ബഹിരാകാശ നിലയത്തിൽ നിന്ന് സുനിതാ വില്യംസും ബച്ച് വിൽമോറും എന്ന് തിരിച്ചെത്തുമെന്നതിൽ ആശങ്ക തുടരുകയാണ്. ജൂൺ ആറിന് ബഹിരാകാശത്തെത്തിയ ഇരുവരും എട്ട് ദിവസത്തെ ദൗത്യത്തിന് ശേഷം ജൂൺ 14ന് തിരിച്ചത്തേണ്ടതായിരുന്നു. ബോയിങിന്റെ സ്റ്റാർലൈനർ പേടകത്തിൻറെ തകരാറ് കാരണം രണ്ട് മാസത്തിലധികമായി ബഹിരാകാശ നിലയത്തിൽ തുടരുകയാണ് ഇരുവരും. സുനിത വില്യംസിനെയും ബുച്ച് വിൽമോറെയും രക്ഷിക്കാൻ ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയ്ക്ക് സാധിക്കുമോ? ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് വിഷയം വിശദീകരിക്കുകയുണ്ടായി.
നിലവിൽ നേരിട്ടുള്ള സഹായം ചെയ്യാൻ ഐഎസ്ആർഒയ്ക്ക് സാധിക്കില്ലെന്നാണ് എസ്. സോമനാഥ് പറയുന്നത്. ബഹിരാകാശ നിലയത്തിലേക്ക് പോകാൻ സാധിക്കുന്ന വാഹനം കയ്യിലില്ലാത്തതിനാൽ, അവിടെ പോയി ഇരുവരെയും രക്ഷിക്കാൻ സാധിക്കില്ലെന്നാണ് അദ്ദേഹം ഈയിടെ ഒരു പോഡ്കാസ്റ്റിൽ പറഞ്ഞത്. നിലവിൽ അമേരിക്കയ്ക്കും റഷ്യയ്ക്കും മാത്രമെ ഇരുവരെയും സഹായിക്കാൻ സാധിക്കുകയുള്ളൂ. യുഎസിന്റെ കയ്യിൽ ക്രൂ ഡ്രാഗൺ പേടകമുണ്ട്. റഷ്യയുടെ പക്കൽ അവരെ കൊണ്ടുവരാൻ കഴിയുന്ന സോയൂസ് ഉണ്ട്. ഇവയിലൊന്നിൽ മാത്രമേ അവരെ രക്ഷിക്കാൻ കഴിയൂ എന്നും എസ് സോമനാഥ് പറഞ്ഞു. സ്റ്റാർലൈനറിനും ബഹിരാകാശ യാത്രികർക്കും നിലവിൽ ഗുരുതരമായ പ്രശ്നങ്ങളൊന്നുമില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബോയിങ് സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിന്റെ സാങ്കേതിക പ്രശ്നമാണ് തിരിച്ചുവരവിന് തടസമാകുന്നത്. പേടകത്തിൻറെ 28 മനൂവറിംഗ് ത്രസ്റ്ററുകളിൽ അഞ്ചെണ്ണത്തിന് തകരാറുണ്ടായി. ഇതോടെ മടക്കയാത്ര അനിശ്ചിതത്വത്തിലായി. 14 മനൂവറിംഗ് ത്രസ്റ്ററുകളുടെ സഹായത്തോടെ മാത്രമേ പേടകത്തിന് സുരക്ഷിതമായി ഭൂമിയിൽ എത്താൻ കഴിയൂ. പേടകത്തിൻറെ സഞ്ചാരം സുഗമമാക്കാനും ദിശമാറ്റാനുമാണ് ഇവ ഉപയോഗിക്കുന്നത്.