ഭൂമി ഒരു പമ്പരമാണ്. സ്വയം തിരിയുന്ന ഭീമൻ പമ്പരം. ഈ കറക്കത്തിനിടെ രാവുംപകലും പിറക്കുന്നു. മാനത്ത് സൂര്യചന്ദ്രബിംബങ്ങൾ മിന്നിമറയുന്ന ദിനത്തിന് 24 മണിക്കൂർ നീളം. എന്നാൽ ഈ സമയക്രമം ഭാവിയിൽ
പഴങ്കഥയാകും. ഒന്നിനും സമയം തികയുന്നില്ലെന്ന പരാതിക്കും പരിഹാരമായേക്കും. പുതിയ പഠനറിപ്പോര്‍ട്ട് തെളിയിക്കുന്നത് ഇതാണ്. ചന്ദ്രന്‍ ഭൂമിയുമായുള്ള ബന്ധം അല്‍പാല്‍പമായി കുറയ്ക്കുന്നുവെന്നാണ് പഠനം. അതായത് പ്രതിവര്‍ഷം 3.8സെൻ്റീമിറ്റർ എന്ന തോതില്‍... ചന്ദ്രൻ അകലുന്നുവെന്ന കാര്യം നേരത്തേ കണ്ടെത്തിയതാണ്. എന്നാൽ ഇത് ഭൂമിയുടെ കറക്കം പതുക്കെയാക്കുമെന്നും ദിവസങ്ങളുടെ, സമയങ്ങളുടെ ദൈര്‍ഘ്യത്തെ ബാധിക്കുമെന്നതുമാണ് പുതിയവസ്തുത.
മാമുണ്ണാത്ത കുരുന്നിനെ അമ്പിളിമാമനെ കാണിച്ചൂട്ടുന്ന സന്ധ്യകൾ വൈകിയേക്കും. കവികള്‍ക്കു വരികളെഴുതാന്‍ നിലാവെട്ടം മതിയായേക്കില്ല. നൂറ്റാണ്ടുകളായുള്ള ശീലങ്ങളും രീതികളും മാറിവരുമെന്നാണ് ഈ പഠനറിപ്പോര്‍ട്ട് വെളിവാക്കുന്നത്. ശാസ്ത്രീയ നിരീക്ഷണത്തിലൂടെയും ഗവേഷണത്തിലൂടെയുമാണ് ഇങ്ങനൊരു അകല്‍ച്ച വിദഗ്ധരുടെ ശ്രദ്ധയില്‍പ്പെട്ടത്. വിസ്കോൺസിൻ-മാഡിസൺ സർവ്വകലാശാലയിലെ ഒരു സംഘം നടത്തിയ പഠനത്തിലൂടെയാണ് ഭൂമിയെ ചന്ദ്രൻ ക്രമാനുഗതമായി വേർപെടുത്തുന്ന കാര്യം ഉറപ്പിച്ചത്.
പ്രതിവർഷ അകല്‍ച്ച ഒരു ചെറുവിരൽ നീളത്തിലാണെങ്കിലും, അത് ദിവസങ്ങളുടെ നീളത്തെ സ്വാധീനിക്കാന്‍പോന്ന മാറ്റമാണ്. പക്ഷേ അതത്ര വേഗത്തില്‍ സംഭവിക്കുന്നതല്ല. 200 ദശലക്ഷം വർഷത്തിനുള്ളിൽ 25 മണിക്കൂർ നീണ്ടുനിൽക്കുന്ന ദിവസങ്ങളുണ്ടായേക്കും. 1.4 ബില്യൺ വർഷങ്ങൾക്ക് മുമ്പ്, ഭൂമിയിലെ ഒരു ദിവസം 18 മണിക്കൂറായിരുന്നുവെന്നും പഠനം വ്യക്തമാക്കുന്നു.
അമ്പിളി അകലുമ്പോൾ പ്രതിപ്രവർത്തനമായി ഭൂമിയുടെ വേഗത കുറയുന്നുവെന്നാണ് വിസ്കോൺസിൻ-മാഡിസൺ സർവകലാശാലയിലെ ജിയോസയൻസ് പ്രൊഫസറായ സ്റ്റീഫൻ മേയേഴ്‌സ് പറയുന്നത്. ഭൂമിയും ഒരേയൊരു ഉപഗ്രഹമായ ചന്ദ്രനും തമ്മിലുള്ള ഗുരുത്വാകർഷണ ഇടപെടലുകളാണ് ഈ പ്രതിഭാസത്തിന് പ്രാഥമികമായി കാരണമാകുന്നത്.
നിലവില്‍ ചന്ദ്രന്റെ നില്‍പ് വലിയ ചാഞ്ചാട്ടമില്ലാത്തതാണെന്നും പഠനം വ്യക്തമാക്കുന്നു.
പണ്ടുകാലത്ത് ക്ലോക്കും വാച്ചും ഉപയോഗിച്ചല്ല മറിച്ച് ജ്യോതിശാസ്ത്രമാണ് സമയമറിയാന്‍ ഉപയോഗിച്ചുവന്നത്. സൂര്യന്റെയും ചന്ദ്രന്റെയും സ്ഥാനം കണ്ട് നേരങ്ങള്‍ പറഞ്ഞ മുതുമുത്തശ്ശന്‍മാര്‍ നമുക്കുണ്ട്. ഇന്നും നിഴല്‍ നോക്കിയും വെയില്‍ നോക്കിയും മണിക്കൂറും മിനിറ്റും പറയുന്നവരുണ്ട്. ചന്ദ്രന് ഭൂമിയോടുള്ള ഈ പിണക്കം പുതിയതല്ല, പതിറ്റാണ്ടുകളായി ചര്‍ച്ചയിലുണ്ട്. പുരാതനകാലത്തെ രൂപങ്ങളും പാറകളും അവശേഷിപ്പുകളും പഠിച്ച് ഗവേഷകര്‍ മനസിലാക്കിയ സത്യമാണിത്. ഇതിന് കൂടുതൽ വ്യക്തത വരുത്തുകയാണ് നിർമ്മിത ബുദ്ധിയുടെ ഈ കാലഘട്ടം.
ഭൂമി ഒരു യാത്രക്കാരിയാണ്. സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന സഞ്ചാരി. ഈ പരിക്രമണത്തിനിടെ വർഷം പിറക്കുന്നു. മുന്നൂറ്റി അറുപത്തഞ്ചേകാൽ ദിനം കൊണ്ട് പൂർത്തിയാക്കുന്ന ഭ്രമണവട്ടം. ദിവസത്തിന് നീളമേറുമ്പോൾ വർഷവും നീളും. എങ്കിലും ചങ്കായ ചന്ദ്രന് അകലാതെ വയ്യ... അതാണ് സൗരയൂഥത്തിൻ്റെ സത്യം.