TOPICS COVERED

നാസയുടെ ബഹിരാകാശ പേടകം ബോയിങ് സ്റ്റാര്‍ലൈനറില്‍ ബഹിരാകാശത്തെത്തിയ  സുനിതാ വില്ല്യംസും ബച്ച് വിൽമോറും ഇപ്പോഴും ബഹിരാകാശത്ത് തുടരുകയാണ്. ഒന്‍പത്  ദിവസം മാത്രം നീണ്ടു നില്‍ക്കേണ്ടിയിരുന്ന ബഹിരാകാശ ദൗത്യം ഇപ്പോള്‍  50 ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. ദൗത്യത്തിനിടെയുണ്ടായ പേടകത്തിലെ ഹീലിയം വാതക ചോര്‍ച്ചയാണ് ഇവരുടെ മടക്കം അനിശ്ചിതത്വത്തിലാക്കിയത്. ജൂണ്‍ 14 ന് തിരിച്ചെത്തേണ്ടിയിരുന്ന ദൗത്യം പിന്നീട് ജൂണ്‍ 26 ലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ തകരാര്‍ പരിഹരിക്കാനാവാത്തതിനാല്‍ മടങ്ങി വരവ് വീണ്ടും വൈകുകയായിരുന്നു. ജൂണ്‍ ആറിനാണ് ഇരുവരും ബഹിരാകാശത്ത് എത്തിയത്. ദൗത്യം അനിശ്ചിതമായി തുടരുന്നതിനിടെ സുനിതാ വില്ല്യംസിന്‍റെ ആരോഗ്യ പ്രശ്നങ്ങളും വര്‍ധിക്കുന്നുവെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. മൈക്രോഗ്രാവിറ്റി കാരണം അസ്ഥിക്ഷയം സംഭവിക്കുന്നതാണ് സുനിത വില്യംസ് നേരിടുന്ന പ്രധാന പ്രശ്നം. 

ബഹിരാകാശ സഞ്ചാരികള്‍ നേരിടേണ്ടി വരുന്ന ആരോഗ്യ പ്രശ്നങ്ങള്‍ എന്തെല്ലാം?

ബഹിരാകാശത്തെ അന്തരീക്ഷം യാത്രികരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാമെന്ന് നേരത്തെ തന്നെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. മൈക്രോഗ്രാവിറ്റി, റേഡിയേഷന്‍ എക്‌സ്‌പോഷര്‍, പരിമിതമായ ജീവിത സാഹചര്യങ്ങള്‍, ഒറ്റപ്പെടല്‍ എന്നിവയാണ് ബഹിരാകാശ യാത്രക്കാര്‍ക്ക് നേരിടേണ്ടി വരുന്ന പ്രധാന വെല്ലുവിളി. മൈക്രോഗ്രാവിറ്റിയാലുണ്ടാകുന്ന ഫ്ലൂയിഡ് റീഡിസ്ട്രിബ്യൂഷനാണ് ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടത്.

ബഹിരാകാശത്ത് ഗുരുത്വാകര്‍ഷണ ശക്തി ഇല്ലാത്തതിനാല്‍ത്തന്നെ ഫ്ലൂയിഡ് ശരീരത്തിന്‌റെ മുകള്‍ഭാഗത്തേക്ക് മാറുകയും ഇത് മുഖത്തെ വീക്കത്തിനും കാലുകളിലും പാദത്തിലും ഫ്ലൂയിഡ് കുറയുന്നതിനും കാരണമാകും. ഫ്ലൂയിഡിലെ ഈ മാറ്റം രക്തത്തിന്‌റെ അളവ് കുറയുന്നതിനും രക്തസമ്മര്‍ദത്തിലെ വ്യതിയാനത്തിനും കാരണമാകും. കാലക്രമേണ ഇത് ഹൃദയത്തിന്‌റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ഭൂമിയിലേക്ക് മടങ്ങുമ്പോള്‍ ഓര്‍ത്തോസ്റ്റാറ്റിക് ഇന്‍ടോളറന്‍സിലേക്ക് എത്തിക്കുകയും ചെയ്യും. ഇതിന്‌റെ ഫലമായി ബഹിരാകാശ യാത്രികര്‍ക്ക് നില്‍ക്കുമ്പോള്‍ തലകറക്കമോ ബോധക്ഷയമോ അനുഭവപ്പെടാം.

മൈക്രോഗ്രാവിറ്റി  മസ്‌കുലോസ്‌കെലിറ്റല്‍ സിസ്റ്റത്തെയും സാരമായി ബാധിക്കുന്നു. ഇത് പേശികളുടെ ക്ഷയത്തിനും എല്ലുകളുടെ സാന്ദ്രത നഷ്ടമാകുന്നതിനും കാരണമാകുന്നു. അതു കൊണ്ടു തന്നെ ഇത് ബഹിരാകാശ യാത്രികരുടെ മസില്‍–പ്രത്യേകിച്ച് ശരീരത്തിന്‌റെ കീഴ്ഭാഗത്തെയും പുറകുവശത്തെയും മസിലുകളുടെ മാസ് കുറയാന്‍ കാരണമാകുന്നു. ഇത് ശരീരഭാരം താങ്ങാന്‍ കഴിയാത്ത അവസ്ഥ സൃഷ്ടിക്കുന്നു. കൂടാതെ  മെക്കാനിക്കല്‍ ലോഡിങ് കുറയുന്നതിനാല്‍ എല്ലുകള്‍ക്ക് ധാതുക്കളുടെ നഷ്ടം ഉണ്ടാകുകയും ഇത് ഭൂമിയിലെ ഒസ്റ്റിയോപൊറോസിസിന് സമാനമായ അവസ്ഥ ഉണ്ടാക്കുകയും ചെയ്യുന്നു.

ഫ്ലൂയിഡിന്റെ വിതരണത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ യൂറിനറി സിസ്റ്റത്തെയും ബാധിക്കാം. ബഹിരാകാശ യാത്രികര്‍ക്ക് മൂത്രത്തില്‍ കാല്‍സ്യം അടിഞ്ഞുകൂടി വൃക്കയില്‍ കല്ല് രൂപപ്പെടാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ മൈക്രോഗ്രാവിറ്റിയിലെ ഉപാപചയ പ്രവര്‍ത്തനങ്ങളിലുണ്ടാകുന്ന വ്യത്യാസം പോഷകങ്ങളുടെ ആഗിരണത്തെയും ഉപയോഗത്തെയും ബാധിക്കാം. 

ഗുരുത്വാകര്‍ഷണത്തിന്‌റെ അഭാവം സെന്‍സറി ഇന്‍പുട്ടില്‍ മാറ്റം വരുത്തുന്നു. ഇത് ശരീരത്തിന്‌റെ പൊസിഷന്‍ നിലനിര്‍ത്താനുള്ള സ്വാഭാവിക കഴിവ്, സന്തുലനം, കണ്ണു കൈകളും തമ്മിലുള്ള കോര്‍ഡിനേഷന്‍ എന്നിവയില്‍ മാറ്റം വരുത്തും. ചില ബഹിരാകാശ സഞ്ചാരികള്‍ക്ക് ഓക്കാനം, ഛര്‍ദി തുടങ്ങിയ ലക്ഷണങ്ങളോടെ ഭ്രമണപഥത്തിലെ ആദ്യ കുറച്ച് ദിവസങ്ങളില്‍ സ്‌പേസ് മോഷന്‍ സിക്ക്‌നസ്(എസ്എംഎസ്) അനുഭവപ്പെടാം. പുതിയ പരിസ്ഥിതിയുമായി പൊരുത്തപ്പെടുന്നതനുസരിച്ച് ഇതില്‍ വ്യത്യാസം വരാം.

മടങ്ങി വരവ് വൈകുന്നത് കാരണം വര്‍ധിക്കാവുന്ന ആരോഗ്യ പ്രശ്നങ്ങള്‍

ഫ്ലൂയിഡ് ഇമ്പാലന്‍സ് കടുത്ത നിർജ്ജലീകരണത്തിനും  അല്ലെങ്കിൽ അമിതഭാരത്തിനും കാരണമാകുന്നു.

പേശികള്‍ക്കും അസ്ഥികള്‍ക്കും ക്ഷയം സംഭവിക്കുന്നു.

ഫ്ലൂയിഡ് റീഡിസ്ട്രിബൂഷന്‍ മുഖത്തെയും തലയോട്ടിയിലെയും വീക്കം വര്‍ധിപ്പിക്കുന്നു. ചിന്തിക്കാനും ഓര്‍മിക്കാനും തീരുമാനമെടുക്കാനുവുള്ള കഴിവുകളെ ബാധിക്കുന്നു.

ഒറ്റപ്പെടൽ, ഉയർന്ന അപകടസാധ്യതയുള്ള അന്തരീക്ഷം എന്നിവ മാനസിക സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നു.

കോസ്മിക് റേഡിയേഷന്‍ കാന്‍സറിന് വരെ കാരണമാകാം.

പ്രതിരോധശേഷി ദുര്‍ബലമാകുന്നതിനാല്‍ അണുബാധതയുടെ സാധ്യത വര്‍ധിക്കുന്നു.

ENGLISH SUMMARY:

Health risks loom for Sunita Williams as return delays over a month