ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിൻ നടത്തിയ ഏഴാം ദൗത്യത്തിലൂടെ ബഹിരാകാശത്തെത്തുന്ന ആദ്യ ഇന്ത്യൻ വിനോദസഞ്ചാരിയായി ഗോപിചന്ദ് തോട്ടക്കുറ. ഇതോടെ രാകേഷ് ശർമയ്ക്കുശേഷം ബഹിരാകാശത്തെത്തിയ ഇന്ത്യൻ പൗരനുമായി ഗോപിചന്ദ് മാറി. ആന്ധ്രപ്രദേശ് വിജയവാഡ സ്വദേശിയാണ് ഈ മുപ്പതുകാരന്‍. ബ്ലൂ ഒറിജിന്‍റെ ന്യൂഷെപാഡ് പേടകത്തിലായിരുന്നു യാത്ര.

ഗോപീചന്ദ് തൊടുകുറ ഉൾപ്പെടെ ആറ് വിനോദസഞ്ചാരികളുമായാണ് ‘എൻ.എസ്-25’ ദൗത്യത്തിലൂടെ മേയ് 20 ഞായാറാഴ്ച ബഹിരാകാശത്ത് പോയിവന്നത്. പടിഞ്ഞാറൻ ടെക്‌സസിൽ ഇന്ത്യൻ സമയം രാത്രി 8.06 നായിരുന്നു വിക്ഷേപണം. 11 മിനിറ്റ് നീണ്ടുനിന്നതായിരുന്നു യാത്ര. ഭൗമനിരപ്പിൽനിന്ന് ‌100 കിലോമീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അന്തരീക്ഷത്തെയും ബഹിരാകാശത്തെയും വേർതിരിക്കുന്ന കർമാൻ രേഖ ദൗത്യം മറികടന്നു. പിന്നീട് ക്രൂ മൊഡ്യൂൾ തിരിച്ചിറങ്ങി. ഒരു പാരഷൂട്ട് വിടരുന്നതിൽ ചെറിയ പ്രശ്നമുണ്ടായെങ്കിലും യാത്ര ശുഭകരമായി അവസാനിച്ചു.

ദൗത്യം വിജയിച്ചതോടെ ആദ്യ ഇന്ത്യൻ വിനോദസഞ്ചാരി എന്നനേട്ടം ഗോപിചന്ദിന് സ്വന്തം. ഗോപിചന്ദിനൊപ്പം 90 വയസ്സുള്ള എഡ് ഡ്വൈറ്റ് ഉൾപ്പെടെ 5 യാത്രികരുണ്ടായിരുന്നു. വ്യോമസേനയിൽ പൈലറ്റായിരുന്ന ഡ്വൈറ്റ് ആഫ്രോ-അമേരിക്കൻ വംശജനായ ആദ്യ യു.എസ്. ബഹിരാകാശയാത്രികന്‍ എന്ന ഖ്യാതിയും ഈ ദൗത്യത്തിലൂടെ നേടി. 

പൈലറ്റും യുഎസ് അറ്റ്ലാന്റയിലെ സുഖചികിത്സാ സംരംഭമായ പ്രിസർവ് ലൈഫ് കോറിന്റെ സ്ഥാപകനുമാണ് ഗോപിചന്ദ്. ഇന്ത്യയിൽ എയർ ആംബുലൻസ് സർവീസും നടത്തിയിരുന്നു. പരമാവധി 6 പേർക്ക് ഇരിക്കാവുന്നതാണ് ന്യൂഷെപാഡ് പേടകം. ബഹിരാകാശത്തെത്തിയ ആദ്യ അമേരിക്കക്കാരനായ അലൻ ഷെപേഡിന്റെ സ്മരണാർഥമാണു പേടകത്തിനു പേരു നൽകിയത്.

ENGLISH SUMMARY:

Gopi Thotakura made history as became the first Indian space tourist