കഴിഞ്ഞ ജൂലൈയിലാണ് സ്വകാര്യ ടെലികോം കമ്പനികൾ രാജ്യത്ത് നിരക്ക് വർധന പ്രഖ്യാപിച്ചത്. നിരക്ക് വര്‍ധിപ്പിക്കാത്ത ഏക കമ്പനിയായ ബി.എസ്.എൻ.എല്ലിന് ഇത് വലിയ നേട്ടമായി. നിരവധി പേരാണ് ബി.എസ്.എൻ.എല്ലിലേക്ക് കൂടുമാറിയത്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണവും ഈ പ്രവണതക്ക് ആക്കം കൂട്ടി. എന്നാൽ ഈ സുവർണ്ണാവസരം പൂർണമായി പ്രയോജനപ്പെടുത്താൻ ബി.എസ്.എൻ.എല്ലിന് സാധിക്കുന്നില്ലെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
സ്വകാര്യ ടെലികോം കമ്പനികളായ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവയ്ക്ക് കഴിഞ്ഞ മാസങ്ങളിൽ വലിയ തോതിൽ ഉപയോക്താക്കളെ നഷ്ടമായിരുന്നു. പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എൻ.എല്ലിലേക്കാണ് ഇവര്‍ പോയത്. സ്വകാര്യ ടെലികോം കമ്പനികളുടെ ചെലവേറിയ താരിഫ് പ്ലാനുകളാണ് ഉപയോക്താക്കൾ ബി.എസ്.എൻ.എല്ലിലേക്ക് ചുവടു മാറാൻ കാരണം. എന്നാൽ ഈ മാറ്റം ഹ്രസ്വകാലത്തേക്ക് മാത്രമായിരുന്നു. നിലവിൽ ഉപയോക്താക്കൾ തങ്ങളുടെ തീരുമാനം പുനഃപരിശോധിക്കുന്നതായാണ് റിപ്പോർട്ടുകൾ.
Also Read; ലോക ക്രമം എന്നെന്നേക്കുമായി മാറ്റാൻ ഗൂഗിൾ വില്ലോ ക്വാണ്ടം ചിപ്പ്
ബി.എസ്.എൻ.എല്ലിലേക്ക് പോർട്ട് ചെയ്ത് എത്തിയവരിൽ പലരും വീണ്ടും സ്വകാര്യ ടെലികോം കമ്പനികളിലേക്ക് മടങ്ങിപ്പോകുന്ന കാഴ്ച്ചയാണ് നിലവിലുള്ളത്. പലരും കമ്പനിയുടെ സർവീസുകൾ മോശമാണെന്ന പരാതിയാണ് ഉന്നയിക്കുന്നത്. എല്ലാ സ്ഥലങ്ങളിലും കോളിങ്, ഇന്റർനെറ്റ് സൗകര്യങ്ങൾ വേണ്ട വിധം പ്രവർത്തിക്കുന്നില്ല. ഇന്റർനെറ്റ് സ്പീഡിന്റെ ഒട്ടുമില്ല. സ്വകാര്യ ടെലികോം കമ്പനികളിൽ എയർടെൽ, ജിയോ എന്നിവയിലേക്കാണ് കൂടുതൽ ഉപയോക്താക്കളും തിരിച്ചെത്തുന്നത്.