The distorted spiral galaxy at center, the Penguin, and the compact elliptical at left, the Egg, are locked in an active embrace. This near- and mid-infrared image combines data from NASA’s James Webb Space Telescope’s NIRCam and MIRI. | Credit: NASA

The distorted spiral galaxy at center, the Penguin, and the compact elliptical at left, the Egg, are locked in an active embrace. This near- and mid-infrared image combines data from NASA’s James Webb Space Telescope’s NIRCam and MIRI. | Credit: NASA

ആദ്യ ചിത്രം പങ്കിട്ടതിന്‍റെ രണ്ടാം വാര്‍ഷികത്തില്‍ ശാസ്ത്രപ്രേമികള്‍ക്ക് വിസ്മയിപ്പിക്കുന്ന സമ്മാനവുമായി ജയിംസ് വെബ് ടെലിസ്കോപ്പ്. രണ്ട് ഗാലക്സികള്‍ കൂടിച്ചേരുമ്പോളുണ്ടാകുന്ന ‘കോസ്മിക് നൃത്ത’ത്തിന്‍റെ അതിശയിപ്പിക്കുന്ന ചിത്രങ്ങളാണ് ജയിംസ് വെബ് ഒപ്പിയെടുത്തിരിക്കുന്നത്.

പെൻഗ്വിൻ (NGC 2936), എഗ് (NGC 2937) എന്നീ പേരുകളില്‍ വിളിക്കുന്ന രണ്ട് ഗാലക്സികളുടെ സംയോജനമാണ് ജയിംസ് വെബ് പകര്‍ത്തിത്. ഇവയെ ഒരുമിച്ച് Arp142 എന്നാണ് വിളിക്കുന്നത്. ഭൂമിയിൽ നിന്ന് 326 ദശലക്ഷം പ്രകാശവർഷം അകലെ ഹൈഡ്രാ നക്ഷത്രസമൂഹത്തിലാണ് ഇവ സ്ഥിതി ചെയ്യുന്നത്. രണ്ട് ഗാലക്സികളെയും ഒരുമിച്ച് കാണുമ്പോഴുള്ള മുട്ടയ്ക്ക് കാവൽ നിൽക്കുന്ന പെൻഗ്വിനുമായുള്ള സാമ്യമാണ് ഇവയുടെ പേരിന് പിന്നില്‍. ജയിംസ് വെബ് പകര്‍ത്തിയ ചിത്രത്തിലെ നീല നിറത്തിലുള്ള മൂടൽമഞ്ഞ് നക്ഷത്രങ്ങളുടെയും വാതകത്തിന്‍റെയും മിശ്രിതത്തെ പ്രതിനിധീകരിക്കുന്നു.

25 ദശലക്ഷം മുതൽ 75 ദശലക്ഷം വർഷങ്ങൾക്ക് മുമ്പാണ് പെൻഗ്വിൻ, എഗ് ഗാലക്സികൾ ആദ്യമായി സംയോജിക്കാന്‍ തുടങ്ങിയതെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്. അതിനുശേഷവും അവരുടെ ‘ആകാശ നൃത്തം’ തുടരുകയാണ്. ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് ശേഷം അവ ഒരു ഗാലക്സിയിൽ ലയിക്കും. ഈ സംയോജനം പെന്‍ഗ്വിന്‍ ഗാലക്സിയുടെ രൂപം മാറ്റുന്നുണ്ടെങ്കിലും എഗ് ഗാലക്സി അതേപടി തുടരുകയാണ്.

2021 ഡിസംബര്‍ 25 നാണ് ജെയിംസ് വെബ് ടെലസ്കോപ്പ് മിഴിതുറക്കുന്നത്. തൊട്ടടുത്തവര്‍ഷം 2022 ജൂലൈ 12 ന് ആദ്യത്തെ ചിത്രം പുറത്തുവിടുകയും ചെയ്തു. അതിന്‍റെ രണ്ടാം വാര്‍ഷികത്തിലാണ് പുതിയ ചിത്രം പുറത്തുവിടുന്നത്. ഇതിനകം ഗാലക്‌സികളെയും എക്സോപ്ലാനറ്റുകളുടെ അന്തരീക്ഷത്തിലെ തന്മാത്രകളെയും നക്ഷത്രങ്ങളുടെ വിസ്ഫോടനങ്ങളെയും കുറിച്ചുള്ള മനുഷ്യ നേത്രങ്ങള്‍ക്ക് അപ്രാപ്യമായ പ്രപഞ്ച രഹസ്യങ്ങളാണ് ടെലിസ്കോപ്പ് ഭൂമിയുമായി പങ്കിട്ടുകഴിഞ്ഞു. ഇവയാകട്ടെ ശാസ്ത്രലോകത്തിന് പുതിയ വെളിച്ചം പകരുന്നതിനൊപ്പം വരുംതലമുറകള്‍ക്കും ജ്യോതിശാസ്ത്രജ്ഞര്‍ക്കും പ്രചോദനമാകുന്നവയാണെന്നാണ് നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ പറയുന്നത്. കുറഞ്ഞത് 20 വർഷമെങ്കിലും വെബ് ടെലിസ്കോപ്പ് പ്രവർത്തിക്കുമെന്നാണ് കരുതുന്നത്. 

2013-ൽ ഹബിൾ ടെലിസ്കോപ്പും പെന്‍ഗ്വിന്‍– എഗ് ഗാലക്‌സികളെ ചിത്രീകരിച്ചിരുന്നു. എന്നാൽ വെബ് ടെലിസ്കോപ്പിന്‍റെ ചിത്രം കൂടുതല്‍ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്.

ENGLISH SUMMARY:

To celebrate second anniversary of NASA’s James Webb Space Telescope, NASA has released a image of two interacting galaxies: The Penguin and the Egg.