ഇന്ത്യയിലെ ആദ്യത്തെ ഫ്ലയിങ് ടാക്സിയായ ശൂന്യ അവതരിപ്പിച്ച് ബെംഗളൂരു ആസ്ഥാനമായുള്ള സരള ഏവിയേഷൻ. ശനിയാഴ്ച നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിലാണ് ഇലക്ട്രിക് ഫ്ലയിങ് ടാക്സിയായ ശൂന്യ അവതരിപ്പിച്ചത്. 2028ഓടെ ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ്– ലാൻഡിങ് (ഇവിടിഒഎൽ) വാഹനങ്ങൾ രാജ്യത്ത് അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
250 കി.മീ വേഗതയിൽ 20 മുതല്‍ 30 കി.മീ വരെയുള്ള ഹ്രസ്വദൂര യാത്രകൾക്കായി രൂപകൽപ്പന ചെയ്തതാണ് ശൂന്യയുടെ പ്രോട്ടോടൈപ്പ്. ആറ് യാത്രക്കാരെ വഹിക്കാനുള്ള ശേഷിയും പരമാവധി 680 കിലോഗ്രാം പേലോഡും വഹിക്കാന്‍ സാധിക്കും. നിലവിൽ ഏറ്റവും ഉയർന്ന പേലോഡുള്ള ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ്– ലാൻഡിങ് (eVTOL) വാഹനമായാണ് ശൂന്യ കണക്കാക്കപ്പെടുന്നത്. ഇരുവശത്തുനിന്നും ആക്‌സസ് ചെയ്യാവുന്ന റൂം ലോഡിംഗ് ഏരിയയോട് കൂടിയുള്ള ഡിസൈൻ പറക്കും ടാക്സികളെ പുതിയ നിലവാരത്തിലെത്തിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.
2023 ഒക്ടോബറിൽ അഡ്രിയാൻ ഷ്മിത്ത്, രാകേഷ് ഗാവോങ്കർ, ശിവം ചൗഹാൻ എന്നിവർ ചേർന്ന് സ്ഥാപിച്ച സരള ഏവിയേഷൻ ഇന്ത്യയിലെ ഹൈ-എൻഡ് ടാക്‌സി സേവനങ്ങളുമായി ചേര്‍ന്ന് എയർ ടാക്സി സേവനങ്ങൾ നൽകാൻ നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ ഇന്ത്യയിലെ ആദ്യത്തെ നഗര വ്യോമ ഗതാഗത ദാതാവായി മാറുമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. പ്രശസ്ത മാന്യുഫാക്ചറിംഗ് സ്ഥാപനമായ സോന സ്പീഡിനോട് ചേര്‍ന്നായിരിക്കും സര്‍ളയുടെ പറക്കും ടാക്സി നിര്‍മാണം. രാജ്യത്തെ നൂതനമായ ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിംഗ് (ഇവിടിഒഎൽ) വിമാനങ്ങൾ വികസിപ്പിക്കുന്നതിൽ മുൻനിരയിലാണ് സർള ഏവിയേഷൻ.
ഇന്ത്യയിലെ ആദ്യത്തെ വനിതാ പൈലറ്റായ സരള തക്രലിന്‍റെ പേരാണ് സരള ഏവിയേഷനും നല്‍കിയത്. 1936-ൽ, വെറും 21-ാം വയസ്സിലാണ് സരള പൈലറ്റ് ലൈസന്‍സ് നേടുന്നത്. വ്യോമയാനമേഖലയില്‍ പുരുഷന്മാർ ആധിപത്യം പുലർത്തിയിരുന്ന ഒരു കാലഘട്ടത്തിൽ മാറ്റത്തിന്‍റെ കാറ്റായി അവര്‍ മാറുകയായിരുന്നു. നിലവില്‍ തങ്ങളുടെ സാമ്രാജ്യം മുംബൈ, ഡൽഹി, പൂനെ തുടങ്ങിയ മറ്റ് പ്രധാന നഗരങ്ങളിലേക്കും സർവീസ് വ്യാപിപ്പിക്കാൻ സരള ഏവിയേഷൻ പദ്ധതിയിടുന്നുണ്ട്. നഗരപ്രദേശങ്ങളിൽ അടിയന്തര മെഡിക്കൽ ഗതാഗത ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്ത സൗജന്യ എയർ ആംബുലൻസ് സേവനം അവതരിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.