ആരുമില്ലെങ്കിലും മാനത്തെ നക്ഷത്രങ്ങളുണ്ടാകുമെന്ന് സമാധാനിപ്പിച്ച എത്രയെത്ര കഥകള്‍, പാട്ടുകള്‍. അങ്ങകലെയുള്ള നക്ഷത്രം എന്നും നോക്കി ചിരിക്കുമെന്നും അതിനെ കാണാന്‍ വേണ്ടി മാത്രം ആകാശത്തേക്ക് കണ്ണുറപ്പിച്ചിരിക്കുന്നവരും, നക്ഷത്രം നോക്കി യാത്ര ചെയ്തവരുമെല്ലാം എത്ര പേര്‍. നോക്കി നോക്കിയിരിക്കെ ഈ നക്ഷത്രത്തെ കാണാതെ പോയാലോ? സങ്കല്‍പ ലോകം തകര്‍ന്ന് താഴെ വീഴുകയില്ലേ? കേള്‍ക്കുമ്പോള്‍ തന്നെ ആശങ്കയുണ്ടാക്കുന്നതാണെങ്കിലും നക്ഷത്രങ്ങളെ വ്യാപകമായി കാണാതെയാകുന്നുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. നക്ഷത്രങ്ങള്‍ കാലക്രമേണെ വെള്ളക്കുള്ളന്‍മാരായും, സൂര്യനെക്കാളും പതിനഞ്ചിരട്ടിയിലേറെ വലിപ്പമുള്ള ഭീമന്‍ നക്ഷത്രങ്ങള്‍ പൊട്ടിത്തെറിച്ച് (സൂപ്പര്‍നോവ)തമോഗര്‍ത്ത(ബ്ലാക് ഹോള്‍സ്)ങ്ങള്‍ രൂപപ്പെടുകയും ചെയ്യുമെന്ന് മാത്രമേ ഇത്രയും കാലം അധികമാളുകളും അറിഞ്ഞിരുന്നുള്ളൂ. 

കഴിഞ്ഞ 70 വര്‍ഷത്തിനിടെ എണ്ണൂറോളം നക്ഷത്രങ്ങളെ കാണാതായെന്നാണ് ശാസ്ത്ര ലോകത്തിന്‍റെ കണ്ടെത്തിത്തല്‍. ഒരു പൊട്ടും പൊടിയും പോലും ശേഷിപ്പിക്കാതെയാണ് ഇവര്‍ പോയി മറഞ്ഞതെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു. പൊട്ടിത്തെറികളേതുമില്ലാതെ, വെള്ളക്കുള്ളനാകാനുള്ള പ്രായമെത്താതെ സ്ഥിരമായി കണ്ടിരുന്ന ചില നക്ഷത്രങ്ങള്‍ അപ്രത്യക്ഷമായതോടെയാണ് ശാസ്ത്രജ്ഞര്‍ ഇതേക്കുറിച്ച് തലപുകച്ചാലോചിച്ചത്. ഒടുവില്‍ കോപ്പന്‍ഹേഗന്‍ സര്‍വകലാശാലയിലെ നീല്‍സ് ബോര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജ്യോതിശാസ്ത്രജ്ഞര്‍ നിര്‍ണായകമായ ചില അനുമാനങ്ങളിലെത്തി. ക്ഷീരപഥത്തിലെ ഒരു കോണിലുള്ള VFTS 243 എന്ന നക്ഷത്രവ്യൂഹത്തെ ഗവേഷകര്‍ പഠന വിധേയമാക്കി. ഓരോ 10.4 ദിവസം കൂടുമ്പോഴും തമ്മില്‍ ഭ്രമണം ചെയ്യുന്ന സൂര്യനെക്കാള്‍ വലിയ തമോഗര്‍ത്തവും ഭീമന്‍ നക്ഷത്രവുമടങ്ങുന്നതാണ് VFTS 243. VFTS 243 പോലൊരു നക്ഷത്രത്തിന് നൈട്രജനെക്കാള്‍ വലിപ്പമുള്ള ന്യൂക്ലിയസുകളെ ലയിപ്പിക്കാനുള്ള മര്‍ദം ചെലുത്താന്‍ ശേഷിയുണ്ട്. 

ഇരുമ്പിനപ്പുറമുള്ള (iron) ന്യൂക്ലിയസുകളെ യോജിപ്പിക്കുമ്പോള്‍ ഊര്‍ജത്തിന്‍റെ പ്രസരണം നടക്കാതെ വരികയും ദ്രവ്യത്തിന്‍റെ വ്യാപ്തികൊണ്ട് നക്ഷത്രം ഉള്ളിലേക്ക് ഞെരിഞ്ഞ് പൊട്ടിത്തെറിക്കുകയും ചെയ്യുന്ന പ്രതിഭാസത്തെയാണ് സൂപ്പര്‍നോവയെന്ന് വിളിക്കുന്നത്. ഇത്തരം പൊട്ടിത്തെറി സംഭവിക്കുന്നതിന്‍റെ ഫലമായി വലിയ തമോഗര്‍ത്തങ്ങള്‍ രൂപപ്പെടുന്നു. VFTS 243ല്‍ പക്ഷേ പൊട്ടിത്തെറി സംഭവിച്ചില്ല. നക്ഷത്രം അപ്രത്യക്ഷമാകുകയും ചെയ്തു. വിശദമായ പഠനത്തിനൊടുവില്‍ നക്ഷത്രങ്ങളുടെ ദ്രവ്യോര്‍ജം ന്യൂട്രിനോകളിലൂടെ നഷ്ടപ്പെടുന്നതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഗുരുത്വാകര്‍ഷണ തരംഗങ്ങളും ഈ സ്ഥിതി ഗുരുതരമാക്കുന്നുണ്ടെന്നും നിരീക്ഷണത്തില്‍ തെളിഞ്ഞു. ഈ അനുമാനങ്ങള്‍ ശരിയാണെങ്കില്‍ ഭീമന്‍ നക്ഷത്രങ്ങള്‍ പൊട്ടിത്തെറി സംഭവിക്കാതെ, വെള്ളക്കുള്ളന്‍മാരാകാതെ കണ്‍മുന്നില്‍ നിന്നും അപ്രത്യക്ഷമാകുന്നതിന്‍റെ ഒരേയൊരു കാരണം ഇതാവാമെന്നാണ് ശാസ്ത്രലോകത്തിന്‍റെ കണ്ടെത്തല്‍. 

ENGLISH SUMMARY:

Atleast 800 stars have disappeared in the last 70 years, says Scientist. Reasons for its missing