ഊര്‍ജ സംരക്ഷണത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ വികസിപ്പിച്ച റൂഫ് വെന്റിലേറ്റർ ശ്രദ്ധനേടുന്നു. കാറ്റിന്‍റെ ശക്തിയിലും താപവ്യതിയാനത്തിലും പ്രവര്‍ത്തിക്കുന്ന പുതിയ മോഡല്‍ റൂഫ് വെന്‍റിലേറ്റര്‍ വികസിപ്പിച്ചെടുത്ത് എറണാകുളം കോലഞ്ചേരി കടയിരുപ്പ് ശ്രീനീരായണ ഗുരുകുലം എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍.
വൈദ്യുതിയുടെ സഹായം ഇല്ലാതെ പ്രവർത്തിക്കുന്ന ടർബൈന്‍ റൂമിനുള്ളിൽ നിന്ന് ചൂടുവായുവിനെ പുറത്തേക്ക് തള്ളുന്നു. ഇതോടൊപ്പം 0.2 മുതൽ 2.5 വോൾട്ടേജ് വരെ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള മൈക്രോ ജനറേറ്ററും ഇതിന്റെ പ്രത്യേകതയാണ്.
വൈദ്യുതിയുടെയോ മറ്റോ സഹായമില്ലാതെ പ്രവർത്തിക്കുന്ന റൂഫ് വെന്റിലേറ്ററിൽ ചേർത്തിട്ടുള്ള അഡീഷണൽ ഫിറ്റിങ് ആയ ഫിന്നുകൾ കൂടുതൽ കാര്യക്ഷമതയോടെ ചൂടു വായുവിനെ പുറന്തള്ളുന്നു എന്നത് മറ്റൊരു പ്രത്യേകതയാണ്.
മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥികളായ വിഷ്ണു നന്ദകുമാർ, അലൻപോൾ, ധീരജ് എന്നിവർ അസോഷ്യേറ്റ് പ്രൊഫസർ ഡോക്ടർ പ്രശാന്തിന്റെ മേൽനോട്ടത്തിലാണ് രൂപകൽപ്പന ചെയ്തത്.