വോയ്‌സ് കോള്‍, എസ്.എം.എസ് സേവനങ്ങൾ മാത്രം ഉള്‍ക്കൊള്ളുന്ന പ്രത്യേക പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ അവതരിപ്പിക്കാനൊരുങ്ങി ഭാരതീയ എയര്‍ടെല്‍.ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) കഴിഞ്ഞ മാസം ഇന്ത്യയിലെ ടെലികമ്മ്യൂണിക്കേഷൻ ഓപ്പറേറ്റർമാർക്ക് പ്രത്യേകമായി വോയ്‌സ്, എസ്.എം.എസ് സേവനങ്ങൾക്കായി പ്രത്യേക താരിഫ് വൗച്ചറുകൾ (എസ്‌ടിവി) ലഭ്യമാക്കണമെന്ന് ഉത്തരവിട്ടതിന് പിന്നാലെയാണ് ഈ നീക്കം. എന്നാല്‍ ഈ പുതിയ പ്ലാനുകളിൽ മൊബൈല്‍ ഡേറ്റ ഉൾപ്പെടില്ല. പുതിയ പ്ലാനുകള്‍ ഫീച്ചർ ഫോൺ ഉപഭോക്താക്കൾ, ഡ്യുവൽ സിമ്മുള്ള സ്‌മാർട്ട്‌ഫോണുകളിൽ സെക്കൻഡറി സിം കാർഡ് ഉപയോഗിക്കുന്നവർ തുടങ്ങിയ ഇന്‍റര്‍നെറ്റ് കണക്റ്റിവിറ്റി ആവശ്യമില്ലാത്ത ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ളതാണ്. ട്രായ് പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി നിലവിലുള്ള രണ്ട് പ്ലാനുകൾ കമ്പനി പുനഃക്രമീകരിക്കുന്നതായാണ് റിപ്പോർട്ടുകള്‍.
ഇതോടെ പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി വോയ്‌സ്, എസ്.എം.എസ് മാത്രമുള്ള റീചാർജ് പ്ലാനുകൾ അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യ ടെലി കമ്പനിയായി എയർടെല്‍ മാറും. പുതിയ പ്രീപെയ്ഡ് പ്ലാനുകളില്‍ കൃത്യമായ വിശദീകരണം കമ്പനിയുടെ ഭാഗത്തുനിന്ന് ലഭ്യമായില്ലങ്കിലും CNBC റിപ്പോർട്ട് അനുസരിച്ച്, എയർടെൽ പുനഃക്രമീകരിക്കാൻ ഉദ്ദേശിക്കുന്ന പ്രീപെയ്ഡ് റീചാർജ് പ്ലാനുകളിലൊന്നാണ് 509 രൂപയുടെ പ്ലാന്‍. 84 ദിവസത്തെ വാലിഡിറ്റിയിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകളും 900 സൗജന്യ എസ്എംഎസും ഇത് വാഗ്ദാനം ചെയ്യും. പ്ലാനിന്‍റെ മുൻ പതിപ്പ് 6 ജിബി മൊബൈല്‍ ഡേറ്റ സേവനം കൂടെ നല്‍കിയിരുന്നെങ്കിലും അത് ഇപ്പോൾ നിര്‍ത്തലാക്കുമെന്നാണ് സൂചന. ദീര്‍ഘകാല സേവനം വാഗ്ദാനം ചെയ്യുന്ന 1,999 രൂപയുടെ പ്ലാൻ തുടങ്ങാനും എയര്‍ടെല്ലിന് പദ്ധതിയുണ്ട്. 365 ദിവസത്തേക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകളും മൊത്തം 3,600 സൗജന്യ എസ്.എം.എസുകളും ഈ പ്ലാനിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
എസ്.എം.എസ് ലിമിറ്റ് കഴിഞ്ഞാല്‍ എയർടെൽ ഉപഭോക്താക്കളിൽ നിന്ന് പ്രത്യേകം ചാർജ് ചെയ്യുമെന്നാണ് റിപ്പോർട്ട്. ലോക്കല്‍ എസ്.എം.എസിന് 1 രൂപയും. STD എസ്.എം.എസുകള്‍ക്ക് 1.5രൂപയുമാണ് ചാര്‍ജ് ചെയ്യുക. ഈ പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾക്കൊപ്പം അപ്പോളോ 24/7 സർക്കിൾ അംഗത്വവും സൗജന്യ ഹലോ ട്യൂണുകളും പോലെയുള്ള അധിക ആനുകൂല്യങ്ങളും ഉള്‍പ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ മാസമാണ് ട്രായ് ടെലികോം ഉപഭോക്തൃ സംരക്ഷണ നിയന്ത്രണങ്ങളുടെ പന്ത്രണ്ടാം ഭേദഗതി പുറപ്പെടുവിച്ചത്, ടെലികോം ഏജൻസി ഒക്ടോബറിൽ ഓഹരി ഉടമകളുമായി ഒരു ഓപ്പൺ ഹൗസ് ചർച്ച നടത്തുകയും താരിഫ് ലഭ്യത, വൗച്ചറുകളുടെ സാധുത, വൗച്ചറുകളുടെ കളർ കോഡിംഗ് എന്നിവയെക്കുറിച്ചുള്ള പ്രശ്നങ്ങൾ അഭിസംബോധന ചെയ്യുകയും ചെയ്തു. അതിന് ശേഷമാണ് ഈ പ്രഖ്യാപനം വന്നത്.