Untitled design - 1

TOPICS COVERED

കണ്ടന്‍റ്  ക്രിയേറ്റേഴ്സിനായി പുതിയ വിഡിയോ എഡിറ്റിങ് ആപ്പ് പുറത്തിറക്കാനൊരുങ്ങി ഇന്‍സ്റ്റഗ്രാം. പൂര്‍ണമായും സൗജന്യമായി പ്രവര്‍ത്തിക്കുന്ന എഡിറ്റ്സ് ആപ്പ് ഉപയോഗിച്ച് ക്രിയേറ്റേഴ്സിന് 10 മിനുട്ട് വരെ ദൈര്‍ഘ്യമുള്ള വിഡിയോകള്‍ എഡിറ്റ് ചെയ്യാന്‍ സാധിക്കും.നിലവില്‍ ഇന്‍സ്റ്റഗ്രാം നല്‍കുന്നതിനേക്കാള്‍ കൃത്യതയുള്ള ക്രിയേറ്റീവായ വിഡിയോ ഔട്ട്പുട്ടുകള്‍ തരാന്‍ എഡിറ്റ്സിനാകും. പ്രധാന എതിരാളിയായ കാപ്​കട്ട് യുഎസില്‍ ഓഫ്​ലൈന്‍ സേവനം ആരംഭിച്ചതിനുപിന്നാലെയാണ് ഇന്‍സ്റ്റഗ്രാം പുതിയ ആപ്പ് പ്രഖ്യാപിച്ചത് എന്നതാണ് ടെക് ലോകത്തെ സംസാരം.പ്രവര്‍ത്തനത്തിലും കാഴ്ചയിലും കാപ്​കട്ടിനെ കവച്ചുവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

മൊബൈല്‍ ഫോണില്‍ വിഡിയോകള്‍ എഡിറ്റ് ചെയ്യുന്നവരെയാണ് ഇന്‍സ്റ്റഗ്രാം പുതിയ ആപ്പിന്‍റെ ലോഞ്ചിലൂടെ ലക്ഷ്യമിടുന്നത്. 

ഉയർന്ന നിലവാരമുള്ള വീഡിയോ ക്യാപ്‌ചർ, ഡ്രാഫ്റ്റുകൾക്കും വീഡിയോകൾക്കുമായി ഒരു പ്രത്യേക ടാബ്, റെസല്യൂഷൻ, ഫ്രെയിം റേറ്റ്, ഡൈനാമിക് റേഞ്ച് എന്നിവയ്‌ക്കനുസരിച്ച് ക്യാമറ ക്രമീകരണങ്ങൾ നടത്താനുള്ള സൗകര്യം എന്നിവയുൾപ്പെടെ വിവിധ സവിശേഷതകളോടെയാണ് എഡിറ്റ്സ് എന്ന മൊബൈൽ വീഡിയോ എഡിറ്റിംഗ് ആപ്പ് ഇന്‍സ്റ്റഗ്രാം പുറത്തിറക്കുന്നത്. ഉപയോക്താക്കൾക്ക് ആനിമേഷനുകൾ സൃഷ്‌ടിക്കുന്നതിന് AI- സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനും കഴിയും.

ഇൻസ്റ്റാഗ്രാം സി.ഇ.ഒ ആദം മോസേരിയാണ് ഇൻസ്റ്റഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചത്. അദ്ദേഹം ഇങ്ങനെ കുറിച്ചു; “നിങ്ങളുടെ ഫോണിൽ വീഡിയോകൾ നിർമ്മിക്കാൻ താൽപ്പര്യമുള്ളവർക്കായി ഞങ്ങൾ ഇന്ന് “എഡിറ്റ്സ്” എന്ന പേരിൽ ഒരു പുതിയ ആപ്പ് പ്രഖ്യാപിക്കുകയാണ്. ഇപ്പോൾ ഒരുപാട് കാര്യങ്ങൾ നടക്കുന്നുണ്ട്, എന്നാൽ എന്ത് സംഭവിച്ചാലും, സ്രഷ്‌ടാക്കൾക്ക് സാധ്യമായ ഏറ്റവും മികച്ച ഉപകരണങ്ങൾ നൽകേണ്ടത് ഞങ്ങളുടെ ജോലിയാണ്.' .ഇൻസ്റ്റാഗ്രാമിന്‍റെ പുതിയ ആപ്പ് iOS ആപ്പ് സ്റ്റോറിൽ പ്രീഓർഡറിന് ലഭ്യമാണ്, 2025 മാർച്ച് 13-നാണ് ലോഞ്ച് ചെയ്യുക. ഉടന്‍ തന്നെ ആന്‍ഡ്രോയിഡിലും ലഭ്യമാകും.

ENGLISH SUMMARY:

instagram unveil standalone video editing app edits for creators