moon-general-12

TOPICS COVERED

ചന്ദ്രന്റെ ഉപരിതലത്തിനടിയില്‍ ഭാവിയില്‍ മനുഷ്യര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ഗുഹയുടെ സൂചനകള്‍ കണ്ടെത്തി ശാസ്ത്രലോകം. നീല്‍ ആംസ്ട്രോങ് ഇറങ്ങിയ ഇടത്തിന് സമീപമാണ് ഗുഹ കണ്ടെത്തിയത്. അപ്പോളോ 11 ലാന്‍ഡ് ചെയ്ത സ്ഥലത്ത് നിന്ന് 400 കിലോമീറ്റര്‍ ദൂരെയാണ് ഈ സ്ഥലം.

നാസയുടെ ലൂണാര്‍ റികനൈസന്‍സ് ഓര്‍ബിറ്ററാണ് സുപ്രധാന വിവരങ്ങള്‍ ശേഖരിച്ചത്. ചന്ദ്രനില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ള ഏറ്റവും വലിയ കുഴിയില്‍ നിന്ന് ഈ ഗുഹയിലേക്ക് പ്രവേശിക്കാന്‍ കഴിയും. 45 മീറ്റര്‍ വീതിയും 80 മീറ്റര്‍ വരെ നീളവുമുള്ള ഈ ഗുഹ ‘പ്രശാന്ത സമുദ്രം’ എന്നറിയപ്പെടുന്ന സ്ഥലത്തിന് സമീപമാണ്. 14 ടെന്നീസ് കോര്‍ട്ടുകള്‍ ഉള്‍ക്കൊള്ളാവുന്ന വിസ്തൃതിയുണ്ട് ഗുഹയ്ക്ക്.

ചന്ദ്രനിലെത്തുന്നവര്‍ക്ക് അവിടത്തെ പ്രതികൂല കാലാവസ്ഥകളില്‍ നിന്ന് രക്ഷ നല്‍കാന്‍ കഴിയുന്ന ഇടമാവാന്‍ ഈ ഗുഹയ്ക്ക് കഴിയുമെന്ന് ഇറ്റലിയിലെ ട്രെന്റോ സര്‍വകലാശാലയിലെ ലൊറെന്‍സോ ബ്രുസോണ്‍ പറയുന്നു. ശൂന്യമായ ലാവ ട്യൂബ് ആണ് ഈ ഗുഹ എന്നും അദ്ദേഹം അനുമാനിക്കുന്നു.

അപകടകാരികളായ കോസ്മിക് കിരണങ്ങള്‍, സൗരവികിരണങ്ങള്‍ എന്നിവയില്‍ നിന്ന് ബഹിരാകാശ സഞ്ചാരികളെ ഈ ഗുഹകള്‍ രക്ഷിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനുള്ളിലെ താപനിലയില്‍ വലിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നില്ല എന്നതും പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. നേച്ചര്‍ അസ്ട്രോണമിയിലാണ് ഇതുസംബന്ധിച്ച പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഇത്തരം ഗുഹകളിലെ കല്ലുകളെയും ഗവേഷകര്‍ പഠനവിധേയമാക്കുന്നുണ്ട്. ചന്ദ്രന്റെ രൂപപ്പെടലിലേക്ക് നയിച്ച ഘടകങ്ങള്‍, അഗ്നിപര്‍വത ചരിത്രം എന്നിവയിലേക്കും ഈ പഠനം വിരല്‍ചൂണ്ടുമെന്നാണ് കരുതുന്നത്.

ENGLISH SUMMARY:

This cave was found near the place where Neil Armstrong landed. This cave is 400 km from the Apollo 11 landing site