രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ഒന്‍പതുമാസമായി കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരിച്ചെത്തിക്കാനുള്ള സ്പേസ് എക്സിന്‍റെ റോക്കറ്റിന്റെ നിര്‍ണായക ദൗത്യം ഒരുപടികൂടി അടുത്തു. രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിലേക്ക് കുതിച്ചുയര്‍ന്ന ഫാല്‍ക്കണ്‍ 9 റോക്കറ്റ് അല്‍പ്പസമയത്തിനകം കേന്ദ്രത്തില്‍ ഡോക്ക് ചെയ്യും. തുടര്‍ന്ന് ഒന്നര മണിക്കൂറിന് ശേഷം ഹാച്ച് തുറന്ന് സ്റ്റേഷനിൽ പ്രവേശിക്കും. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സ്ന്ററില്‍ നിന്ന് വെള്ളിയാഴ്ചയാണ് ഫാല്‍ക്കണ്‍ റോക്കറ്റ് കുതിച്ചുയര്‍ന്നത്.
നേരത്തെ ബുധനാഴ്ച നടത്താനിരുന്ന വിക്ഷേപണം ഗ്രൗണ്‍ സപ്പോര്‍ട്ട് ക്ലാംപിലെ പ്രശ്നം കാരണം മാറ്റിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് പ്രശ്നം പരിഹരിച്ചശേഷം വെള്ളിയാഴ്ച വിക്ഷേപണം നടത്തുകയായിരുന്നു. നാസയുടെ ആന്‍ മക്്‍ലെയ്ന്‍, നിക്കോളെ അയേഴ്സ്, ജപ്പാന്‍റെ ടകുയു ഒനിഷി, റഷ്യയുടെ കിരില്‍ പെസ്കോവ് എന്നിവരാണ് ക്രൂ ടെന്‍ ദൗത്യത്തില്‍ ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടത്. നാലുപേരും പഠനങ്ങള്‍ക്കായി നിലയത്തില്‍ തുടരും. 2024 ജൂണ്‍ അഞ്ചിനാണ് സുനിതയും വില്‍മോറും ബഹിരാകാശ നിലയത്തില്‍ എത്തിയത്. ഇവരെ ബുധനാഴ്ചയോടെ തിരിച്ചെത്തിക്കാമെന്നാണ് നാസയുടെ കണക്കുകൂട്ടല്‍.