ഗെയിമിങ്ങിലും എഐ അനുഭവം സാധ്യമാക്കാനൊരുങ്ങി ഷെമാരൂ എന്റർ‌ടെയ്ന്‍‌മെന്റ്സ്. എ ഐ ഗെയിം ഡെവലപ്മെന്‍റ് പ്ലാറ്റ്ഫോമായ ജിമെട്രിയുമായി സഹകരിച്ചാണ് എഐ ഗെയിമിങ് എത്തിക്കാന്‍ ഷെമാരൂ തയ്യാറെടുക്കുന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രത്യേകതകള്‍ പ്രയോജനപ്പെടുത്തി ഇമ്മേഴ്‌സീവ് ഗെയിമുകൾ ആസ്വദിക്കാൻ കഴിയുന്ന ഐപി അതിഷ്‌ഠിത ഗെയിമുകൾ ഷെമാരൂ അവതരിപ്പിക്കും. Web3.0 പ്ലാറ്റ്‌ഫോമിലേക്കാകും ഗെയിമുകള്‍ എത്തുക.

ഷെമാരൂ എന്റർടെയ്ൻമെന്റിന്റെ ഉടമസ്ഥതയിലുള്ള ജനപ്രിയ ബോളിവുഡ് സിനിമകളായ ജബ് വീ മെറ്റ്, ഗോൾമാൽ, ഡിസ്കോ ഡാൻസർ, അമർ അക്ബർ അന്തോണി എന്നിവയും അടിസ്ഥാനമാക്കിയുള്ള ഗെയിമുകൾ പ്രതീക്ഷിക്കാം. ചിത്രങ്ങളുടെ പശ്ചാത്തലം, കഥാപാത്രങ്ങള്‍ എന്നിവയും എഐ സഹായത്തോടെ ഗെയിമുകളില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചേക്കുമെന്നാണ് സൂചനകള്‍.

ജിമെട്രിയുമായി ചേര്‍ന്ന് മെച്ചപ്പെട്ട ഗ്രാഫിക്സും റെസൊല്യൂഷനും ഗെയിമുകളില്‍ കൊണ്ടുവന്ന് മികച്ച ഗെയിമിങ്ങ് അനുഭവം നല്‍കാനാണ് ഷെമാരൂ എന്റർ‌ടെയ്ന്‍‌മെന്റ്സിന്റെ ശ്രമം. ഉപഭോക്താക്കൾക്ക് കൂടുതൽ ആകർഷകമായ അനുഭവം നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് ഷെമാരൂ എന്റർ‌ടെയ്ന്‍‌മെന്റ്സിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ അർഘ്യ ചക്രവർത്തി പറഞ്ഞു.

ENGLISH SUMMARY:

ShemarooVerse launches futuristic immersive AI gaming experience with GMetri