ഗൂഗിളിന്‍റെ പിക്സല്‍ 9 സീരിസ് ഇന്ത്യയില്‍ റിലീസിനൊരുങ്ങുന്നു. സ്വാതന്ത്ര്യദിന തലേന്നാണ് ഫോണ്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യാന്‍ നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. ആകര്‍ഷകമായ ഫോള്‍ഡബിള്‍ മോഡലുള്‍പ്പടെ നാല് മോഡലുകളാണ് ഗൂഗിള്‍ പുറത്തിറക്കുന്നത്. പിക്സല്‍ 9, പിക്സല്‍ 9 പ്രോ, പിക്സല്‍ 9 പ്രോ എക്സ് എല്‍, പിക്സല്‍ 9 പ്രോ ഫോള്‍ഡ് എന്നിവയാണവ. ഫ്ലിപ്കാര്‍ട്ട് വഴിയാകും ഫോണ്‍ ഓണ്‍ലൈനില്‍ ലഭ്യമാകുക. ഇന്ത്യയിലെത്തുന്നതിനും ഒരു ദിവസം മുന്‍പ്, അതായത് ഓഗസ്റ്റ് 13നാണ് രാജ്യാന്തര ലോഞ്ച് നിശ്ചയിച്ചിരിക്കുന്നത്.
ഫീച്ചറുകള്‍ ഇങ്ങനെ..
ഡാര്‍ക്ക് ഗ്രേ, ലൈറ്റ് ഗ്രേ, ഓഫ് വൈറ്റ്, പിങ്ക് നിറങ്ങളിലാകും ഫോണ്‍ പുറത്തിറങ്ങുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഗ്ലോസി ഫ്രെയിമും പരുക്കന്‍ ബാക്ക് പാനലുമാകും ഫോണുകള്‍ക്കുണ്ടാവുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. കാമറ ഡിസൈനിലും ആകര്‍ഷകമായ മാറ്റങ്ങള്‍ ഉണ്ടാകും. പ്രോ മോഡലുകളില്‍ മൂന്ന് ലെന്‍സുകളും റെഗുലര്‍ പിക്സലിന് രണ്ട് ലെന്‍സുകളുമാണ് പ്രതീക്ഷിക്കുന്നത്. പിക്സല്‍ 9 പ്രോ ഫോള്‍ഡില്‍ ദീര്‍ഘചതുരാകൃതിയോട് കൂടി വൃത്താകാരത്തിലാകും കാമറ പോഡുണ്ടാവുക. അതേസമയം, ഫോള്‍ഡബിള്‍ അല്ലാത്ത മോഡലുകളില്‍ ദീര്‍ഘ ചതുരാകൃതിയില്‍ തന്നെയാകും കാമറ കോര്‍ണര്‍.
ഗൂഗിള്‍ പിക്സല്‍ 9 പ്രോ ഫോള്‍ഡ്
ഗൂഗിള്‍ പുറത്തിറക്കുന്ന രണ്ടാമത്തെ ഫോള്‍ഡബിള്‍ ഫോണാണ് ഗൂഗിള്‍ പിക്സല്‍ 9 പ്രോ ഫോള്‍ഡ്. ഇന്ത്യയിലെത്തുന്ന ഗൂഗിളിന്റെ ആദ്യ ഫോള്‍ഡബിള്‍ മോഡലും. ഗൂഗിള്‍ ഫോള്‍ഡെന്ന മുന്‍ മോഡലിനെ അപേക്ഷിച്ച് കുറച്ച് കൂടി വലിയതാകും ഡിസ്പ്ലേ. ഉള്ളിലെ ഡിസ്പ്ലേയ്ക്ക് 8 ഇഞ്ച് നീളമുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗൂഗിള്‍ ഫോള്‍ഡില്‍ ഇത് 7.4 ഇഞ്ചായിരുന്നു. എഐ ഉള്‍പ്പടെ ആകര്‍ഷകമായ ഫീച്ചറുകളോടെയാവും പിക്സല്‍ സീരിസ് പുറത്തിറങ്ങുകയെന്നാണ് പ്രതീക്ഷ.