പിക്സല്‍ 9 സീരീസിനൊപ്പം തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട് വാച്ചായ പിക്സല്‍ വാച്ച് 3യും അവതരിപ്പിച്ച് ഗൂഗിള്‍. മെയ്ഡ് ബൈ ഗൂഗിൾ ഇവന്‍റില്‍ 39,990 രൂപ പ്രാരംഭ വിലയിലാണ് സ്മാർട്ട് വാച്ച് അവതരിപ്പിച്ചിരിക്കുന്നത്. അടിയന്തിര ഘട്ടങ്ങളിൽ വൈദ്യസഹായം ലഭിക്കാൻ സഹായിക്കുന്ന ലോസ് ഓഫ് പൾസ് ഡിറ്റക്ഷനാണ് ഏറ്റവും വലിയ പ്രത്യേകത.
എന്താണ് ലോസ് ഓഫ് പൾസ് ഡിറ്റക്ഷന്‍?
ഹൃദയം പെട്ടെന്ന് പ്രവര്‍ത്തനം നിര്‍ത്തുമ്പോള്‍ അതായത് പള്‍സ് നഷ്ടപ്പെടുന്നതിനെയാണ് ‘ലോസ് ഓഫ് പൾസ് ’ എന്ന് പറയുന്നത്. ഇത് ഒരു ആരോഗ്യ അടിയന്തരാവസ്ഥയാണ്, ഇത്തരം സാഹചര്യങ്ങളില്‍ ഓരോ മിനിറ്റും പ്രധാനമാണ്. ഇത്തരത്തില്‍ പള്‍സ് നഷ്ടപ്പെടുമ്പോള്‍ അടിയന്തര സേവനങ്ങളിലേക്ക് സ്വയമേവ കോൾ ചെയ്യാന്‍ വാച്ചിന് സാധിക്കും. അതേസമയം ഇത് ഒരു ഓപ്റ്റ്-ഇൻ സവിശേഷതയായിരിക്കുമെന്ന് ഗൂഗിൾ അറിയിച്ചിട്ടുണ്ട്. ഉപയോക്താവിന് വേണമെങ്കില്‍ തിരഞ്ഞെടുക്കാം.
അതേസമയം, യുകെ, ഫ്രാൻസ്, ഓസ്ട്രിയ, ഡെൻമാർക്ക്, അയർലൻഡ്, നെതർലാൻഡ്‌സ്, നോർവേ, സ്വീഡൻ, സ്വിറ്റ്‌സർലൻഡ് എന്നിവയുൾപ്പെടെ യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ സെപ്റ്റംബറിൽ ഗൂഗിള്‍ പിക്സല്‍ വാച്ച് മൂന്നില്‍ ലോസ് ഓഫ് പൾസ് ഡിറ്റക്ഷൻ ലഭ്യമാകും. ടുതൽ രാജ്യങ്ങളിൽ ഫീച്ചർ ലഭ്യമാക്കുന്നതിന് റെഗുലേറ്ററി ബോഡികളുമായി പ്രവർത്തിക്കുന്നത് തുടരുമെന്നും കമ്പനി വാഗ്ദാനം ചെയ്തു.
മറ്റ് പ്രത്യേകതകള്‍
സ്റ്റാന്‍ഡേഡ് വലിപ്പമായ 41 മില്ലീമീറ്ററും 45 മില്ലീമീറ്ററിലുമാണ് വാച്ചുകള്‍ എത്തുന്നത്. 41 എംഎം ഡിസ്പ്ലേയുള്ള വാച്ചിനു 39,990 രൂപയും 45 എംഎം വലുപ്പമുള്ള വാച്ചിനു 43,990 രൂപയുമാണ് വില. 2,000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസുള്ള ഡിസ്‌പ്ലേ, ഓൺ-ഡിസ്‌പ്ലേ ഫീച്ചർ, 36 മണിക്കൂർ ബാറ്ററി ലൈഫ് എന്നിവ സ്മാർട്ട് വാച്ചിന്റെ പ്രത്യേകതകളാണ്.
ഗൂഗിളിന്റെ ഫൈൻഡ് മൈ ഡിവൈസ് ഫീച്ചർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഫോൺ അൺലോക്ക് ചെയ്യുന്നതോ ഗാഡ്‌ജെറ്റ് നഷ്‌ടപ്പെട്ടാൽ അത് കണ്ടെത്തുന്നതോ എളുപ്പമാക്കുന്ന UWB കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ ആൻഡ്രോയിഡ് സ്മാർട്ട് വാച്ചാണ് പിക്‌സൽ വാച്ച് 3. 24 മണിക്കൂർ ബാറ്ററി ലൈഫും ഇത് വാഗ്ദാനം ചെയ്യുന്നു.