ഇന്ത്യന്‍ സൈന്യത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായി തലപ്പത്തേക്ക് സഹപാഠികള്‍ എത്തുന്നു. കരസേന മേധാവിയായി ചുമതലയേല്‍ക്കുന്ന ലഫ്റ്റനന്‍റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദിയും നാവികസേന മേധാവി അഡ്മിറല്‍ ദിനേഷ് ത്രിപാഠിയുമാണ് ആ അപൂര്‍വ സഹപാഠികള്‍. മധ്യപ്രദേശിലെ റെവ സൈനിക സ്കൂളില്‍ അഞ്ചാം ക്ലാസില്‍ നിന്ന് തുടങ്ങിയ ചങ്ങാത്തമാണ് ഇന്ന് ഇന്ത്യന്‍ സൈന്യത്തിന്‍റെ തലപ്പത്തെത്തി നില്‍ക്കുന്നത്. ലഫ്. ദ്വിവേദിയുടെ റോള്‍ നമ്പര്‍ 931 ഉം അഡ്മിറല്‍ ത്രിപാഠിയുടേത് 938 ഉം ആയിരുന്നുവെന്ന് സ്കൂള്‍ രേഖകളും വ്യക്തമാക്കുന്നു. കുട്ടിക്കാലത്തെ ചങ്ങാത്തം രണ്ട് സേനാ വിഭാഗങ്ങളിലായിട്ടും ഇരുവരും തുടര്‍ന്നു.
കര–നാവിക സേനാത്തലവന്‍മാരുടെ സൗഹൃദം കൂട്ടായ തീരുമാനങ്ങളെടുക്കാനും പൂര്‍വാധികം ശക്തമായി മുന്നേറാനും സൈന്യത്തെ സഹായിക്കുമെന്ന പ്രതീക്ഷയും പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പങ്കുവയ്ക്കുന്നു. മേയ് ഒന്നിനാണ് അഡ്മിറല്‍ ത്രിപാഠി നാവികസേന മേധാവിയായി ചുമതലയേറ്റത്. കരസേന മേധാവിയായി ലഫ്. ജനറല്‍ ദ്വിവേദി ഇന്ന് ചുമതലയേല്‍ക്കും.
കരസേനയുടെ ഉപമേധാവിയായിരുന്നു ലഫ്. ജനറല്‍ ദ്വിവേദി. ജനറല്‍ മനോജ് പാണ്ഡെയുടെ പിന്‍ഗാമിയായാണ് പുതിയ നിയമനം. 1984 ഡിസംബറില്‍ സേനയില്‍ ചേര്‍ന്ന ദ്വിവേദി ജമ്മുകശ്മീരിലെ ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നു. ഉധംപുര്‍ ആസ്ഥാനമായ വടക്കടന്‍ സേനാ കമാന്‍ഡിന്‍റെ മേധാവിയായിരുന്നു. പരമവിശിഷ്ട സേവ മെഡല്‍, അതിവിശിഷ്ട സേവ മെഡല്‍ എന്നിവ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
കിഴക്കന്‍ ലഡാക്കില്‍ ചൈനയുമായി നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കത്തിന് പരിഹാരമുണ്ടാക്കുക, സേനയുടെ ആധുനികവല്‍ക്കരണം, കര–നാവിക–വ്യോമ സേനകളുടെ സംയുക്ത കമാന്‍ഡ് രൂപീകരണം, അഗ്നിപഥിന്‍റെ സുഗമമായ നടത്തിപ്പ് എന്നിവയാണ് പുതിയ പദവിയില്‍ അദ്ദേഹത്തെ കാത്തിരിക്കുന്ന ചുമതലകള്‍.