whatsapp-privacy

TOPICS COVERED

 വാട്സാപ് ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് എത്ര വര്‍ഷമായി? കുഴപ്പിക്കുന്ന ചോദ്യം തന്നെ അല്ലേ? 2009ലാണ് വാട്സാപ് ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്നത്. ആദ്യം ആപ്പിളിലും പിന്നീട് ബ്ലാക്ക്ബെറിയിലും ലഭ്യമായപ്പോള്‍ ആന്‍ഡ്രോയിഡിലേക്കെത്താന്‍ വീണ്ടും ഒരു വര്‍ഷമെടുത്തു. അതിനിടയില്‍ ഒരുപാട് മാറ്റങ്ങള്‍ ഒരുപാട് അപ്ഡേറ്റുകള്‍. ഇപ്പോഴിതാ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ രംഗത്ത് പ്രൈവസിയുടെയും സുരക്ഷയുടെയും കാര്യത്തില്‍ ജനപ്രിയ ആപ്പ് പത്തുവര്‍ഷം പിന്നിട്ടിരിക്കുന്നു. ഈ അവസരത്തില്‍ പുതിയ അപ്ഡേറ്റുകള്‍ പ്രഖ്യാപിക്കാനൊരുങ്ങുകയാണ് കമ്പനി.2014ലാണ് ആദ്യ സെക്യൂരിറ്റി ഫീച്ചറായ റീഡ് റെസിപ്റ്റുകള്‍ അവതരിപ്പിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ഉപഭോക്തൃ സുരക്ഷ മുന്‍നിര്‍ത്തി ഒരുപാട് അപ്ഡേറ്റുകള്‍ ആപ്പ് പുറത്തിറക്കി. 2024-ൽ അവതരിപ്പിച്ച ഗ്രൂപ്പ് കോണ്ടക്സ്റ്റ് കാര്‍ഡാണ് ഏറ്റവും പുതിയ അപ്ഡേഷന്‍.

വാട്സാപ്പിന്‍റെ അടിസ്ഥാനം തന്നെ അതിന്‍റെ എൻഡ്-ടു-എൻഡ് എൻക്രിപ്ഷന്‍ ഓപ്ഷനാണ്. ഇതാണ് നാമയക്കുന്ന മെസേജുകളും കോളുകളും സുരക്ഷിതമാക്കി വെയ്ക്കുന്നത്. ചാറ്റുകളില്‍ നിന്നും ആവശ്യമില്ലാത്ത മെസേജുകള്‍ കളയാന്‍ സഹായിക്കുന്ന ഡിസപ്പിയറിങ് മെസേജ്, കൂടുതല്‍ സുരക്ഷ വാഗ്ദാനം ചെയ്യുന്ന ടു– സ്റ്റെപ്പ് വെരിഫിക്കേഷന്‍ ഓപ്ഷന്‍, വ്യൂ വണ്‍സ് മീഡിയ ഓപ്ഷന്‍, ചാറ്റുകള്‍ ബ്ലോക്ക് ചെയ്യാനും മെസേജുകള്‍ റിപ്പോര്‍ട്ട് ചെയ്യാനുമുള്ള ഓപ്ഷനുകളും വാട്സാപ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉപഭോക്താക്കള്‍ക്കായി പുറത്തിറക്കുകയുണ്ടായി.

ഇന്ത്യയിൽ ഈ വർഷം നടന്ന പ്രൈവസി ഷോക്കേസ് എന്ന പരിപാടിയിൽ വാട്സാപ്പിന്‍റെ വി.പിയും ഹെഡ് ഓഫ് പ്രൊഡക്ടുമായ ആലീസ് ന്യൂട്ടണ്‍ റെക്സ് ഇങ്ങനെ പറഞ്ഞു: “സ്വകാര്യവും സുരക്ഷിതവുമായ ആശയവിനിമയമാണ് വാട്സാപ്പിന്റെ മുഖ്യസവിശേഷത, അതെന്നും അങ്ങനെ തുടരും. പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ ഞങ്ങളെ പ്രേരിപ്പിക്കുകയും മുന്നോട്ടു നയിക്കുകയും ചെയ്യുന്നത് അതാണ്.” മെറ്റ എ.ഐയാണ് വാട്സ് ആപ്പിന്‍റേതായി ഈ വര്‍ഷം പുറത്തിറങ്ങിയ ഏറ്റവും മികച്ച അപ്ഡേറ്റ്. അത് ഉപഭോക്താക്കള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റസിജന്‍സുമായി സംവദിക്കാനുള്ള അവസരം നല്‍കി. ചാറ്റിങിലേക്ക് അതിന്‍റെ ഫീച്ചറുകളെ കൊണ്ടുവരാനും വാട്സാപ്പിന് കഴിഞ്ഞു. വാട്സാപ്പിന്‍റെ ഏറ്റവും വലിയ വിപണി കൂടിയായ ഇന്ത്യ മെറ്റ എ.ഐ ഏറ്റെടുത്തു. ഹിന്ദി ഉള്‍പ്പടെയുള്ള ഭാഷകളില്‍ ഇത് ലഭ്യമായത് ഉപഭോക്താക്കള്‍ക്ക് ഉപകാരപ്രദമാവുകയും ചെയ്തു. ഇന്നും ഭാവിയിലും മെസജിങിലൂടെയായിരിക്കും തന്നെയായിരിക്കും മനുഷ്യന്‍ എ.ഐയുമായി സംവദിക്കുകയെന്ന് ആലീസ് അഭിപ്രായപ്പെട്ടു.ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിനെ സുരക്ഷിതമായി ഉപയോഗിക്കാന്‍ കഴിഞ്ഞത് വാട്സാപ്പിന്‍റെ വലിയ ഒരു മേന്മയായി അവര്‍ ചൂണ്ടിക്കാട്ടി.

ആപ്പിന്‍റെ 2024ലെ പ്രധാന അപ്ഡേറ്റുകളിലൊന്നായിരുന്നു ചാനലുകള്‍. ടെലഗ്രാമില്‍ മാത്രമുണ്ടായിരുന്ന ഈ ഫീച്ചര്‍ മെറ്റ വാട്സ് ആപ്പിലുമെത്തിച്ചു. ഇതിലൂടെ സംഘടനകളുടെയും, വാര്‍ത്താദാതാക്കളുടെയും ഫാക്ട് ചെക്കേഴ്സിന്‍റെയും അപ്ഡേറ്റുകള്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട് ലഭിച്ചു. ഇതൊരുപരിധിവരെ തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നത് തടഞ്ഞു. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സാങ്കേതികപരമായും അല്ലാതെയും വാട്സാപ് പല മാറ്റങ്ങളും കൊണ്ടുവന്നു. പ്രതിമാസ സുരക്ഷാ റിപ്പോർട്ടുകൾ ദുരുപയോഗം തടയാനുള്ള പ്രായോഗിക നടപടികളെ ഉപഭോക്താക്കള്‍ക്ക് പറഞ്ഞുകൊടുക്കുന്നു, ഇത് ഉൾപ്പെടെ ആപ്പ് ദുരുപയോഗം ചെയ്യുന്ന അക്കൗണ്ടുകൾ നിരോധിക്കുന്നതിലും കമ്പനി പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്. 2024-ൽ മാത്രം ഇന്ത്യയിൽ 73.6 മില്യൺ അക്കൗണ്ടുകളാണ് നിരോധിക്കപ്പെട്ടത്. ഇതിൽ 13.7 മില്യൺ അക്കൗണ്ടുകള്‍ ജനുവരിയിൽ നിന്ന് ഒക്ടോബർ വരെയുള്ള കാലയളവിൽ മാത്രം നീക്കംചെയ്തതാണ്.

2019ലാണ് ആപ്പ് ഫേസ് ഐഡി, ടച്ച് ഐഡി ഓതന്‍റിക്കേഷന്‍ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നത്. ഇത് ഫോണ്‍ ഉടമയുടെ അനുവാദമില്ലാതെ ആപ്പ് തുറക്കാന്‍ ആരെയും അനുവദിക്കാതെയാക്കി, 2020ല്‍ ആവശ്യമില്ലാത്ത മെസേജുകള്‍ ഓട്ടോമാറ്റിക്കായി നീക്കം ചെയ്യാനായി ഡിസപ്പിയറിങ് മെസേജ് ഫീച്ചര്‍ അവതരിപ്പിച്ചു. ഇത് ഗ്രൂപ്പ് ചാറ്റിലും പേഴ്സണല്‍ ചാറ്റിലും ലഭ്യമാക്കി. 2023ല്‍ ആരെ കാണിക്കണോ അവര്‍ക്ക് മാത്രമായി സ്റ്റാറ്റസ് ഇടാന്‍ പറ്റുന്ന പ്രൈവറ്റ് സ്റ്റാറ്റസ് ഓഡിയന്‍സ് സെലക്ടറും അപരിചിതരുടെ ഫോണ്‍ വന്നാല്‍ നോട്ടിഫിക്കേഷന്‍ തരാത്ത സൈലന്‍സ് അണ്‍നോണ്‍ ഫീച്ചറും കൊണ്ടുവന്നു. ഈ വര്‍ഷം ഗ്രൂപ്പ് കോണ്ടക്സ്റ്റ് കാര്‍ഡും പാസ്കീ വെരിഫിക്കേഷന്‍ ഫീച്ചറും കൊണ്ടുവരികയുണ്ടായി. പുതുവര്‍ഷത്തില്‍ സ്വകാര്യതയ്ക്കും മെച്ചപ്പെട്ട ഉപയോഗത്തിനുമായി വാട്സാപ് എന്തൊക്കെ അപ്ഡേറ്റുകള്‍ പുറത്തിറക്കുമെന്ന് കാത്തിരുന്നുകാണാം.

ENGLISH SUMMARY:

whatsapp celebrates 10-years of privacy check out new features