ ഓഫർ മാത്രം കണ്ട് ചാടിയിറങ്ങിയാൽ ബ്ലാക്ക് ഫ്രൈഡേയിലും കീശ കാലിയാവുകയല്ലാതെ വിചാരിച്ച പ്രോഡക്ട് കിട്ടണമെന്നില്ല . മാത്രവുമല്ല തട്ടിപ്പുകാർ പതിയിരിക്കുന്നുമുണ്ടാകാം.
ഒരു സെയിൽ തുടങ്ങുമ്പോൾ കാണുന്ന ഓഫർ കെണിയായി മാറുമോയെന്ന് തിരിച്ചറിയുന്നത് വളരെ പ്രധാനമാണ്. കാണുമ്പോൾ കിടിലൻ ഓഫറായിരിക്കും എന്നാൽ പ്രോഡക്ട് ഗുണനിലവാരം കുറഞ്ഞതോ നേരത്തെ വില കൂടിയതോ ആണെങ്കിൽ യാതൊരു ലാഭവും ഉണ്ടാവാനിടയില്ല. ഇത്തരത്തിലുള്ള തട്ടിപ്പുകളെ എങ്ങനെ തിരിച്ചറിയാമെന്ന് നോക്കിയാലോ ?
വിലകൂട്ടിയുള്ള തെറ്റിദ്ധരിപ്പിക്കല്‍
ആദ്യത്തേത് ഭൂരിഭാഗം കച്ചവടക്കാരും ചെയ്തുപോരുന്ന ഒന്നാണ്. അവർ എല്ലാ സെയിലിലെയും പോലെ ബ്ലാക്ക് ഫ്രൈഡേയ്ക്കും മുൻപ് പ്രൊഡക്ടിന്റെ വില കൂട്ടുകയും ഡിസ്‌കൗണ്ട് ഉള്ളതായി തെറ്റിദ്ധരിപ്പിക്കുകയും ചെയ്യും. കണ്ടാൽ മികച്ചതെന്ന് തോന്നുന്ന എന്നാൽ കുറഞ്ഞ വിലയിലുള്ള ഇലക്ട്രോണിക് സാധനങ്ങൾ ഇത്തരം സെയിലുകളിൽ വ്യാപകമായി വിറ്റഴിക്കപ്പെടാറുണ്ട്.
വിലക്കുറവ് കണ്ട് ചാടിക്കേറി വാങ്ങിയാൽ ആദ്യത്തെ ഉപയോഗത്തിന് ശേഷം തന്നെ അവ നശിച്ചു പോയേക്കാം. അതുകൊണ്ട് ചതിക്കില്ലെന്നുറപ്പുള്ള വിശ്വസനീയമായ ബ്രാൻഡുകളുടെ സാധനങ്ങൾ മാത്രം വാങ്ങുക. വാങ്ങുന്നതിന് മുൻപ് പ്രോഡക്ട് റിവ്യൂ സൂക്ഷ്മതയോടെ വായിക്കുക .
വെബ്സൈറ്റ് സൂക്ഷിക്കുക
കേട്ടുകേൾവിപോലുമില്ലാത്ത വെബ്‌സൈറ്റുകൾ പരിചയമുള്ള പ്രൊഡക്ടുകളിൽ കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകളുമായി വന്നേക്കാം. ചാടിവീഴരുത്.
പ്രോഡക്ട് കൈയിൽ കിട്ടണമെന്നില്ല. പണവും നഷ്ടമായേക്കാം. പരിചയമുള്ള സൈറ്റുകളിൽനിന്നും പർച്ചേസ് ചെയ്യാൻ ശ്രദ്ധിക്കുക . വിശ്വാസ്യത ഉറപ്പാക്കാൻ അഡ്രസ് ബാറിലെ ലോക്ക് ഐക്കൺ എന്നിവ ഉണ്ടോയെന്ന് പരിശോധിക്കുക .
ഒരു പ്രോഡക്ട് അത് ഒരിക്കലും ലഭിക്കാൻ സാധ്യതയില്ലാത്ത ഓഫറിന് ലഭിക്കുമെന്ന് പറഞ്ഞാൽ ഒരിക്കലും വിശ്വസിക്കാതിരിക്കുക . നൂറു ശതമാനവും അതൊരു തട്ടിപ്പായിരിക്കും. ബ്ലാക്ക് ഫ്രൈഡെയിൽ സാധാരണ കണ്ടുവരുന്ന തട്ടിപ്പുകൾ ഇങ്ങനെയാണ്.
യാഥാർഥ്യമല്ലാത്ത വെബ്‌സൈറ്റുകളും പരസ്യങ്ങളും
തട്ടിപ്പുകാർ പ്രശസ്ത ബ്രാൻഡുകളുടെ വെബ്സൈറ്റുകൾക്കൊപ്പം മിക്കവാറും ഒരേപോലെ തോന്നിക്കുന്ന തട്ടിപ്പ് വെബ്സൈറ്റുകൾ സൃഷ്ടിക്കാറുണ്ട് .പർച്ചേസിന് മുൻപായി വെബ്‌സൈറ്റിന്റെ URL രണ്ടുതവണ പരിശോധിക്കുക.
ശ്രദ്ധിച്ചാൽ യഥാർത്ഥ ബ്രാൻഡിന്റെ പേരിൽ നിന്നും ഒന്നോ രണ്ടോഅക്ഷരം കൂടുതലോ കുറവോ കാണാൻ സാധിക്കും . എന്നാൽ ഇത് കണ്ടുപിടിക്കുക അത്ര എളുപ്പവുമല്ല. ക്ലിക്ക് ചെയ്യുന്നതിന് മുൻപ് ധനനഷ്ടത്തെക്കുറിച്ച് ഓർക്കുക.
വ്യാജ ഗിഫ്റ്റ് കാർഡുകളും കൂപ്പണുകളും
ബ്ലാക്ക് ഫ്രൈഡേയ്ക്ക് ഒരു ഗിഫ്റ്റ് കാർഡ് ഇമെയിലിൽ ലഭിച്ചോ ? യഥാർത്ഥ റീട്ടയിലേർസ് ഒരിക്കലും സൗജന്യമാണെന്ന് തോന്നുന്ന ഓഫറുകൾ നൽകില്ല.ലാഭം നമുക്ക് മാത്രം പോരല്ലോ അവർക്കും വേണ്ടേ ??
ഇമെയിൽ മുഖേനയോ മറ്റ് സമൂഹമാധ്യമങ്ങളിലൂടെയോ ലഭിക്കുന്ന ഗിഫ്റ്റ് കാർഡുകൾ ക്ലെയിം ചെയ്യുമ്പോൾ സൂക്ഷിക്കുക . ഗിഫ്റ്റ് തട്ടിപ്പുകാർക്കായിരിക്കും കിട്ടുക.
ലിമിറ്റഡ് സ്റ്റോക്ക് ഓഫറുകൾ
ചില തട്ടിപ്പ് സൈറ്റുകൾ വലിയ ബ്രാൻഡുകളുടെ പ്രൊഡക്ടുകൾക്ക് "വമ്പിച്ച വിലക്കുറവ്" വാഗ്ദാനം ചെയ്തേക്കാം , സ്റ്റോക്ക് കുറവാണെന്ന് പറഞ്ഞ് പരിഭ്രാന്തരാക്കിയേക്കാം. സൈറ്റിനെക്കുറിച്ച് കേട്ടിട്ടില്ലെങ്കിൽ, ഡീൽ വിശ്വസനീയമല്ലെന്ന് തോന്നുകയാണെങ്കിൽ ഒരിക്കലും അവരുടെ കെണിയിൽ വീഴാതിരിക്കുക .
എങ്ങനെ ബ്ലാക്ക് ഫൈഡേ തട്ടിപ്പ് തിരിച്ചറിയാം ?
സാങ്കേതികവിദ്യ വളരുന്നതിനനുസരിച്ച് തട്ടിപ്പുകാരും ചുവടുമാറ്റുന്നുണ്ട് . അവർ കൂടുതൽ പ്രൊഫഷണൽ രീതിയിലാണ് തട്ടിപ്പുകൾ ഒരുക്കുന്നത് . അതിനാൽ, ഷോപ്പിംഗ് ചെയ്യുമ്പോൾ ഇവയെ തിരിച്ചറിയുക അത്ര എളുപ്പമല്ല. എന്നാലും ചില സൂചനകൾ തട്ടിപ്പിൽ നിന്നും രക്ഷപ്പെടുത്തിയേക്കാം.
വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെടൽ
പാസ്‌വേഡുകൾ അല്ലെങ്കിൽ ബാങ്ക് വിവരങ്ങൾ ഇമെയിലിലോ മെസേജ് അല്ലെങ്കിൽ ഫോൺ കോൾ വഴിയോ ആവശ്യപ്പെടുന്നത് യഥാർത്ഥ കമ്പനികൾ ഒരിക്കലും ചെയ്യുകയില്ല. ഇങ്ങനെ ആരെങ്കിലും ആവശ്യപെട്ടാൽ അതൊരു മുന്നറിയിപ്പായി കണക്കാക്കുക .
ആവശ്യമില്ലാത്ത തിരക്ക് കൂട്ടൽ
"ഇപ്പോൾ തന്നെ വാങ്ങുക !" അല്ലെങ്കിൽ "പരിമിത കാല ഓഫർ!" എന്നിവ തട്ടിപ്പുകാർ കൂടുതലായി ഉപയോഗിക്കുന്ന വാചകങ്ങളാണ്. തിരക്ക് സൃഷ്ടിക്കുമ്പോൾ തെറ്റായ തീരുമാനങ്ങൾ എടുക്കാനുള്ള സാധ്യത കൂടുതലാണെന്ന് അവർക്കറിയാം . ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ വിവേകത്തോടെ പ്രവർത്തിക്കുക .
സംശയകരമായ ലിങ്കുകളും അറ്റാച്ച്മെന്റുകളും:
അപ്രതീക്ഷിതമായി ഒരു ലിങ്കോ അറ്റാച്ച്മെന്റോ ലഭിച്ചാൽ, ലിങ്കിൽ ഹോവർ ചെയ്ത് ഇത് എവിടേക്ക് പോകുന്നു എന്ന് പരിശോധിക്കുക. പരിചയമില്ലാത്ത ആളുകൾ അയക്കുന്ന അറ്റാച്ച്മെന്റുകൾ അവഗണിക്കുക. ലിങ്കുകളിലൂടെ പണം തട്ടുന്ന തട്ടിപ്പുകളെക്കുറിച്ച് അറിയുമല്ലോ ??
ഗ്രാമർ പിശകുകൾ
എല്ലാ തട്ടിപ്പുകളിലും അക്ഷരതെറ്റുകളോ ഗ്രാമർ തെറ്റുകളോ ഉണ്ടാകണമെന്നില്ല, എന്നാൽ പ്രൊഫഷണൽ അല്ലാത്ത ഭാഷയും തെറ്റായ ഗ്രാമറും കണ്ടാൽ ഓർക്കുക അത് നല്ല ഉദ്ദേശത്തോടുകൂടിയ ഒരു വെബ്‌സൈറ്റല്ല .
സൗജന്യ ഇമെയിൽ വിലാസങ്ങൾ
തട്ടിപ്പ് ഇമെയിലുകൾ പലപ്പോഴും Gmail അല്ലെങ്കിൽ Outlook പോലുള്ള സൗജന്യ ഇമെയിൽ വിലാസങ്ങളിൽ നിന്നാണ് വരാറുള്ളത് . ഇത് ആർക്കും എപ്പോൾ വേണമെങ്കിലും ഉണ്ടാക്കാൻ പറ്റാവുന്ന തരത്തിലുള്ളതുമാണ് . സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിന് മുമ്പ് വിലാസം ശ്രദ്ധാപൂർവം പരിശോധിക്കുക.
അഭിവാദ്യങ്ങൾ:
തട്ടിപ്പുകാർ സാധാരണയായി നിങ്ങളുടെ പേരുപയോഗിക്കുന്നത് ഒഴിവാക്കുകയും "Dear User" അല്ലെങ്കിൽ "Dear Customer" പോലുള്ള പൊതുവായ അഭിവാദ്യങ്ങൾ ഉപയോഗിക്കുകയും ചെയ്യും. അഭിവാദ്യത്തിൽ വ്യക്തിപരമായി പരാമര്ശിക്കുന്നില്ലെന്ന് തോന്നുകയാണെങ്കിൽ, തട്ടിപ്പ് ആകാനാണ് സാധ്യത കൂടുതൽ.
ബ്ലാക്ക് ഫ്രൈഡേ എല്ലാവരും മികച്ച ഡീലിനായി പരക്കം പായുന്ന ദിവസമാണ് . നിങ്ങളുടെ പരക്കം പാച്ചിൽ മറ്റൊരാൾക്ക് ലാഭം കൊയ്യാൻ വേണ്ടിയാവരുത് . സംശയാസ്പദമായ ഓഫറുകളും ഡീലുകളും ഒഴിവാക്കി സുരക്ഷിതമായി പർച്ചേസിംഗ് നടത്താൻ ശ്രദ്ധിക്കുക . ഹാപ്പി ഷോപ്പിംഗ്.