ഉഭയകക്ഷി സൗഹൃദത്തിന് ഉലച്ചിലുണ്ടായിട്ടില്ലെന്ന് ബോധ്യപ്പെടുത്തി ഇന്ത്യ ശ്രീലങ്ക സംയുക്ത സൈനികാഭ്യാസം . നഗരമേഖലയിലെ ഭീകരാക്രമണങ്ങളെ ചെറുക്കാന്‍ സൈന്യത്തെ സജ്ജമാക്കാന്‍ ലക്ഷ്യമിട്ടാണ് മദുരു ഓയ സൈനിക പരിശീലനകേന്ദ്രത്തില്‍ മിത്രശക്തി പരിശീലനപരിപാടിയുടെ പത്താം പതിപ്പ് പുരോഗമിക്കുന്നത്. ഓഗസ്റ്റ് 25വരെയാണ് സൈനിക അഭ്യാസം.
നഗര പ്രദേശങ്ങളിലെ സൈനിക വിന്യാസവും കലാപ സാഹചര്യമുണ്ടായാല്‍ നിയന്ത്രണമേറ്റെടുക്കാന്‍ സൈന്യത്തെ പ്രാപ്തരാക്കുന്നതിനും ഇത്തവണത്തെ മിത്ര ശക്തി ഊന്നല്‍ നല്‍കുന്നു. ഭീകരാക്രമണം ഉണ്ടായാല്‍ എങ്ങനെ നേരിടണം? ജോയിന്‍റ് കമാന്‍ഡ് പോസ്റ്റ് രൂപപ്പെടുത്തല്‍, രഹസ്യാന്വേഷണ, നിരീക്ഷണ കേന്ദ്രം സജ്ജമാക്കല്‍, ഹെലിപാഡ് അല്ലെങ്കില്‍ ലാന്‍ഡിങ് സൈറ്റ് ക്രമീകരിക്കല്‍, ചെറു സംഘങ്ങളുടെ വിന്യാസവും പിരിച്ചുവിടലും, വിമാനമാര്‍ഗമുള്ള പ്രത്യേക ഓപറേഷന്‍, തിരച്ചില്‍, ഡ്രോണുകളുടെയും കൗണ്ടര്‍ ഡ്രോണുകളുടെയും വിന്യാസം എന്നിങ്ങനെയുള്ളവയില്‍ വിശദമായി പരിശീലനം നല്‍കും.
തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതിലും , മെനയുന്നതിലും സംയുക്ത ഓപറേഷനുകള്‍ സംഘടിപ്പിക്കുന്നിലും നടപ്പിലാക്കുന്നതിലുമുള്‍പ്പടെ ഏറ്റവും നൂതനമായ മാര്‍ഗങ്ങളും രീതികളും ഇരുപക്ഷത്തിനും ലഭ്യമാക്കുകയെന്ന ലക്ഷ്യവും സംയുക്ത സൈനിക അഭ്യാസത്തിനുണ്ടെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. പ്രതിരോധ രംഗത്തെ സഹകരണം, ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക തുടങ്ങിയവയ്ക്കും പ്രത്യേക ഊന്നല്‍ നല്‍കും. രജപുത്താന റൈഫിള്‍സില്‍ നിന്നുള്ള ബറ്റാലിയന്‍ ഉള്‍പ്പടെ 106 അംഗ ഇന്ത്യന്‍ സൈന്യവും ശ്രീലങ്കയുടെ ഗജബ റജിമെന്‍റുമാണ് സൈനിക അഭ്യാസത്തില്‍ പങ്കാളികളാകുന്നത്. ഇതില്‍ ഇരുവശത്ത് നിന്നും ഓരോ കാലാള്‍പ്പട ബറ്റാലിയന്‍, മൂന്ന് സൈനിക ടാങ്കുകള്‍, നാല് ബി.എം.പി ടാങ്കുകള്‍, അഞ്ച് മുതല്‍ പത്തുവരെ പീരങ്കിപ്പട നിരീക്ഷകര്‍, 50 എന്‍ജീനിയര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.
സംയുക്ത സൈനികാഭ്യാസം ഇങ്ങനെ...
നാല് വ്യത്യസ്ത തലങ്ങളിലായാണ് സൈനിക അഭ്യാസം ക്രമീകരിച്ചിരിക്കുന്നത്
ഇന്ത്യ– ശ്രീലങ്ക സൈനിക ബന്ധം സുദൃഡമാക്കുന്നതിന്‍റെ ഭാഗമായി 2012ലാണ് 'മിത്ര ശക്തി'ക്ക് ഇരുരാജ്യങ്ങളും ചേര്‍ന്ന് തുടക്കമിട്ടത്. വര്‍ഷാവര്‍ഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടത്തുന്ന രീതിയിലായിരുന്നു ഇതിന്‍റെ ക്രമീകരണം. വ്യത്യസ്തമായ ഭൂമേഖലയില്‍, പരിസ്ഥിതിയില്‍ പോരാട്ടത്തിന് ഇരു രാജ്യങ്ങളിലെയും സൈന്യത്തെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യവും ഇതിനുണ്ട്. ഇന്ത്യ–ശ്രീലങ്ക ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന് പുറമെ സഹകരണവും സ്ഥിരതയും ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ വളര്‍ത്തുകയെന്നതും ഇതിന്‍റെ ലക്ഷ്യമാണ്.