new-solar-flare-15
  • സൗരക്കാറ്റിനെക്കാള്‍ ശക്തിയേറിയത്
  • മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍
  • ഈ സൗര ചക്രത്തിലേക്കും വലിയ ജ്വാലയെന്ന് വിലയിരുത്തല്‍

സൗരക്കൊടുങ്കാറ്റിന് പിന്നാലെ ഭീകര സൗരജ്വാലകളെ ഭൂമിയിലേക്ക് പുറന്തള്ളി സൂര്യന്‍. ഭൂമിയെ ലക്ഷ്യമാക്കി അവ നീങ്ങുകയാണെന്നും കഴിഞ്ഞയാഴ്ച വീശിയ സൗരക്കൊടുങ്കാറ്റിനെക്കാള്‍ ശക്തിയേറിയതാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. സൂര്യന്‍റെ ദൃശ്യമായ ഭാഗത്ത് നിന്നുമാണ് നിലവിലെ സൗരജ്വാല പുറപ്പെട്ടിരിക്കുന്നതെന്ന് അമേരിക്കയിലെ നാഷണല്‍ ഓഷ്യാനിക് ആന്‍റ് അറ്റ്മോസ്ഫിയറിക് അഡ്മിനിസ്ട്രേഷന്‍റെ രേഖകള്‍ പറയുന്നു. അമേരിക്കയിലാകും സൗരജ്വാലയുടെ പ്രത്യാഘാതം കൂടുതലായും എത്തുകയെന്നും റേഡിയോ സേവനങ്ങള്‍ വ്യാപകമായി തടസപ്പെടുമെന്നുമാണ് മുന്നറിയിപ്പ്. 

  • Solar Storm
  • solar-old-flare-15
  • KUWAIT-ASTRONOMY-SUN

സൂര്യനിൽ കാണപ്പെടുന്ന ഇരുണ്ടതും എന്നാൽ, സമീപ പ്രദേശങ്ങളെക്കാൾ തണുത്തതുമായ ഭാഗങ്ങളാണ് സൗരകളങ്കങ്ങൾ. ഇവ സൂര്യനിലെ കാന്തമണ്ഡലവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. പിരിഞ്ഞു കിടക്കുന്ന കാന്തമണ്ഡലത്തിലെ ഊർജം പെട്ടെന്ന് പുറത്തേക്കു പുറന്തള്ളുമ്പോഴാണ് പൊട്ടിത്തെറിയുടെ രൂപത്തില്‍ സൗരജ്വാലകള്‍ പുറത്തേക്ക് തെറിക്കുന്നത്. നിലവില്‍ ഭൂമിയെ ലക്ഷ്യമാക്കി നീങ്ങുന്ന രാക്ഷസന്‍ സൗരജ്വാല ധ്രുവദീപ്തിക്കോ ഭൗമ കാന്തികക്കാറ്റിനോ കാരണമാകില്ലെന്ന് എന്‍.ഒ.എ.എ വ്യക്തമാക്കി.

എ.ആര്‍ 3664  എന്ന സൗരകളങ്കത്തിനുള്ളിലെ ഊര്‍ജം പുറന്തള്ളപ്പെട്ടതോടെയാണ് മേയ് പത്തിന് എക്സ്5.8 ക്ലാസിലുള്ള സൗരജ്വാല പുറന്തള്ളപ്പെട്ടത്. ഈ സൗരജ്വാല 11 വര്‍ഷത്തെ സൗരചക്രത്തില്‍ വച്ചേറ്റവും വലിയതാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. 2025 ലെ സൂര്യ ചക്രത്തിന് തുടക്കമായെന്നും സൗരകളങ്കങ്ങള്‍ ഇനി പതിവാകുമെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. 2025ല്‍ സൗര കളങ്കങ്ങള്‍ അതിന്‍റെ പാരമ്യത്തിലെത്തുമെന്നാണ് കരുതപ്പെടുന്നത്.

കഴിഞ്ഞയാഴ്ചയുണ്ടായ സൗരക്കാറ്റ് ലോകമെങ്ങുമുള്ള വാനനിരീക്ഷകര്‍ക്ക് വിസ്മയക്കാഴ്ചയാണ് ഒരുക്കിയത്. പിങ്കും, പച്ചയും പര്‍പ്പിളും നിറത്തില്‍ ആകാശം ദൃശ്യവിരുന്നൊരുക്കി നിന്നു. വടക്കന്‍ യൂറോപ്പ് മുതല്‍ ഓസ്ട്രേലിയയിലെ ടാസ്മാനിയ വരെയുള്ള ഭാഗങ്ങളിലാണ് ഇത് കൂടുതലായും ദൃശ്യമായതെങ്കിലും പതിവുകളെല്ലാം തെറ്റിച്ച് ധ്രുവദീപ്തി ഇക്കുറി ഇന്ത്യയിലെ ലഡാക്കിലും എത്തിയിരുന്നു. അമ്പരപ്പിക്കുന്ന ചിത്രങ്ങളാണ് ലോകമെങ്ങുമുള്ള വാനനിരീക്ഷകരും ജനങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. 

Solar flare:

Sun unleashes monster solar flare, radio blackouts expected in Earth