Untitled design - 1

TOPICS COVERED

ഐഫോണ്‍ ഉപഭോക്താക്കളെ ശ്രദ്ധിച്ചിട്ടുണ്ടോ? എല്ലാവരും ഒന്നിലധികം ആപ്പിള്‍ പ്രോഡക്ടുകള്‍ ഉപയോഗിക്കുന്നവരായിരിക്കും. ഐഫോണ്‍ എടുത്തുകഴിഞ്ഞാല്‍ ആദ്യം ഉപയോഗിച്ചിരുന്ന ഹെഡ്​സെറ്റ് അത്ര പോരെന്ന് തോന്നും. ഐഫോണ്‍ വാങ്ങിയില്ലേ ഏതായാലും എയര്‍പോഡ്സ് കൂടെ വാങ്ങിയേക്കാം എന്നുതോന്നും. വാങ്ങുകയും ചെയ്യും. പിന്നീട് കൈയിലിരിക്കുന്ന ലാപ്ടോപ്പിന് അത്ര പത്രാസ് പോരെന്ന് തോന്നും. ഐപോഡാക്കിയാല്‍ കണക്ടിവിറ്റിയൊക്കെ കുറച്ചുകൂടെ എളുപ്പമാക്കാലോ എന്നാവും അടുത്ത ചിന്ത. ഇനിയിപ്പോ ഐപാഡ് മാത്രമാണല്ലോ ബാക്കി അതുകൂടെ വാങ്ങിയാല്‍ ആ എക്കോ സിസ്റ്റം കംപ്ലീറ്റ് ആവുമല്ലോ. ഐപാഡ് എടുത്ത സ്ഥിതിക്ക് ആപ്പിള്‍ പെന്‍സില്‍ ഇല്ലെങ്കില്‍ നാട്ടുകാര്‍ എന്ത് പറയും. അതുകൂടെ വാങ്ങും. ഈയൊരു അവസ്ഥയിലൂടെ കടന്നുപോയവരായിരിക്കും ഒട്ടുമിക്ക ഐഫോണ്‍ ഉപഭോക്താക്കളും.ഡിഡ്റോട്ട് എഫക്ട് എന്നാണ് ഈയൊരു അവസ്ഥയ്ക്ക് പറയുന്ന പേര്. ഒരു പ്രോഡക്ട് വാങ്ങിക്കഴിയുമ്പോള്‍ കൈയിലിരിക്കുന്ന മറ്റ് പ്രോഡക്ടുകള്‍ മോശമാണെന്ന് തോന്നുന്ന മാനസിക അവസ്ഥയാണിത്.

എന്നാല്‍ ആപ്പിള്‍ ഉപഭോക്താക്കള്‍ മാത്രമല്ല ഈ അവസ്ഥയിലൂടെ കടന്നുപോകുന്നത് എന്നത് മറ്റൊരു കാര്യം. ഉദാഹരണത്തിന് അഡിഡാസിന്‍റേയോ പ്യമോയുടേയോ ടീഷര്‍ട്ട് വാങ്ങിയവര്‍ക്ക് അതിന്‍റെ കൂടെ ധരിക്കുന്ന ജീന്‍സ് കൂടെ ബ്രാന്‍ഡഡ് ആക്കണ്ടേയെന്ന് തോന്നും. പോട്ടെ ഷൂ എങ്കിലും ബ്രാന്‍ഡഡ് ആക്കിയാലോ എന്നൊരു തോന്നല്‍ സ്വാഭാവികമായും ഉണ്ടാകും.ജീന്‍സും ടീഷര്‍ട്ടും ഷൂവും ബ്രാന്‍ഡ് ആക്കിയ സ്ഥിതിക്ക് ബെല്‍റ്റ് ആയിട്ട് മാറ്റിനിര്‍ത്തണോ അതും കൂടെ മാറ്റിയേക്കാമെന്ന തോന്നലുമുണ്ടാകും.പിന്നെ സോക്സും തൊപ്പിയുമെല്ലാം ബ്രാന്‍ഡഡ് ആക്കിയാല്‍ കൊള്ളാമെന്നാവും ചിന്ത. ഇതൊരു ചെയിനാണ്. പരസ്ഫരം കൂട്ടിക്കെട്ടിയ ചങ്ങലക്കൊളുത്തുകളുള്ള ഒരു അവസ്ഥ.തോന്നലുകളെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. കുറച്ചു മുന്‍പ് വരെ ആളുകളെ ഇത്തരം ചിന്തകള്‍ ബാധിക്കാറില്ലായിരുന്നു.എന്നാല്‍ ഇക്കാലത്ത് എല്ലാവരും ബ്രാന്‍ഡ് വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നവരും ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നവരുമാണ്. ആയതുകൊണ്ട് തന്നെ അത്തരം വസ്ത്രങ്ങള്‍ ധരിച്ചില്ലെങ്കില്‍ കമ്മ്യൂണിറ്റിയില്‍ നിന്ന് പുറത്താവുമോ ഒറ്റപ്പെട്ടുപോകുമോ എന്ന ഭയം എല്ലാവരുടേയും ഉള്ളിലുണ്ട്. 

ഇങ്ങനെ ഒരു പ്രത്യേക ബ്രാന്‍ഡിന്‍റേയോ പ്രോഡക്ടിന്‍റേയോ അദൃശ്യവലയത്തിനുള്ളില്‍ അഥവാ ചുരുളിയില്‍ യാതൊരു പ്രേരണയുമില്ലാതെ നമ്മള്‍ പെട്ടുപോവാറുണ്ട്.അത് കാറാവാം, ഫോണാവാം, വീടാവാം അങ്ങനെ എന്തുമാവാം.18-ആം നൂറ്റാണ്ടിലെ ഫ്രഞ്ച് തത്ത്വചിന്തകനായ ഡെനിസ് ഡിഡ്റോയാണ് ഈ പദം ആദ്യമായി ഉപയോഗിക്കുന്നത്. 'റിഗ്രറ്റ്സ് ഓണ്‍ പാര്‍ട്ടിങ് വിത്ത് മൈ ഓള്‍ഡ് ഡ്രസ്സിങ് ഗൗണ്‍' എന്ന  ലേഖനത്തിൽ, അദ്ദേഹം തനിക്ക് സമ്മാനമായി ലഭിച്ച ഭംഗിയുള്ള പുതുവസ്ത്രത്തെക്കുറിച്ച് പറയുന്നുണ്ട്. ആ വസ്ത്രം അദ്ദേഹത്തിന് ഏറെ ഇഷ്ടമായി, പക്ഷേ ഉടൻ തന്നെ തന്‍റെ കൈവശമിരിക്കുന്ന മറ്റു സാധനങ്ങൾ വസ്ത്രത്തോളം ഭംഗിയില്ലാത്തതാണെന്നും അദ്ദേഹത്തിന് തോന്നി. ഈയൊരൊറ്റ ചിന്ത അദ്ദേഹത്ത വീട്ടില്‍ ആദ്യമേ ഉണ്ടായിരുന്ന പുതിയ ഫർണിച്ചർ, ചിത്രങ്ങൾ, മറ്റ് സാധനങ്ങൾ എന്നിവ കളഞ്ഞ് പുതിയത് വാങ്ങാൻ പ്രേരിപ്പിച്ചു. 

ഡെനിസ് ഡിഡ്റോയാണ് ഈ അവസ്ഥയുടെ ആദ്യത്തെ ഇരയെങ്കിലും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇത്തരം ചുരുളികളില്‍ പെട്ടുപോകുന്ന ഒട്ടേറെ പേരുണ്ട്. ഒരു ബ്രാന്‍ഡിന്‍റെ ഒരു പ്രോഡക്ടില്‍ തുടങ്ങി ഒടുവില്‍ ആ ബ്രാന്‍ഡ് പുറത്തിറക്കുന്ന എല്ലാം വാങ്ങിക്കൂട്ടാനുള്ള ത്വര ചിലരെയെങ്കിലും അപകടത്തിലേക്കും നയിക്കാറുണ്ട്. ഇങ്ങനെ ഉപഭോക്താക്കളെക്കൊണ്ട് ചിന്തിപ്പിക്കാന്‍ ബ്രാന്‍ഡുകളും മിനക്കെടറുണ്ടെന്നത് മറ്റൊരു സത്യം. ആപ്പിള്‍ ഐഫോണ്‍ വാങ്ങിയ ഒരാള്‍ ആപ്പിളിന്‍റെ എക്കോസിസ്റ്റം വാങ്ങിയെങ്കില്‍ നന്നായേനെ എന്ന് ഐഫോണ്‍ ഉപയോഗിച്ചുതുടങ്ങി ഏതാനും നാളുകള്‍ക്കുള്ളില്‍ തന്നെ ചിന്തിക്കും. സ്വാഭാവികമായി ഒരാള്‍ അങ്ങനെ ചിന്തിക്കുകയാണെങ്കില്‍ ബ്രാന്‍ഡുകള്‍ക്ക് അത്രയും ലാഭം. രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും പാല്‍ തന്നെ... 

ENGLISH SUMMARY:

what is diderot effect and What is the relation between apple brand