ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ (എഐ) സഹായത്തോടെ അലക്സയുടെ വോയ്സ് അസിസ്റ്റ് സാങ്കേതികവിദ്യയില്‍ പുതിയ മാറ്റങ്ങള്‍ വരുത്താന്‍ പദ്ധതിയിട്ട് ആമസോണ്‍. പുതിയ വോയിസ് അസിസ്റ്റന്‍റ് ഈ വര്‍ഷം അവസാനത്തോടെ ആമസോണ്‍ അവതരിപ്പിക്കും. പ്രതിമാസ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനോടുകൂടിയായിരിക്കും പുതിയ അലക്സ അവതരിപ്പിക്കുക. എന്നാല്‍ സബ്‌സ്‌ക്രിപ്ഷന്‍ നിരക്കുകള്‍ കമ്പനി പ്രഖ്യാപിച്ചിട്ടില്ല.
ഗൂഗിൾ, ഓപ്പൺഎഐ പോലുള്ള കമ്പനികളിൽ നിന്നുള്ള മറ്റ് എഐ- പവർ അസിസ്റ്റന്‍റുമാരില്‍ നിന്നുള്ള മത്സരം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ആമസോണ്‍ പുതിയ പദ്ധതിക്ക് ലക്ഷ്യമിടുന്നതെന്ന് സിഎന്‍ബിസി റിപ്പോര്‍ട്ട് പറയുന്നു. നിലവിൽ, ടൈമറുകൾ സജ്ജീകരിക്കുകയോ സംഗീതം പ്ലേ ചെയ്യുകയോ പോലുള്ള വോയ്‌സ് കമാൻഡുകൾ അടിസ്ഥാനമാക്കിയുള്ള നിര്‍ദേശങ്ങളാണ് അലക്സ നിര്‍വഹിക്കുന്നത്.
എന്നാല്‍, ഓപ്പൺ എഐയുടെ ജിപിടി–4ഒ പോലെയുള്ള എഐയിലെ സമീപകാല മുന്നേറ്റങ്ങൾ കൂടുതല്‍ സ്വാഭാവികമായ രീതിയില്‍ സംസാരിക്കാനും, ഭാഷ തിരിച്ചറിയാനും പ്രൊസസ് ചെയ്യാനും സാധിക്കുന്നവയാണ്. ഈ പുതിയ സാങ്കേതികവിദ്യകളുമായി മത്സരിക്കാൻ കഴിയുന്ന തരത്തില്‍ അലക്‌സയുടെ കൂടുതൽ സംഭാഷണ പതിപ്പ് വികസിപ്പിക്കാനാണ് ആമസോണിന്‍റെ തീരുമാനം.
നവീകരിച്ച അലക്‌സ ഈ വർഷാവസാനം ലഭ്യമാകും. ആമസോണിന്‍റെ പ്രൈം മെമ്പര്‍ഷിപ്പിന്‍റെ ഭാഗമാകില്ല ഇത്. പകരം, സബ്സ്ക്രിപ്ഷന്‍ രീതിയാകും നല്‍കുക. മറ്റ് ഉൽപ്പന്നങ്ങൾക്കൊപ്പം സൗജന്യ സേവനമായി അലക്‌സ വാഗ്ദാനം ചെയ്തിരുന്ന ആമസോണിന്‍റെ മുൻ രീതികളില്‍ നിന്ന് മാറ്റം ഉണ്ടാകും.