The new Pixel 9 smart phone series is displayed at a Made by Google event in Mountain View, California, U.S. August 13, 2024.

The new Pixel 9 smart phone series is displayed at a Made by Google event in Mountain View, California, U.S. August 13, 2024.

പിക്സല്‍ 9 സീരീസ് ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍. പിക്സല്‍ 9, പിക്സല്‍ 9 പ്രോ, പിക്സല്‍ 9 പ്രോ എക്സ്എല്‍ എന്നീ മൂന്ന് വേരിയന്‍റുകളാണ് ഇന്ത്യയിലും എത്തുന്നത്. അത്യാധുനിക സാങ്കേതികവിദ്യയും മികച്ച ആൻഡ്രോയിഡ് അനുഭവവും സീരീസ് വാഗ്ദാനം ചെയ്യുന്നു. ടോപ്പ്-എൻഡ് മോഡലിനൊപ്പമാണ് പ്രീമിയം മോഡലായ പിക്‌സൽ 9 പ്രോയും പുറത്തിറക്കിയത്. അതേസമയം എക്സ്എല്‍ മോഡല്‍ ആപ്പിളിന്‍റെ നിലവിലെ ഐഫോൺ ലൈനപ്പിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടായിരിക്കാം എന്നാണ് കരുതുന്നത്. സീരീസിന്‍റെ പ്രത്യേകതകളറിയാം...

പിക്സല്‍ 9

1080 x 2424 പിക്സൽ റെസല്യൂഷനില്‍ 6.3 ഇഞ്ച് വലിപ്പമുള്ള ആക്ച്വല്‍ എല്‍ഇഡി ഡിസ്‌പ്ലേ, 2700 നിറ്റ്‌സ് ഉയര്‍ന്ന ബ്രൈറ്റ്‌നെസ്, 60Hz മുതൽ 120Hz വരെയുള്ള ഡൈനാമിക് റിഫ്രഷ് റേറ്റ് എന്നിവയാണ് പിക്സല്‍ 9 മോഡലിന്‍റെ പ്രത്യേകതകള്‍. കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 കോട്ടിങാണ് സ്ക്രീനിന് പ്രൊട്ടക്ഷന്‍ നല്‍കുന്നത്.

ടൈറ്റൻ എം2 സെക്യൂരിറ്റി കൊ–പ്രോസസറിനൊപ്പം ഗൂഗിളിന്‍റെ ടെൻസർ ജി4 പ്രോസസറാണ് പിക്സൽ 9ന് ശക്തി നല്‍കുന്നത്. വേഗതയേറിയ പ്രകടനവും മൾട്ടി-ലെയർ ഹാർഡ്‌വെയർ സുരക്ഷയും ഇത് വാഗ്ദാനം ചെയ്യുന്നു. ആന്‍റി മാൽവെയറും ആന്‍റി ഫിഷിങ് സുരക്ഷയുമാണ് മോഡലുകള്‍ എത്തുന്നത്. 12 ജിബി റാമും 128 ജിബി, 256 ജിബി സ്റ്റോറേജ് ഓപ്ഷനുകളും നൽകുന്നുണ്ട്.

50 മെഗാപിക്സൽ വൈഡ് ലെൻസും 48 മെഗാപിക്സൽ അൾട്രാവൈഡ് ലെൻസും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറയാണുള്ളത്. 8x വരെയുള്ള സൂപ്പർ റെസ് സൂം, ദൂരെ നിന്ന് പോലും വ്യക്തമായി ഫോട്ടോ എടുക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നു. 45W ഫാസ്റ്റ് ചാർജിങിനെ പിന്തുണയ്ക്കുന്ന 4700mAh ബാറ്ററിയും വയർലെസ് ചാർജിങുമാണ് മറ്റ് പ്രത്യേകതകള്‍. ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫോണില്‍ ഏഴ് വര്‍ഷത്തെ ഒഎസ് അപ്‌ഡേറ്റുകള്‍ ലഭിക്കും.

പിക്സൽ 9 പ്രോ

പിക്സൽ 9 അടിസ്ഥാന മോഡലിന്‍റെ അതേവലുപ്പത്തിലുള്ള ഡിസ്പ്ലേയുമായിട്ടാണ് പിക്സൽ 9 പ്രോ എത്തുന്നത്. 1280 x 2856 പിക്സല്‍ റെസലൂഷനിലുള്ള 6.3 ഇഞ്ച് എല്‍ടിപിഒ ഒഎല്‍ഇഡി ഡിസ്‌പ്ലേയാണുള്ളത്. കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 കോട്ടിംഗോടുകൂടിയാണ് സ്ക്രീന്‍ എത്തുന്നത്. 3000 നിറ്റ്‌സ് ഉയര്‍ന്ന ബ്രൈറ്റ്‌നെസും ഡിസ്‌പ്ലേ വാഗ്ദാനം ചെയ്യുന്നു.1Hz മുതൽ 120Hz വേരിയബിള്‍ റിഫ്രഷ് റേറ്റാണിതിനുള്ളത്.

ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റം, 48 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ് എന്നിവയാണ് ക്യാമറയുടെ പ്രത്യേകത. 30x വരെ സൂപ്പർ റെസ് സൂമും ലഭിക്കും. 5x വരെ ഒപ്റ്റിക്കൽ സൂമും ഉണ്ട്. ബാക്ക് ക്യാമറയില്‍ 50 മെഗാപിക്സൽ ഒക്ട പിഡി വൈഡ് ക്യാമറയും 48 മെഗാപിക്സൽ ക്വാഡ് പിഡി അൾട്രാവൈഡ് ക്യാമറയും ഉൾപ്പെടുന്നു.

16 ജിബി റാമിലാണ് മോഡല്‍ എത്തുന്നത്. കൂടാതെ 128 ജിബി മുതൽ 1 ടിബി വരെ സ്റ്റോറേജ് കപ്പാസിറ്റി വാഗ്ദാനം ചെയ്യുന്നുണ്ട്. 45W വയർഡ് ചാര്‍ജിങിനെ പിന്തുണയ്ക്കുന്ന 4700mAh ബാറ്ററിയും വയർലെസ് ചാർജിങ് പിന്തുണയും ലഭ്യമാണ്.

പിക്‌സല്‍ 9 പ്രോ എക്‌സ്എല്‍

കോർണിങ് ഗൊറില്ല ഗ്ലാസ് വിക്‌റ്റസ് 2 കോട്ടിംഗോടുകൂടിയ വലിയ 6.8-ഇഞ്ച് 24-ബിറ്റ് എൽടിപിഒ ഒഎൽഇഡി ഡിസ്‌പ്ലേയും 1344 x 2992 പിക്‌സൽ റെസലൂഷനും കൂടുതൽ പ്രീമിയം അനുഭവം നൽകുന്നു. 120 ഹെര്‍ട്‌സ് വരെ റിഫ്രഷ് റേറ്റും 3000 നിറ്റ്സ് ഉയര്‍ന്ന ബ്രൈറ്റനസും ലഭിക്കും. ടെൻസർ G4 പ്രോസസറാണ് നൽകുന്നത്, കൂടാതെ 30x സൂപ്പർ റെസ് സൂം കൈവരിക്കാൻ കഴിവുള്ള അതേ ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റമാണുള്ളത്. 

30 മിനിറ്റിനുള്ളിൽ 70 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുന്ന 5,060mAh ബാറ്ററിയാണുള്ളത്. 16 ജിബി റാമിൽ ലഭിക്കുന്ന മോഡല്‍ 128 ജിബി, 256 ജിബി, 512 ജിബി, 1 ടിബി എന്നിങ്ങനെ വിപുലമായ സ്റ്റോറേജ് ഓപ്ഷനുകളിലാണ് എത്തുന്നത്.

വില

74,999 രൂപയിലാണ് പിക്സല്‍ 9 സീരീസ് ആരംഭിക്കുന്നത്. 128 ജിബി സ്റ്റാന്‍ഡേഡ് മോഡലിന്‍റെ വിലയാണിത്. പിക്സല്‍ 9 പ്രോ 94,999 രൂപയിലും പിക്സല്‍ 9 പ്രോ എക്സ്എല്ലിന് 1,14,999 രൂപയുമാണ് വില. ഒബ്‌സിഡിയൻ, പോർസലൈൻ, വിന്‍റര്‍ഗ്രീൻ, പിയോണി, ഹേസൽ, റോസ് ക്വാർട്‌സ് തുടങ്ങി വിവിധ നിറങ്ങളിലും പുതിയ പിക്‌സൽ 9 സീരീസ് ലഭ്യമാണ്.

എവിടെ വാങ്ങാം

ഫ്ലിപ്കാർട്ട്, ക്രോമ, റിലയൻസ് ഡിജിറ്റൽ, തിരഞ്ഞെടുത്ത ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി വാങ്ങാൻ സാധിക്കും. പിക്സല്‍ 9, പിക്സല്‍ 9 Pro XL എന്നിവയുടെ പ്രീ-ഓർഡറുകൾ നാളെ ആരംഭിക്കും, ഓഗസ്റ്റ് 22 മുതൽ ലഭ്യമാകും. അതേസമയം സാധാരണ പ്രോ മോഡലും പിക്സൽ ഫോൾഡും ഉടൻ വിപണിയിലെത്തും. എന്നാൽ കൃത്യമായ തീയതികൾ പുറത്തുവിട്ടില്ല. ഉപയോക്താക്കൾക്ക് പിക്സല്‍ 9 ഉപകരണങ്ങൾക്കൊപ്പം 1 വർഷം വരെ ഗൂഗിള്‍ വണ്‍ എഐ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും.

ENGLISH SUMMARY:

Google has launched the Pixel 9 series in India. Pixel 9, Pixel 9 Pro and Pixel 9 Pro XL will be available in country. The series offers modern technology and the best Android experience.